Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെറ്റ് ന്യൂട്രാലിറ്റിയെ തകർത്ത് യുഎസ്; ട്രംപിനെ പിന്താങ്ങിയ ഇന്ത്യൻ വംശജന് വിമർശനം

Net-Neutrality-US

വാഷിങ്ടൻ∙ ഇന്റർനെറ്റ് സേവനങ്ങൾ എല്ലാവർക്കും ഒരേപോലെ ലഭ്യമാക്കണമെന്ന ആശയത്തിന്റെ കടയ്ക്കൽ കത്തിവച്ച് യുഎസ്. നെറ്റ് നിഷ്പക്ഷത (ഇന്റർനെറ്റ് ന്യൂട്രാലിറ്റി)യിൽ ഇന്ത്യ ലോകത്തിനു മാതൃകയാകുമ്പോഴാണ് തികച്ചും ജനകീയ വിരുദ്ധമെന്ന് വലിയൊരു വിഭാഗം ജനങ്ങൾ അഭിപ്രായപ്പെടുന്ന നീക്കത്തിന് യുഎസ് തയാറായത്. ഇന്ത്യൻ വംശജനായ വ്യക്തിയാണ് ഇക്കാര്യത്തിൽ പ്രസിഡന്റ് ട്രംപിനു വേണ്ടി മുന്നിൽ നിന്നത്.

2015ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് രാജ്യത്തു കൊണ്ടുവന്ന ഇന്റർനെറ്റ് ന്യൂട്രാലിറ്റിയെ ഇല്ലാതാക്കിയ ട്രംപിന്റെ നടപടി വൻവിമർശനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു.വെറൈസണും കോംകാസ്റ്റും ഉൾപ്പെടെയുള്ള ടെലികോം ഭീമന്മാർക്കു വേണ്ടിയാണു നയംമാറ്റമെന്നാണു പ്രധാന വിമർശനം.  അതേസമയം ഒബാമയുടെ കാലത്തെ നെറ്റ് ന്യൂട്രാലിറ്റി നയം പിൻവലിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. സ്വതന്ത്രവും സുതാര്യവുമായ ഇന്റർനെറ്റിനെ പിന്തുണയ്ക്കുന്നതായും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.

പിടിമുറുക്കും വൻകിട കമ്പനികൾ

ഇനി മുതൽ സർവീസ് പ്രൊവൈഡർമാർക്ക് തോന്നിയതു പോലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാം. കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ സേവനങ്ങളും പ്രത്യേക പാക്കേജും കൂടിയ ഇന്റർനെറ്റ് സ്പീഡും ഉൾപ്പെടെ ലഭ്യമാക്കുന്ന രീതിയാകുന്നതോടെ ഇന്റർനെറ്റ് തുല്യത എന്ന ആശയത്തിനാണ് യുഎസിൽ വിലങ്ങു വീഴുന്നത്. പണം നൽകുന്നതിനനുസരിച്ചു മാത്രം ചില വെബ്സൈറ്റുകളുടെ സേവനം ലഭ്യമാകുന്ന അവസ്ഥയും വരും.

സർവീസ് പ്രൊവൈഡർമാർക്കു പണം നൽകാത്ത ഗൂഗിൾ പേജ് തുറന്നു വരണമെങ്കിൽ ഏറെ സമയമെടുക്കുകയും പണം നൽകിയ കമ്പനികളുടെ വെബ്സൈറ്റ് നിമിഷനേരം കൊണ്ട് തുറന്നുവരികയും ചെയ്യുന്ന അവസ്ഥയെ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ഇന്റർനെറ്റ് റീചാർജ് ചെയ്താലും മറ്റ് അനുബന്ധ സേവനങ്ങൾക്ക് ഓരോന്നിനും പ്രത്യേകം പണം നൽകേണ്ട അവസ്ഥയും വരും. 

