Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി: തോമസ് ഐസക്കിന് എഐടിയുസി ഭാരവാഹിയുടെ മറുപടി

Thomas-Issac

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും സർക്കാർ നൽകുന്നത് അധികകാലം മുന്നോട്ടു പോകില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടിനെതിരെ എഐടിയുസി. പെൻഷനുവേണ്ടി സർക്കാർ നീക്കിവച്ച തുകകൾ വകമാറ്റി ചെലവഴിച്ചതാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ (എഐടിയുസി) വർക്കിങ് പ്രസിഡന്റ് എം.ശിവകുമാർ ഫെയ്സ്ബുക്കിൽ മന്ത്രിക്ക് മറുപടി നൽകി.

മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ നയമാണോ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. അഞ്ചു മാസമായി പെൻഷൻ കിട്ടാതെ പെരുവഴിയായവർ ഇതെല്ലാം കണ്ടുംകേട്ടും സഹിച്ചു കൊള്ളുമെന്ന് എല്ലാവരും ധരിക്കരുത്. പെൻഷൻതുക മാനേജ്മെന്റിന് ഇഷ്ടം പോലെ ചെലവാക്കാൻ സർക്കാർ അനുവദിച്ചു. ഇത് പെൻഷൻകാരെ ഒന്നും കിട്ടാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ദുരിതപൂർണമായ അവരുടെ അവസ്ഥ ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെക്കാളും കഷ്ടമാണ്.

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ ആരാണ് തടസ്സം? തൊഴിലാളിയും പെൻഷൻകാരനും ഉത്തരവാദിയാണോ? തുടങ്ങിയ ചോദ്യങ്ങളും ധനമന്ത്രിയോട് എഐടിയുസി ഭാരവാഹി ചോദിക്കുന്നു. യൂണിയനുകളും പെൻഷൻ സംഘടനകളും സുശീൽ ഖന്ന റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അതു മാത്രമേ പരിഹാരമുള്ളൂ എന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടിരുന്നു. വായ്പയെടുക്കുന്ന പണം ശമ്പളത്തിനും പെൻഷനും ഉപയോഗിക്കാനാകില്ലെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

related stories