Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 വർഷത്തിനുശേഷം ഹിമാചലിൽ ‘ചെങ്കൊടി’ പാറിച്ച് രാകേഷ്

cpm-flag

ഷിംല∙ ബിജെപി അധികാരം തിരിച്ചുപിടിച്ച ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിൽ 24 വർഷത്തിനു ശേഷം സിപിഎമ്മിനു എംഎൽഎ. ഷിംല ജില്ലയിലെ തിയോങ് നിയമസഭാ മണ്ഡലത്തിൽനിന്നു ജയിച്ച് രാകേഷ് സിൻഹയാണ് ഹിമാചലിൽ വർഷങ്ങൾക്കു ശേഷം ചെങ്കൊടി പാറിച്ചത്. 1993ൽ ഷിംല മണ്ഡലത്തിൽനിന്നു രാകേഷ് തന്നെയാണ് സംസ്ഥാനത്ത് അവസാനമായി ജയിച്ച സിപിഎം എംഎൽഎയും. 2012ലെ തിരഞ്ഞെടുപ്പിൽ തിയോങ്ങിൽ 10,000 വോട്ടുകൾ നേടാൻ രാകേഷിനു സാധിച്ചിരുന്നു.

അതേസമയം, ജനങ്ങളുടെ അവകാശങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന വിശ്വാസമാണ് രാകേഷിന്റെ വിജയത്തിനു പിന്നിലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയ ഹിമാചലിൽ ചിത്രത്തിലില്ലാതിരുന്ന സിപിഎമ്മിന് പ്രധാനപ്പെട്ട നേട്ടമാണ് ഈ ഒരു സീറ്റിലെ ജയം. ബിജെപിയുടെ രാകേഷ് വർമയും കോൺഗ്രസിന്റെ ദീപക്ക് റത്തോഡുമായിരുന്നു മണ്ഡലത്തിലെ മറ്റു സ്ഥാനാർഥികൾ. മുതിർന്ന കോൺഗ്രസ് നേതാവ് വിദ്യ സ്റ്റോക്സിന്റെ ഉറച്ച മണ്ഡലമായിരുന്നു തിയോങ്. എന്നാൽ സ്റ്റോക്സിന്റെ പത്രിക വരണാധികാരി തള്ളുകയായിരുന്നു.