Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസൈൽ സാങ്കേതികവിദ്യ വിൽക്കാൻ ശ്രമം; ഉത്തരകൊറിയൻ ഏജന്റ് പിടിയിൽ

Kim Jong Un

സിഡ്നി ∙ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾ മൂലം ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ഉത്തരകൊറിയ മിസൈൽ സാങ്കേതികവിദ്യയും മിസൈൽ ഭാഗങ്ങളും വിൽക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും സാമ്പത്തിക ഉപരോധം ശക്തമാക്കിയതോടെ നേരിടുന്ന കടുത്ത സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഇതിലൂടെ അവരുടെ ശ്രമം. മിസൈൽ സാങ്കേതികവിദ്യ വിൽക്കാനുള്ള ശ്രമത്തിനിടെ ഉത്തരകൊറിയൻ പൗരൻ ഓസ്ട്രേലിയയിൽ അറസ്റ്റിലായതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.

കൊറിയൻ വംശജനായ ചാൻ ഹാൻ ചോയി എന്ന ഓസ്ട്രേലിയക്കാരനാണ് മിസൈൽ സാങ്കേതികവിദ്യ വിൽക്കാനുള്ള ശ്രമത്തിനിടെ സിഡ്നിയിൽ അറസ്റ്റിലായത്. കോടിക്കണക്കിന് രൂപയുടെ ഇടപാടിനാണ് ഇയാൾ ശ്രമിച്ചിരുന്നതെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്പി) വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു സംഭവം ഓസ്ട്രേലിയയിൽ ആദ്യമാണെന്നും എഎഫ്പി അസിസ്റ്റന്റ് കമ്മിഷണർ നീൽ ഗൗഗാൻ റിപ്പോർട്ടമാരോടു വെളിപ്പെടുത്തി. ചാൻ ഹാൻ ചോയി ഉന്നത ഉത്തരകൊറിയൻ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും പൊലീസ് അറിയിച്ചു.

ബാലിസ്റ്റിക് നിർമാണ യൂണിറ്റും അനുബന്ധ ഉപകരങ്ങളും സാങ്കേതികവിദ്യയും വിൽക്കാനായിരുന്നു ഇയാളുടെ ശ്രമമത്രേ. എന്നാൽ, ആർക്കാണ് ഇതു വിൽക്കാൻ ശ്രമിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അതീവപ്രാധാന്യമുള്ളതാണ് ഇയാളുടെ അറസ്റ്റെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ സിഡ്നിയിൽ പറഞ്ഞു. മേഖലയിലെ സമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്ന അരാജക രാജ്യമാണ് ഉത്തരകൊറിയ. യുഎൻ ഉപരോധങ്ങളെ സ്വന്തം നിലയ്ക്കു മറികടക്കാനുള്ള ശ്രമത്തിലാണവരെന്നും ടേൺബുള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായ അൻപത്തൊൻപതുകാരൻ ചോയിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കി. ഇയാൾ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി നിരസിച്ചു. 10 വർഷം വരെ തടവു ലഭിക്കാവുന്ന ആറു കുറ്റങ്ങളാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചു. ഉത്തരകൊറിയയെ സഹായിക്കുന്ന മറ്റു ചില ‘ഇടപാടുകളും’ ഇയാൾ മുൻപ് നടത്തിയിരുന്നതായി സംശയമുണ്ട്.