Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനവിധി അംഗീകരിക്കുന്നു; കോൺഗ്രസിന്റേത് അന്തസ്സുറ്റ പോരാട്ടം: രാഹുൽ

Rahul Gandhi

ന്യൂ‍ഡൽഹി∙ ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്കു നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.

‘കോൺഗ്രസ് സഹോദരന്മാരും സഹോദരിമാരും എന്നെ അഭിമാനിയാക്കി. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി അന്തസ്സോടെയും വീറോടെയുമാണ് നിങ്ങൾ പോരാടിയത്. മനോബലവും മാന്യതയുമാണു കോൺഗ്രസിന്റെ ഏറ്റവും വലിയ കരുത്തെന്ന് എല്ലാവർക്കും നിങ്ങൾ കാണിച്ചുകൊടുത്തു’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ഗുജറാത്തില്‍ ധാര്‍മിക ജയം നേടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടു. രാഹുല്‍ നടത്തിയ പ്രചാരണം ഫലം കണ്ടു. സ്വന്തം നാട്ടില്‍ 100 സീറ്റ് നേടാന്‍ നരേന്ദ്ര മോദിയും അമിത് ഷായും പാടുപെട്ടെന്നു ഗുജറാത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു.

ഗുജറാത്തിൽ ശക്തമായ വേരോട്ടമുള്ള ബിജെപിയെ വിറപ്പിച്ചാണ് കോൺഗ്രസ് പരാജയം രുചിച്ചത്. ഒരു ഘട്ടത്തിൽ മുൻപന്തിയിൽ നിന്ന കോൺഗ്രസ് വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. അതേസമയം, ഹിമാചലിൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ പരാജയത്തിലേക്കായിരുന്നു കോൺഗ്രസിന്റെ യാത്ര.