Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ ബന്ധിപ്പിക്കലിനു സ്റ്റേ ഇല്ല; മാർച്ച് 31വരെ സമയം നൽകി സുപ്രീംകോടതി

Aadhar Card

ന്യൂഡൽഹി∙ വിവിധ സർക്കാർ സേവനങ്ങൾക്ക് ആധാർ നമ്പർ ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനു സ്റ്റേ ഇല്ല. കേസ് പരിഗണിച്ച സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി നൽകി ഇടക്കാല ഉത്തരവിറക്കി. കേസിൽ ജനുവരി 17 മുതൽ വിശദമായ വാദം കേൾക്കുമെന്നു ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ചീഫ് ജസ്‌റ്റിസിനു പുറമേ, ജഡ്‌ജിമാരായ എ.കെ.സിക്രി, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരുമുൾപ്പെട്ട ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.

ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ആധാർ കൈവശമില്ലെങ്കിൽ ആധാരിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കാനുള്ള രേഖകൾ സമർപ്പിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. നിലവിൽ അക്കൗണ്ടുള്ളവർ‌ മാർച്ച് 31നകം ഇത് ആധാറുമായി ബന്ധിപ്പിക്കണം. ഫെബ്രുവരി ആറുവരെയാക്കിയിരുന്ന മൊബൈൽ നമ്പർ – ആധാർ ബന്ധിപ്പിക്കൽ തീയതിയും മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, പാൻ കാർഡ്, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്കാണ് കേന്ദ്രസർക്കാർ ആധാർ നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കിയത്. ഇതു ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

ആധാർ നമ്പറും പാൻ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാർച്ച് 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ ലഭ്യമാക്കണമെന്നുമാണു സർക്കാർ അറിയിച്ചത്. ബോർഡ് പരീക്ഷകൾ, സ്കോളർഷിപ്പ്, ഉച്ചഭക്ഷണ പദ്ധതി, സംസ്കാരം, ഉന്നതപഠനം, യുജിസി പരീക്ഷകൾ ഇവയ്ക്കെല്ലാം തന്നെ ആധാർ നിർബന്ധമാക്കിയിരുന്നു.