Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായവരെ കണ്ടെത്താൻ കടൽ അരിച്ചുപെറുക്കും: മുഖ്യമന്ത്രി പിണറായി

Cyclone Ockhi

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിൽപെട്ടു കടലിൽ കണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറീൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കടൽ അരിച്ചുപെറുക്കും. ഇതിനായി മൽസ്യബന്ധന ബോട്ടുടമകളുടെ സഹായവും തേടിയിട്ടുണ്ട്. വിശദമായ പദ്ധതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ ചുമതലപ്പെടുത്തിയെന്നും പിണറായി വിജയൻ പറഞ്ഞു.

മൽസ്യത്തൊഴിലാളികളുമായും ബോട്ടുടമകളുമായും നടത്തിയ ചർച്ചയിലാണു തിരച്ചിൽ വ്യാപിപ്പിക്കുമെന്ന് പിണറായി അറിയിച്ചത്. മുനമ്പം മുതൽ ഗോവ വരെയുള്ള ഭാഗങ്ങളിലേക്കാണു തിരച്ചിൽ വ്യാപിക്കുന്നത്. ഇരുന്നുറോളം ബോട്ടുകൾ വിട്ടുനൽകണമെന്നാണ് ആവശ്യം. ബോട്ടുടമകളും മൽസ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. എല്ലാ സഹായങ്ങളും നൽകാമെന്ന് ബോട്ടുടമകൾ അറിയിച്ചിട്ടുണ്ട്.

അതിനിടെ, ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ ദുരന്തവ്യാപ്തി പ്രധാനമന്ത്രിയെ ധരിപ്പിക്കാൻ സർക്കാർ ശ്രമം തുടങ്ങി. ദുരന്തപ്രദേശങ്ങൾ സന്ദർശിക്കാനെത്തുമ്പോൾ ദൃശ്യങ്ങളടങ്ങിയ പ്രത്യേക പ്രദർശനം നടത്താനാണു നീക്കം. ഇതിനായി ദൃശ്യങ്ങളും നഷ്ടക്കണക്കും ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ നൽകാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടികൾക്കു നിർദേശം നൽകിയത്. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രത്യേക അവതരണം നടത്തുന്നത്. എന്നാൽ സർക്കാരിന്റെ ഈ ആവശ്യത്തോടു പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇതുവരെ അനുകൂല പ്രതികരണം നടത്തിയിട്ടില്ല.

ഓഖി ദുരന്തത്തിൽ മുന്നൂറോളം പേരെ കാണാതായെന്നാണ് സർക്കാർ ശനിയാഴ്ച പുറത്തുവിട്ട കണക്കിൽ പറയുന്നത്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകൾ പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എഫ്ഐആറുകള്‍ പ്രകാരം കാണാതായവർ: തിരുവനന്തപുരം-172, കൊച്ചി–32. എഫ്ഐആര്‍ കൂടാതെയുള്ളവര്‍: കൊല്ലം - 13, തിരുവനന്തപുരം–83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. തിരിച്ചറിയാനുള്ളത് 40 മൃതദേഹങ്ങള്‍. എന്നാൽ സർക്കാരിന്റെ കണക്കുകൾക്കെതിരെ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നിട്ടുണ്ട്.

എന്നാൽ, സർക്കാർ പുതുതായി പുറത്തുവിട്ട കണക്കു തെറ്റാണെന്നാണ് ലത്തീൻ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാഷ്യം. ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്കയും അവർ പങ്കുവയ്ക്കുന്നു. ലത്തീൻ സഭ ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മൽസ്യത്തൊഴിലാളികളെയാണു കാണാതായത്. ഇതിൽ 94 പേർ നാട്ടിൽനിന്നും 147 പേർ മറ്റു പല സ്ഥലങ്ങളിൽനിന്നും കടലിൽ പോയവരാണ്.

related stories