Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് തിരഞ്ഞെടുപ്പ്: വോട്ടുരസീത് എണ്ണണമെന്ന കോൺഗ്രസിന്റെ ആവശ്യം തള്ളി

India Election

ന്യൂഡൽഹി∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുരസീത് (വിവിപാറ്റ്) എണ്ണണമെന്ന കോൺഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിൽ കൈകടത്താൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹ‍‌ർജി തള്ളിയത്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ആർക്കാണ് വോട്ട് ചെയ്തതെന്ന് കാണിക്കുന്ന രസീത് ലഭിക്കുന്ന സംവിധാനമാണ് വിവിപാറ്റ്. വോട്ടിനൊപ്പം 20 ശതമാനം വോട്ട് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടാണു കോൺഗ്രസ് കോടതിയെ സമീപിച്ചത്. 10 ശതമാനമെങ്കിലും എണ്ണണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോടതി ചെവികൊണ്ടില്ല.

വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താമെന്നു പറയുന്നതിനുള്ള വിശദീകരണവും തെളിവും എന്താണെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പ് പരിഷ്കരണത്തെപ്പറ്റിയുള്ള സംവാദങ്ങൾ ഇപ്പോഴത്തെ നടപടിക്രമങ്ങൾ പൂ‌‍ർത്തിയായശേഷം നടത്താം. നിലവിലെ ഹർജി പിൻവലിക്കാൻ അനുവദിച്ച കോടതി, കോൺഗ്രസിന് പിന്നീട് തിരഞ്ഞെടുപ്പ് പരിഷ്കരണ ഹർജി നൽകാമെന്നും അറിയിച്ചു.

ഗുജറാത്ത് പിസിസി സെക്രട്ടറി വ്യക്തിപരമായി ഹർജി നൽകിയതിനെയും കോടതി വിമർ‌ശിച്ചു. എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കൾക്കു പകരം പാർട്ടികൾ നേരിട്ട് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാത്തതെന്നും കോടതി ചോദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പൂർ‌ത്തിയായതിനു തൊട്ടുപിന്നാലെയാണ് വിവിപാറ്റ് എണ്ണണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവച്ചത്.