Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനങ്ങളാണ് രാഹുലിനെ ശക്തനാക്കിയത്, ഇത് പുതിയ തുടക്കം: സോണിയ

Sonia Gandhi

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ സ്ഥാനമേറ്റെടുക്കൽ പുതിയ കാലത്തിന്റെ തുടക്കമെന്ന് സോണിയ ഗാന്ധി. കോൺഗ്രസിന്റെ അധ്യക്ഷപദവിയേറ്റെടുത്ത് ആദ്യ പ്രസംഗം നടത്തിയപ്പോൾ എന്റെ കൈകൾ വിറയ്ക്കുകയായിരുന്നു. ചരിത്രപരമായ ഒരു ദൗത്യമായിരുന്നു എന്റെ കൈകളിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി തന്നെ ഒരു മകളപ്പോലെയാണു സ്നേഹിച്ചത്. അവരിൽനിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

1984ൽ ഇന്ദിരാജി കൊല്ലപ്പെട്ടപ്പോൾ സ്വന്തം അമ്മയെ നഷ്ടപ്പെട്ടതുപോലെയായിരുന്നു എനിക്ക്. ആ സംഭവമാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾക്കിടയാക്കിയത്. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി നടത്തി. രാജീവ് ജി പ്രധാനമന്ത്രി പദമേറ്റെടുത്തതോടെ വലിയ ഉത്തരവാദിത്തമാണുണ്ടായത്. പിന്നീട് അദ്ദേഹവും കൊല്ലപ്പെട്ടു. മക്കളെ വളർത്തി വലുതാക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ വർഗീയശക്തികൾ നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ ആരംഭിച്ചതോടെ ലക്ഷക്കണക്കിനു കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യത്തിനു ഞാൻ കാതുകൊടുക്കുകയായിരുന്നു. ഇന്ദിരാജിയുടെയും രാജീവ് ജിയുടെയും പാരമ്പര്യം കാത്തുസൂക്ഷിക്കാൻ എനിക്ക കടമയുണ്ടായിരുന്നു.

ഞാൻ അധ്യക്ഷ സ്ഥാനത്തെത്തുമ്പോൾ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചിരുന്നത്. നമ്മുടെ മൂല്യങ്ങളിൽ അടിയുറച്ചുനിന്നാണ് കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുത്തത്. കോൺഗ്രസ് പ്രവർത്തകർ എന്റെ സഹപ്രവർത്തകർ മാത്രമല്ല വഴികാട്ടികളും കൂടിയാണ്. ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനാണു നമ്മുടെ പോരാട്ടം. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഭയത്തിന്റെ അന്തരീക്ഷമാണു രൂപം കൊണ്ടിരിക്കുന്നത്. ഏതു തരത്തിലുമുള്ള ത്യാഗത്തിനും കോൺഗ്രസ് തയാറാണ്. യുവ രാജ്യമായ നമുക്ക് യുവനേതൃത്വമാണു വേണ്ടത്. രാഹുൽ എന്റെ മകൻ കൂടിയാണ്. അതുകൊണ്ടുതന്നെ രാഹുലിനെ അഭിനന്ദിക്കുന്നത് അത്ര അനുയോജ്യമല്ല. എന്നാൽ അവൻ രാഷ്ട്രീയത്തിലാണ്. അവനെതിരെ ഉയർന്നുവന്ന വിമർശനങ്ങളും ആരോപണവുമാണ് രാഹുലിനെ ശക്തിപ്പെടുത്തിയത്. രാഹുലിന്റെ ക്ഷമയിലും മനക്കരുത്തിലും എനിക്ക് വിശ്വാസമുണ്ട് – സോണിയ ഗാന്ധി പറഞ്ഞു.

സോണിയയെ പ്രകീർത്തിച്ചും രാഹുലിനെ അഭിനന്ദിച്ചും മൻമോഹൻ‍ സിങ്

സോണിയ ഗാന്ധി പ്രസിഡന്റായ കാലം ചരിത്ര നേട്ടങ്ങളുടേതായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. 10 വർഷത്തെ യുപിഎ ഭരണത്തിൽ രാജ്യം റെക്കോർഡ് വളർച്ച നേടി. പാർട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിന്ന്. രാജ്യത്ത് മാറ്റത്തിനു വഴിതെളിയിക്കാൻ രാഹുലിനു കഴിയും. പാർട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ രാഹുലിന് കഴിയുമെന്നും മൻമോഹൻ സിങ് പറഞ്ഞു.