ഉപഭോക്തൃ വിരുദ്ധവും വൻകിട കോർപറേറ്റ് കമ്പനികളെ സഹായിക്കുന്ന നീക്കവുമാണിതെന്നാണ് ആരോപണം. ഇതേ പ്രശ്നം ഇന്ത്യയിൽ ചുവടുറപ്പിക്കുന്നുവെന്നു കണ്ടതോടെ നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കാൻ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യത്ത് നിർണായക ഇടപെടലുണ്ടായിരുന്നു. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കി ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യ ലോകത്തിനു മുന്നിൽ വച്ചിരിക്കുന്നത്. ‌

എന്നാൽ യുഎസിൽ ഇന്ത്യന്‍ വംശജനായ അജിപ് പൈ ആണ് ട്രംപിനു വേണ്ടി നെറ്റ് ന്യൂട്രാലിറ്റിയെ തകർക്കുന്ന നീക്കം നടത്തിയത്. അജിത് അധ്യക്ഷനായുള്ള ഫെഡറൽ കമ്യൂണിക്കേഷൻ കമ്മിഷൻ(എഫ്‌സിസി) മുന്നോട്ടു വച്ച നിർദേശം 3–2 വോട്ടിനു പാസ്സാക്കുകയായിരുന്നു. റിപ്പബ്ലിക്കുകൾക്കു ഭൂരിപക്ഷമുള്ള കമ്മിഷനിൽ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ ഇതിങ്ങനെത്തന്നെയാകുമെന്ന് നേരത്തേത്തന്നെ വ്യക്തമായതാണ്. ഇന്ത്യയിലെ ട്രായ്ക്കു തുല്യമാണ് യുഎസിൽ എഫ്സിസി.

Ajit Pai അജിത് പൈ

ഇന്ത്യയിൽ പെട്രോൾ - ഡീസൽ വില നിർണയിക്കുന്ന ജോലി സർക്കാർ അവസാനിപ്പിച്ച് അത് പെട്രോളിയം കമ്പനികളെ ഏൽപിച്ചപ്പോൾ പെട്രോളിനും ഡീസലിനും സംഭവിച്ചതെന്തോ അതാണ് ഇനി യുഎസിലെ ഇന്റർനെറ്റിന് സംഭവിക്കാൻ പോകുന്നത്. ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ വേണമെന്ന കാര്യത്തിൽ എഫ്‌സിസിയുടെ ഇടപെടൽ ഇനി ഉണ്ടാവില്ല. 

എല്ലാം സുതാര്യതയ്ക്കു വേണ്ടി!!

20 വർഷത്തോളം രാജ്യത്തെ ഇന്റർനെറ്റിന്റെ മികച്ച വളർച്ചയ്ക്കും സുതാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട ചട്ടക്കൂടിലേക്കു വീണ്ടും തിരിച്ചു വരികയാണെന്നാണ് വോട്ടെടുപ്പിനു ശേഷം എഫ്സിസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. നിയമപരമായും സാമ്പത്തികപരമായുമുണ്ടായേക്കാവുന്ന അനന്തരഫലങ്ങൾ പരിശോധനകൾക്കു വിധേയമാക്കിയാണ് 2015ലെ ചട്ടക്കൂട് ഇല്ലാതാക്കിയത്. ഉപഭോക്താക്കളുടെ അഭിപ്രായവും തേടി. നിലവിലുണ്ടായിരുന്ന നിയന്ത്രണം ഏറെ ചെലവേറിയതായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു.

നെറ്റ് ന്യൂട്രാലിറ്റി വിഷയത്തിൽ 2015വരെ രാജ്യത്തുണ്ടായിരുന്ന ചട്ടക്കൂട് തുടരാനാണു തീരുമാനം. നടപടിക്രമങ്ങളെല്ലാം ഏറെ സുതാര്യമായിരിക്കുമെന്നാണ് സർക്കാർ ഇതിനെ ന്യായീകരിച്ചു പറയുന്നത്. ഇത് ഉപഭോക്താക്കൾക്കും അവശ്യസമയത്ത് സർക്കാരിനും നിരീക്ഷണത്തിന് സഹായകരമാകുന്ന വിധത്തിലായിരിക്കും. ഉപഭോക്തൃ വിരുദ്ധമായ നീക്കമുണ്ടായാൽ കമ്പനികൾക്കെതിരെ ഫെഡറൽ ട്രേഡ് കമ്മിഷന് ഇടപെടാനും സാധിക്കും. 

