Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന് ഇനി യുവനേതൃത്വം; രാഹുൽ ഗാന്ധി സ്ഥാനമേറ്റു

Rahul-Gandhi-President തിരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിനു കൈമാറിയപ്പോൾ. എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം.

ന്യൂഡൽഹി ∙ കോൺഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷപദമേറ്റെടുത്തു. തിരഞ്ഞെടുപ്പ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പു ഫലം രേഖപ്പെടുത്തിയ സാക്ഷ്യപത്രം രാഹുലിനു കൈമാറിയതോടെയാണ് രാഹുൽ ഔദ്യോഗികമായി അധ്യക്ഷപദമേറ്റത്.

സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധി, രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി, ഭർത്താവ് റോബർട്ട് വാധ്‌ര തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോൺഗ്രസിന്റെ പതിനേഴാം പ്രസിഡന്റാണ് നാൽപ്പത്തിയേഴുകാരനായ രാഹുൽ ഗാന്ധി. രാഹുലിനെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ പ്രമുഖരുടെ നിരയാണ് എഐസിസി ആസ്ഥാനത്തെത്തിയത്.

രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലെത്തുന്നതോടെ 19 വർഷം നീണ്ടുനിന്ന സോണിയ യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്. 132 വർഷം പാരമ്പര്യമുള്ള പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ചത് ഈ വനിതയായിരുന്നു. നാലു ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കും ഒട്ടേറെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും പാർട്ടിയുടെ വലിയ വിജയങ്ങൾക്കും പരാജയങ്ങൾക്കുമെല്ലാം 1998നു ശേഷമുള്ള സോണിയാകാലഘട്ടം സാക്ഷിയാണ്.

പരാജയത്തിന്റെ പടുകുഴിയിൽനിന്ന് രാജ്യത്തെ ഉയർത്തിക്കൊണ്ടുവന്ന സോണിയ അധികാരത്തിലെ തന്റെ അവസാനകാലത്ത് കാഴ്ചക്കാരിയായത് അന്നത്തെ അതേ പതനത്തിനു തന്നെയാണ്. കോൺഗ്രസിന്റെ ഇന്നത്തെ തകർച്ചയിൽനിന്ന് പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ രാഹുലിന് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് രാജ്യമെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകർ.

രാഹുൽ ഗാന്ധി

∙ ജനനം: 1970 ജൂൺ 19

∙ 1994: ബിഎ(കോളിൻസ് കോളജ്, ഫ്ളോറിഡ)

∙ 1995: എംഫിൽ (ട്രിനിറ്റി കോളജ്, കേംബ്രിഡ്ജ്)

∙ 2004 അമേത്തിയിൽ നിന്ന് ലോക്സഭയിലേക്കു ജയം.

∙ 2007 – 2013 എഐസിസി ജനറൽ സെക്രട്ടറി.

∙ 2009 – അമേത്തിയിൽ നിന്ന് രണ്ടാം ജയം. 2013 മുതൽ എഐസിസി വൈസ് പ്രസിഡന്റ്.

∙ 2014 – അമേത്തിയിൽ നിന്ന് മൂന്നാം ജയം.

∙ 2017 – കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.