Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് നടപടികൾ പാളം തെറ്റാൻ അനുവദിക്കില്ല: പുതിയ തന്ത്രങ്ങളുമായി തെരേസ മേ

Theresa May

ലണ്ടൻ∙ ബ്രെക്സിറ്റിൽ ആശാവഹമായ ഉടമ്പടി ലക്ഷ്യമിട്ടുള്ള പ്രയാണത്തിൽ തനിക്കു പാളം തെറ്റില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റ് ചർച്ചകളെ സംശയത്തോടെ കാണുന്നവർ തെറ്റിധരിച്ചിരിക്കുകയാണെന്ന് ഇതുവരെയുള്ള നടപടികളിലൂടെ സർക്കാർ തെളിയിച്ചുകഴിഞ്ഞെന്നും അവർ വ്യക്തമാക്കി.

തർക്കവിഷയങ്ങളിൽ ധാരണയായശേഷം രണ്ടാംഘട്ട ചർച്ചകൾക്കു തുടക്കം കുറിക്കാൻ യൂറോപ്യൻ നേതാക്കൾ അനുമതി നൽകിയതിനു തൊട്ടുപിന്നാലെ ഇന്നലെ രണ്ടു സൺഡേ പത്രങ്ങളിൽ എഴുതിയ ലേഖനത്തിലാണു പ്രധാനമന്ത്രി ബ്രെക്സിറ്റിൽ സർക്കാർ മുന്നോട്ടാണെന്ന് ഒരിക്കൽക്കൂടി ഊന്നിപ്പറഞ്ഞത്. സൺഡേ ടെലിഗ്രാഫ്, സൺഡേ എക്സ്പ്രസ് പത്രങ്ങളിലാണു സർക്കാർ നടപടികളെ ന്യായീകരിച്ചും പ്രതിപക്ഷത്തെയും വിമർശകരെയും കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി ലേഖനമെഴുതിയത്.

ബ്രെക്സിറ്റ് ചർച്ചകളിൽ ഉരുത്തിരിയുന്ന ഉടമ്പടി പാർലമെന്റിന്റെ അനുമതിയോടെ മാത്രമേ പ്രാവർത്തികമാകൂ എന്ന സാഹചര്യം ഉടലെടുത്ത സാഹചര്യത്തിൽ ബ്രെക്സിറ്റിന്റെ ഭാവിയെക്കുറിച്ചു പലരും ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ സർക്കാരിനു പാളം തെറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു തെരേസ മേ പുതിയ തന്ത്രങ്ങൾ മെനയുന്നത്.

പ്രതിപക്ഷവും ഭരണപക്ഷത്തെ ബ്രെക്സിറ്റ് വിരുദ്ധരും ചേർന്നാൽ സർക്കാർ കൊണ്ടുവരുന്ന ഏതു ബില്ലും പരാജയപ്പെടുന്ന സ്ഥിതിയുണ്ട്. ഇങ്ങനെയാണു കഴിഞ്ഞദിവസം ബ്രെക്സിറ്റ് ഉടമ്പടിക്കു പാർലമെന്റിന്റെ അനുമതി വേണമെന്ന സ്ഥിതി സംജാതമായത്.

ഇതിനിടെ, കഴിഞ്ഞദിവസം പുറത്തുവന്ന പുതിയ സർവേ ഫലമനുസരിച്ചു ബ്രിട്ടനിൽ ഇപ്പോൾ മഹാ ഭൂരിപക്ഷം ആളുകളും ബ്രെക്സിറ്റ് വിരുദ്ധരായി എന്നതാണ്. റിമെയിൻ ക്യാംപിനെ അനുകൂലിക്കുന്നവരുടെ എണ്ണം ലീവ് പക്ഷത്തേക്കാൾ പത്തു പോയിന്റ് കൂടുതലാണെന്നാണു സർവേ ഫലം.

നിലവിലുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാരെ ബ്രിട്ടനിൽ തുടരാൻ അനുവദിക്കുന്നതും യൂണിയൻ വിടുന്നതിനു നഷ്ടപരിഹാരത്തുകയായി വൻ തുക നൽകേണ്ട സാഹചര്യവും അയർലൻഡ് അതിർത്തി പൂർണമായും അടയ്ക്കാൻ പറ്റാത്തതുമെല്ലാമാണു ബ്രെക്സിറ്റിനായി വോട്ടുചെയ്തവരെ പോലും ഇപ്പോൾ ഇതു വെറും പ്രഹസനമാണെന്ന നിഗമനത്തിലെത്തിക്കുന്നത്. സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും വിട്ടുവീഴ്ചാ നിലപാടുകളിലും പഴയ ലീവ് പക്ഷക്കാർ അതൃപ്തരാണ്.