Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളറിലെ പീഡനക്കേസ്: കടുത്ത നടപടി ശുപാർശ ചെയ്തത് എജിയും ഡിജിപിയും

കൊച്ചി ∙ സോളർ കേസിൽ സർക്കാരിനു വിനയായത് എജിയുടെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും (ഡിജിപി) ഉപദേശമെന്ന് റിപ്പോർട്ട്. കമ്മിഷൻ റിപ്പോർട്ടിൻമേൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്തത് ഇവരായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ മനോരമ ന്യൂസിന് ലഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസ് എടുക്കണമെന്ന് ശുപാർശ ചെയ്തതും ഇവരാണ്. ഒക്ടോബർ പതിനൊന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച നിയമോപദേശം ഇരുവരും നൽകിയതാകട്ടെ, ഒക്ടോബർ പത്തിനും.

മതിയായ തെളിവില്ലാതെ കേസ് എടുക്കരുതെന്ന് സുപ്രീം കോടതി അഭിഭാഷകൻ അരിജിത് പസായത് നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിപ്പോർട്ടിൽ ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാവുന്ന എന്തെങ്കിലും വിവരങ്ങളുണ്ടോ എന്നത് അന്വേഷണ ഏജൻസിയാണു കണ്ടെത്തേണ്ടതെന്ന് ഇതിൽ പറഞ്ഞിരുന്നു. തുടർനടപടി എന്താവണമെന്നു തീരുമാനിക്കേണ്ടതും ഈ അന്വേഷണ ഏജൻസിയാണെന്നു നിയമോപദേശത്തിൽ പറയുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സർക്കാരിനു തള്ളുകയോ, കൊള്ളുകയോ ചെയ്യാം. എന്നാൽ റിപ്പോർട്ട് പൂർണമായോ, ഭാഗികമായോ സംസ്ഥാന സർക്കാർ സ്വീകരിക്കുകയാണെങ്കിൽ റിപ്പോർട്ട് പരിശോധിക്കാൻ അന്വേഷണ ഏജൻസിയെ ഏൽപിക്കണമെന്നായിരുന്നു പസായത്തിന്റെ നിയമോപദേശം.

സോളർ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ കേസും നടപടിയും പ്രഖ്യാപിച്ച സർക്കാർ ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പിന്നീട് പിന്നാക്കം പോവുകയും അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തത്. ഒക്ടോബർ 11നു വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടന്നുകൊണ്ടിരിക്കുമ്പോഴാണ്, യുഡിഎഫ് നേതാക്കൾക്കെതിരെ മാനഭംഗത്തിനു കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചില മുൻമന്ത്രിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയെല്ലാം കേസെടുക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം അനങ്ങിയിട്ടില്ല.