Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് ക്രിസ്ത്യൻ പള്ളിയിൽ ഐഎസ് ഭീകരാക്രമണം; എട്ട് മരണം

Quetta IS Attack

ഇസ്‍ലാമാബാദ്∙ ക്രിസ്മസിന് ഒരാഴ്ച ശേഷിക്കെ, പാക്കിസ്ഥാനിലെ പള്ളിയിൽ ഭീകരാക്രമണം. തെക്കുപടിഞ്ഞാറൻ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികൾക്കു പരുക്കേറ്റു. ഇവരിൽ ഒൻപതു പേരുടെ നില ഗുരുതരമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റെടുത്തതായി അമാഖ് വാർത്താ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. സർഘൂൺ റോഡിലെ ബെഥൽ മെമ്മോറിയൽ ചർച്ചിലേക്കു ഐഎസ് ഭീകരർ വൻതോതിൽ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്നു ബലൂചിസ്ഥാൻ ആഭ്യന്തരമന്ത്രി മിർ സർഫറാസ് പറഞ്ഞു. ഒരു അക്രമിയെ ഗേറ്റിൽവച്ചുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. രണ്ടാമനാണ് പള്ളിക്കകത്തു കയറി പൊട്ടിത്തെറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടക്കുന്ന സമയത്ത് പള്ളിയിൽ 400 വിശ്വാസികളുണ്ടായിരുന്നെന്ന് ഇൻസ്പെക്ടർ ജനറൽ മൗസാം അൻസാരി പറഞ്ഞു. കൃത്യസമയത്ത് പൊലീസ് ഉണ‍ർന്നു പ്രവർത്തിച്ചതിനാലാണ് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.