Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിറച്ചു നിന്നു, പിന്നെ ജയിച്ചു കയറി ഗുജറാത്ത് മുഖ്യൻ ‘വിജയ്’ രൂപാണി

indranil-rajyaguru-vijay-rupani ഇന്ദാണിൽ രാജ്ഗുരു, വിജയ് രൂപാണി

രാജ്കോട്ട്(ഗുജറാത്ത്)∙ നവംബർ അവസാനവാരമായിരുന്നു സംഭവം– ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടേതെന്ന പേരിൽ ഒരു ഫോൺ സംഭാഷണം വൈറലായി. ഒരു സ്വതന്ത്രസ്ഥാനാർഥിയോടു മത്സരത്തിൽനിന്നു പിന്മാറാൻ ആവശ്യപ്പെടുന്ന ഓഡിയോ ആയിരുന്നു അത്. ഗുജറാത്തിൽ ബിജെപിയുടെ മാത്രമല്ല, തന്റെ നിലയും പരുങ്ങലിലാണ് എന്നു രൂപാണി ഫോണിലൂടെ പറയുന്നതു വൻവാർത്തയുമായി. രൂപാണിക്കു സുരക്ഷിത മണ്ഡലം കൂടി അനുവദിക്കണമെന്ന ആവശ്യം കേന്ദ്രനേതൃത്വം തള്ളിയതും തിരിച്ചടിയായി.

രാജ്കോട്ട് ഈസ്റ്റിൽ കഴിഞ്ഞതവണ വൻ മാർജിനിൽ ജയിച്ച രാജ്ഗുരു ഇന്ദ്രാണിൽ ഇക്കുറി മുഖ്യമന്ത്രിക്കെതിരെ പൊരുതാൻ വെസ്റ്റ് മണ്ഡലം ചോദിച്ചു വാങ്ങുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിതത്തിലാദ്യമായി ഒരു തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച മണ്ഡലം കൂടിയാണ് രാജ്കോട്ട് വെസ്റ്റ് എന്നതും ഇവിടെ ബിജെപിയുടെ അഭിമാനപ്പോരാട്ടത്തിനു കാരണമായി. രണ്ടാഴ്ചയ്ക്കപ്പുറം ഇന്നു വോട്ടെണ്ണിയപ്പോൾ ആദ്യഘട്ട ട്രെൻഡിങ്ങിൽ രൂപാണിയുടെ സംശയം ജനങ്ങൾക്കും തോന്നിയതു തികച്ചും സ്വാഭാവികം. കാരണം തപാൽവോട്ടുകളെണ്ണിക്കഴിഞ്ഞപ്പോൾ കോണ്‍ഗ്രസ് സ്ഥാനാർഥി രാജ്ഗുരുവിനേക്കാള്‍ പിന്നിലായിരുന്നു രൂപാണി.

ഇന്ദ്രാണിലിന് 1258ഉം രൂപാണിന് 491മായിരുന്നു ആദ്യഘട്ടത്തിലെ വോട്ട്. എന്നാൽ പിന്നീടു ഫലം മാറിമറിഞ്ഞു. പത്തു മണിയോടെ വ്യക്തമായ ഭൂരിപക്ഷത്തോടെ രൂപാണി മുന്നിലേക്കു കയറി. അതു പിന്നെ വോട്ടെണ്ണൽ തീരും വരെ തുടർന്നു. ഒടുവിൽ വൻ ഭൂരിപക്ഷത്തോടെ, സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ഗുജറാത്ത് മുഖ്യൻ വീണ്ടും വിജയവഴിയിൽ. 46,159 വോട്ടുകൾ രൂപാണി നേടിയപ്പോൾ ഇന്ദ്രാണിലിനു നേടാനായത് 25,359 വോട്ടുകൾ മാത്രം – 20,800 വോട്ടിന്റെ ഭൂരിപക്ഷം.

ആനന്ദിബെൻ പട്ടേൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ പട്ടേൽ വിഭാഗത്തിൽത്തന്നെയുള്ള നിധിൻ പട്ടേലിനെയായിരുന്നു ആ സ്ഥാനത്തു പലരും പ്രതീക്ഷിച്ചിരുന്നത്. രാജ്കോട്ട് മേയറും പിന്നീടു രാജ്യസഭാംഗവുമായ രൂപാണി 2014ലെ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയപ്പോൾ മുഖ്യമന്ത്രിപദം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. എന്നാൽ നറുക്കുവീണതാകട്ടെ രൂപാണിക്കും. വിവാദങ്ങളൊന്നുമില്ലാത്ത നേതാവ് എന്ന പദവിയാണ് ഈ അറുപത്തിയൊന്നുകാരനു ഗുണകരമായത്.

ജനക്കൂട്ടത്തെ ആവേശഭരിതരാക്കുന്ന നേതൃപാടവമില്ല എന്നതു നിധിൻ പട്ടേലിനു തിരിച്ചടിയായപ്പോൾ അക്കാര്യത്തിൽ മിടുക്കനായിരുന്നു രൂപാണി. അങ്ങനെ അമിത് ഷായുടെ വിശ്വസ്തൻ മുഖ്യമന്ത്രി പദവിയിലേക്കെത്തി. പാർട്ടിയുടെ മുൻ അധ്യക്ഷൻ എന്ന നിലയില്‍ മികവു തെളിയിച്ചത് മോദിയുടെ ‘ഗുഡ്ബുക്കിലും’ രൂപാണി സ്ഥാനം പിടിക്കാൻ സഹായകമായി. ഗുജറാത്തിൽ വെറും അഞ്ചു ശതമാനം മാത്രമുള്ള ജൈന ബനിയ വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ് രൂപാണി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെ പൂർണമായും ‘മോദി എഫ്ക്ടി’നെയാണു ഗുജറാത്തിൽ ബിജെപി ആശ്രയിച്ചത്. രൂപാണിയും ഇക്കാര്യത്തിൽ വിനീതവിധേയനാണ്. ഇക്കാര്യത്തെക്കുറിച്ചു നേരത്തേ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘മുഖ്യമന്തിയെയൊക്കെ പാർട്ടിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കും. ഞാൻ പാർട്ടിയുടെ വിശ്വസ്തനായ സേവകൻ മാത്രം...’

related stories