Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരസംഘടനകളെ ദേശസ്നേഹികളാക്കി മുഷറഫ്; സഖ്യത്തിനായി പുതിയ തന്ത്രം

PAKISTAN-UNREST-POLITICS-VOTE-MUSHARRAF

കറാച്ചി∙ ഭീകര സംഘടനകളായ ലഷ്കർ ഇ തയ്ബയെയും ജമാ അത്തുദ്ദഅവയെയും ദേശസ്നേഹികളെന്ന് വിളിച്ച് മുൻ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫ്. പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി ‘ദേശ സ്നേഹികളായ’ ഈ സംഘടനകളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നും മുഷറഫ് പ്രഖ്യാപിച്ചു. ദുബായിൽ കഴിയുന്ന മുഷറഫ് കഴിഞ്ഞ മാസം ലഷ്കർ ഇ തയ്ബയെയും ഹാഫിസ് സയീദിനെയും പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നു.

ഇരു സംഘടനകളും ദേശസ്നേഹമുള്ളവരാണ്. രാജ്യത്തോട് ഏറ്റവും അധികം സ്നേഹമുള്ളവരും അവരാണ്. പാക്കിസ്ഥാനും കശ്മീരിനും വേണ്ടി ലഷ്കർ, ജമാ അത്തുദ്ദഅവ അംഗങ്ങൾ സ്വന്തം ജീവൻ തന്നെ നൽകുന്നതായി മുഷറഫ് പറയുന്നു. ജനപിന്തുണ ഏറെയുള്ള സംഘടനകളാണ് രണ്ടും. അതുകൊണ്ടുതന്നെ അവർ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ ആർക്കും എതിര്‍ക്കാനാവില്ലെന്നും മുഷറഫ് അറിയിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു വിഭാഗങ്ങളും സഖ്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും എന്നാൽ സഖ്യം രൂപീകരിക്കുന്നതിൽ‌ തനിക്ക് എതിർപ്പൊന്നുമില്ലെന്നും മുഷറഫ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാനൊരുങ്ങുകയാണെന്നും മുഷറഫ് അറിയിച്ചിരുന്നു. ഇരുപത്തിനാലോളം രാഷ്ട്രീയ പാര്‍ട്ടികളുമായി ഇതിനായി മുഷറഫ് ചർച്ചകളും നടത്തി. മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയേയും സഖ്യത്തിലേക്ക് മുഷറഫ് ക്ഷണിച്ചിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ലഷ്കർ ഇ തയ്ബയെ നിരോധിക്കുന്നത്. ജമാ അത്തുദ്ദഅവയെ യുഎസ്എ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ജമാ അത്തുദ്ദഅവ മേധാവി ഹാഫീസ് സയീദും നേരത്തെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. മില്ലി മുസ്ലീം ലീഗ് എന്ന സംഘടനയുടെ കീഴിൽ 2018ലെ പൊതു തിരഞ്ഞെടുപ്പിൽ പങ്കെടുക്കുമെന്നാണ് സയീദ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ പിന്നാലെയാണ് രാഷ്ട്രീയ സഖ്യത്തിന് തയാറായി പർവേസ് മുഷറഫിന്റെയും നിലപാട് പുറത്തുവരുന്നത്.

ബേനസീർ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് നിലവിൽ ദുബായിലാണുള്ളത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കൽ തുടങ്ങിയവയാണ് മുഷറഫിനെതിരെ പാക്ക് ഭീകരവിരുദ്ധ കോടതി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.