Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ഭരണം ഇന്ത്യയെ മധ്യകാല യുഗത്തിൽ എത്തിച്ചു: അധ്യക്ഷപദമേറ്റ് രാഹുൽ

Rahul Gandhi

ന്യൂഡൽഹി ∙ ഇന്ത്യയുടെ ചരിത്രത്തെയും, വർത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത രാഹുൽ, രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശിച്ചു. ഈ രാജ്യത്തിലും ഇവിടുത്തെ ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് രാഹുൽ നടത്തിയ പ്രസംഗത്തിൽനിന്ന്:

∙ ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് നമ്മുടെ പോരാട്ടം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. അത് നാം ഇന്നും നിലനിർത്തുന്നു. ബിജെപിക്കാർ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. നാം അത് അനുവദിക്കുന്നു. അവർ നമ്മെ അപമാനിക്കുന്നു, നാം അവരെ ബഹുമാനിക്കുന്നു. ജനങ്ങളുടെ കവചമാണ് നാം. 13 വർഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദി. ഏറ്റവും വിനയത്തോടെയാണ് ഈ സ്ഥാനം ‍ഞാൻ ഏറ്റെടുക്കുന്നത്. ഒരുപാട് മഹാൻമാർ നടന്ന പാതയിലൂടെയാണ് ഞാൻ നടക്കുന്നതെന്ന ഓർമ എല്ലായ്പ്പോഴും എനിക്കൊപ്പമുണ്ടാകും.

∙ രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. തങ്ങൾക്കു വേണ്ടി മാത്രം പോരാടുന്ന പടയാളികളാണ് ബിജെപിയിലുള്ളത്. എന്നാൽ ജനങ്ങളെ സേവിക്കാനാണ് നമ്മുടെ ശ്രമം. അവരുമായി ആശയപരമായ വിയോജിപ്പ് നിലനിൽക്കുമ്പോഴും ബിജെപിക്കാരെ സഹോദരങ്ങളയാണ് നാം കാണുന്നത്. വെറുപ്പ് ഉള്ളിൽവച്ച് വെറുപ്പ് പടർത്തുന്നവരോട് പോരാടുന്നതല്ല നമ്മുടെ നയം. വെല്ലുവിളികളെ സ്നേഹപൂർവം നാം നേരിടും. അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് അവരായിരിക്കാം. എന്നാൽ നമുക്കൊപ്പം ജനങ്ങളുണ്ട്.

∙ ദശാബ്ദങ്ങളുടെ പഴക്കമുള്ളതാണ് നമ്മുടെ പാർട്ടി. ഈ പഴമയുടെ കെട്ടുറപ്പിനൊപ്പം യുവത്വം കൂടി ചേർക്കാനാണ് ഇനി നാം ശ്രമിക്കുക. സ്നേഹവും ദയയും മുഖമുദ്രയാക്കിയ പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ എല്ലാ യുവാക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു.

∙ എന്തെങ്കിലും വസ്തു അഗ്നിക്കിരയാക്കിയാൽ അത് വീണ്ടെടുക്കുക ഒട്ടും എളുപ്പമല്ല. നമുക്ക് ബിജെപിയോട് പറയാനുള്ളതും ഇതാണ്. രാജ്യത്തെ പൊള്ളിക്കുന്ന ഈ അഗ്നി ശമിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അവർ വെറുപ്പ് പടർത്തുമ്പോൾ സ്നേഹത്തെക്കുറിച്ചാണ് കോണ്‍ഗ്രസ് പറയുന്നത്. സ്നേഹവും വാൽസല്യവുമാണ് നമ്മെ നയിക്കുന്നത്. എല്ലാ കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. ഹൃദയത്തിന്റെ ഉള്ളിൽനിന്നുമാണ് ഞാൻ നിങ്ങളെ സ്നേഹിക്കുന്നത്.

∙ രാജ്യത്തിന്റെ നാശത്തിനായി അധികാരം വിനിയോഗിക്കുന്നവരാണ് ബിജെപിക്കാർ. നമ്മെ ദുർബലരാക്കാനാണ് അവരുടെ ശ്രമം. എന്നാർ അവർക്കെതിരെ നട്ടെല്ലുയർത്തി നിൽക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇനിയൊരിക്കലും കോൺഗ്രസ് പിന്നോട്ടു പോകില്ല. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് പാർട്ടി മുന്നിലുണ്ടാകും. ആർക്കും ആരെയും ഇനി നിശബ്ദരാക്കാനാകില്ല. രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുക.

∙ നമുക്ക് നഷ്ടമായ ഇന്ത്യയുടെ ആ മഹദ് കാലഘട്ടത്തെ വീണ്ടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാനാണ് എന്റെ ആഗ്രഹം. അതിനാണ് എന്റെ ശ്രമം. ബിജെപി രാജ്യത്തെ നശിപ്പിക്കുകയും പച്ചക്കള്ളത്താൽ നിറയ്ക്കുകയും ചെയ്യുന്നു. വിയോജിക്കാനുള്ള ജനാധിപത്യപരമായ അവകാശം പോലും സാധാരണ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു.

∙ ഇന്ത്യയെ 21–ാം നൂറ്റാണ്ടിലേക്ക് നയിച്ചത് കോൺഗ്രസാണെങ്കിൽ, അതേ ഇന്ത്യയെ മധ്യ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും. ഇന്നത്തെ രാഷ്ട്രീയക്രമം നമ്മിൽ പലർക്കും ദഹിക്കുന്ന ഒന്നല്ല. സത്യവും ദയയും ഇന്നത്തെ രാഷ്ട്രീയ ലോകത്ത് കണികാണാൻ കിട്ടില്ല. ഷ്ട്രീയമെന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെങ്കിലും ഇന്ന് രാഷ്ട്രീയ അധികാരം ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നില്ല. അത് ജനങ്ങളുടെ ഉയർച്ചയ്ക്കായല്ല, അവരെ ഞെരിച്ചമർത്തുന്നതിനാണ് വിനിയോഗിക്കുന്നത്.