കനത്ത വിമർശനം

‘ഫ്രീ ആൻഡ് ഓപ്പൺ ഇന്റര്‍നെറ്റിന്’ കനത്ത തിരിച്ചടിയാണ് എഫ്സിസി തീരുമാനമെന്നും ഇത് തികച്ചും ഉപഭോക്തൃ വിരുദ്ധമാണെന്നും ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി ആരോപിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാനോ സാങ്കേതിക വിദഗ്ധരുമായി ചർച്ച നടത്താനോ തയാറാകാതെയാണ് പുതിയ നയം നടപ്പിലാക്കുന്നത്.

നെറ്റ് ന്യൂട്രാലിറ്റി എടുത്തു കളയാനുള്ള എഫ്‌സിസിയുടെ നിലപാടിനെക്കുറിച്ച് എഫ്‌സിസി വെബ്സൈറ്റിലുള്ള കമന്റുകളിൽ എഫ്‌സിസിക്ക് അനുകൂലമായുള്ള പത്തു ലക്ഷം കമൻറുകൾ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ എഫ്സിസി മറുപടി പറയാത്തതിനെയും നാൻസി വിമർശിച്ചു.

നാച്ചുറൽ ലാംഗ്വേജ് പ്രൊസസ്സിങ് വഴി നടത്തിയ പഠനത്തിൽ വെബ്സൈറ്റിലെ പത്തു ലക്ഷം കമന്റുകളും കംപ്യൂട്ടർ പ്രോഗ്രാമുകൾ എഴുതിയതാണെന്നാണു കണ്ടെത്തിയത്. അവശേഷിക്കുന്ന കമന്റുകൾ 99 ശതമാനവും യഥാർഥ അളുകൾ എഴുതിയതാണ്. അവയാകട്ടെ ഇന്റർനെറ്റ് സമത്വം നിലനിർത്തണമെന്ന് അപേക്ഷിക്കുന്നവയും. 

മാതൃകയായി ഇന്ത്യ

ഇന്റർനെറ്റ് സേവന ദാതാക്കൾ ഇന്റർനെറ്റ് ഉള്ളടക്കകാര്യത്തിൽ വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്നതു നിയന്ത്രിക്കണമെന്നു ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) കഴിഞ്ഞ മാസമാണു നിലപാടെടുത്തത്. നെറ്റ് നിഷ്പക്ഷതാ വിഷയത്തിലെ ശുപാർശകളിലാണ് ട്രായ് ഇക്കാര്യം വിശദമാക്കിയത്. ഇന്റർനെറ്റ് ഉള്ളടക്കങ്ങൾ വിവേചനപരമായി ബ്ലോക്ക് ചെയ്യുക, വേഗം നിയന്ത്രിക്കുക തുടങ്ങിയ വിവേചനപരമായ നടപടികൾക്കാണ് നിയന്ത്രണം.

ഏതെങ്കിലും വെബ്സൈറ്റുകൾക്കു പ്രത്യേക പരിഗണന നൽകുകയോ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യുക, വോയ്സ് കോൾ സൗകര്യത്തിനു തടസ്സം സൃഷ്ടിക്കുക തുടങ്ങിയ നടപടികൾ സേവന ദാതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലെന്നാണ് ട്രായ് നിലപാട്. ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിനായി ഇന്റർനെറ്റ് സേവന ദാതാക്കൾ, ഉള്ളടക്ക ദാതാക്കൾ, പൗര സംഘടനകൾ, ഉപഭോക്തൃ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതിയെ നിയോഗിക്കാനും ട്രായ് ശുപാർശ ചെയ്തു.

വിവേചനപരമായ കരാറുകളിൽ ഏർപ്പെടുന്ന സേവന ദാതാക്കളെ നിയന്ത്രിക്കുന്നതിനായി ലൈസൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നിർദേശിച്ചു.