Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ: കൊൽക്കത്തയ്ക്ക് ആദ്യജയം, തകർത്തടിച്ച് ചെന്നൈ

ISL എടികെ കൊൽക്കത്തയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മൽസരത്തിൽനിന്ന്. ചിത്രം: ഐഎസ്എൽ

മുംബൈ∙ ഐഎസ്എൽ 2017 സീസണിലെ ആദ്യ ജയം സ്വന്തമാക്കി എടികെ കൊൽക്കത്ത. മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണു കൊൽക്കത്തയുടെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ റോബിന്‍ സിങിന്റെ ഗോളിലാണ് മുൻ ചാംപ്യൻമാർ ആശ്വാസജയം നേടിയത്.

ആദ്യ പകുതിയില്‍ മുംബൈയ്ക്കായിരുന്നു ആധിപത്യം. ഏഴാം മിനിറ്റിൽ ബൽവന്ത് സിങ്ങിന്റെ പാസ് ഏറ്റുവാങ്ങാൻ മുംബൈ നിരയിലെ ആരും ഗോൾമുഖത്ത് എത്താതിരുന്നത് അവരുടെ വീഴ്ചയ്ക്കു തുടക്കമിട്ടു. കൗണ്ടറുകളിലൂടെ എടികെ അവസരങ്ങള്‍ സൃഷ്ടിച്ചു. കളിയിലെ ഹീറോ ആയി തിരഞ്ഞെടുത്ത സക്വീനയാണ് രണ്ടാം പകുതിയില്‍ ഗോളിന് അവസരം ഒരുക്കിയത്.

സക്വീനയുടെ ക്രോസില്‍ നിന്നുള്ള റോബിന്റെ ടച്ചില്‍ പന്ത് പോസ്റ്റിനുള്ളിലേക്ക്. 54–ാം മിനുറ്റിൽ കൊൽക്കത്തയുടെ ആദ്യ ഗോൾ. മികച്ച സേവുകളുമായി തിളങ്ങിയ എടികെ ഗോള്‍കീപ്പര്‍ ദെബ്ജിത് മജുംദാർ എമർജിങ് പ്ലെയറായി. വിജയ ഗോളിന് വഴിയൊരുക്കിയ സക്വീനയാണ് കളിയിലെ കേമൻ.

ബെംഗളുരുവിൽ നടന്ന ആദ്യ കളിയിൽ ചെന്നൈയ്ക്കു തകർപ്പൻ വിജയം. കരുത്തരായ ബെംഗളുരുവിനെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്നൈയിൻ എഫ്സി തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം. ജെജെ ലാൽ പെക്വുലയും (5) ധൻപാൽ ഗണേഷും (88) ചെന്നൈയിനായി ലക്ഷ്യം കണ്ടു. ബെംഗളുരുവിനുവേണ്ടി സുനിൽ ഛേത്രിയാണ് (85) ആശ്വാസഗോൾ നേടിയത്.

isl ബെംഗളുരുവിനെതിരെ ഗോൾ നേടിയ ചെന്നൈയിൻ എഫ്സി ടീമിന്റെ ആഹ്ലാദം

മൽസരത്തിന്റെ തുടക്കത്തിൽ ജെജെയിലൂടെ ലീഡ് നേടിയ ചെന്നൈ രണ്ടാം പകുതിയുടെ അവസാനം വരെ മേധാവിത്തം തുടർന്നു. എന്നാല്‍ 85–ാം മിനിറ്റിൽ സുനിൽ ഛേത്രി തിരിച്ചടിച്ചു. മൽസരം സമനിലയിലാവുമെന്ന് കരുതിയ സാഹചര്യത്തിലാണ് ധൻപാൽ ഗണേഷിലൂടെ ചെന്നൈയിൻ വീണ്ടും ലീഡ് സ്വന്തമാക്കിയത്. നാലാം ജയത്തോടെ ചെന്നൈയിൻ എഫ്സി 12 പോയിന്റുമായി പട്ടികയിൽ ബെംഗളുരുവിന് ഒപ്പമെത്തി. ടൂർണമെന്റിൽ‌ ബെംഗളുരുവിന്റെ രണ്ടാം തോൽവിയാണിത്.