Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം, എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല: ശിവസേന

Uddhav-Thackeray ഉദ്ധവ് താക്കറെ (ഫയൽ ചിത്രം)

മുംബൈ∙ ഗുജറാത്തിൽ ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസം തോന്നുന്നില്ലെന്ന് ശിവസേന. ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യവും എക്സിറ്റ് പോൾ ഫലങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം വളരെ ശക്തമായിരുന്നു. അതുകൊണ്ടുതന്നെ, എക്‌സിറ്റ് പോൾ ഫലവും യഥാർഥ ഫലവും ഒരുപോലെയാകുമെന്നു കരുതാനാകുന്നില്ല. തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്വവസതിയായ മാതോശ്രീയിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രാഹുൽ ഗാന്ധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പ്രവർത്തകരിലും ജനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം വിജയം നേടുമെന്നാണു തന്റെ പ്രതീക്ഷ. കോൺഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കുന്ന രാഹുലിന് ആശംസകൾ അറിയിക്കുന്നതായും ഉദ്ധവ് പറഞ്ഞു.

എൻഡിഎ സർക്കാരിൽനിന്ന് രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കർഷകർക്കായും തൊഴിൽ രഹിതർക്കായും ഒരു പദ്ധതിയും അവർ തയാറാക്കിയില്ല. അധികാരത്തിലെത്തിയ ശേഷം ശിവസേന തങ്ങളുടെ ഉറപ്പുകളിൽനിന്ന് പിന്മാറിയിട്ടില്ല. ജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന പദ്ധതികൾ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്താണ് ചെയ്യേണ്ടതെന്ന് ആരും പഠിപ്പിക്കേണ്ടെന്നും ഉദ്ധവ് പറഞ്ഞു.

അതേസമയം, ഒരു വർഷത്തിനകം ഭരണം വിടുമെന്ന യുവസേന അധ്യക്ഷൻ ആദിത്യ താക്കറെയുടെ പ്രസ്താവനയിൽ ശരികേടൊന്നുമില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. കാർഷിക കടങ്ങൾ, വൈദ്യുതീകരണം, തൊഴിലില്ലായ്മ എല്ലാം ഇപ്പോഴും നിലവിലുണ്ട്. അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് ശിവസേന ബിജെപിയെ പിന്തുണയ്ക്കുന്നതെന്നും ഉദ്ധവ് ചോദിക്കുന്നു. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടാൽ, അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ശിവസേന എൻഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉദ്ധവിന്റെ നിലപാടറിയിക്കൽ.