Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിക്കണം ഹാർദിക് പട്ടേലിനെ; വോട്ടു ചോർച്ചയിൽ ഞെട്ടി ബിജെപി

Hardik Patel

അഹമ്മദാബാദ്∙ ഗുജറാത്ത് രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്ന സൂചന നൽകി പട്ടേൽ പ്രക്ഷോഭനായകൻ ഹാർദിക് പട്ടേൽ. കോണ്‍ഗ്രസിനു തകർപ്പൻ വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായെങ്കിലും ബിജെപിക്ക് ആശങ്കയുടെ ദിനങ്ങൾ സമ്മാനിച്ചാണ് ഹാർദിക് പട്ടേൽ വരവറിയിച്ചത്. മിക്കയിടങ്ങളിലും ബിജെപിയോട് തോറ്റെങ്കിലും മുൻ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് കോൺഗ്രസ് നേടി. പട്ടേൽ സമുദായത്തിന്റെ പിന്തുണയോടെയാണ് ഈ മുന്നേറ്റമെന്നത് ബിജെപിയെ ചിന്താക്കുഴപ്പത്തിലാക്കും. പട്ടേൽ ഭൂരിപക്ഷ മേഖലകളില്‍ 2012ൽ ബിജെപി നേടിയതും ഇത്തവണത്തെ വോട്ടും താരതമ്യപ്പെടുത്തിയാൽ വ്യത്യാസം തിരിച്ചറിയാം.

ജനസംഖ്യയിലെ 16 ശതമാനത്തിലേറെ വരുന്ന പട്ടേൽ സമുദായത്തിന്റെ ശക്തികേന്ദ്രമായ സൗരാഷ്ട്ര മേഖലയിൽ കോൺഗ്രസിന് വലിയ വിജയാണ്. 2012ൽ ഇവിടെ കോൺഗ്രസിന് 16ഉം ബിജെപിക്ക് 35ഉം സീറ്റുകളായിരുന്നു. ഇത്തവണ കോൺഗ്രസിന് 30, ബിജെപിക്ക് 23 എന്നായി. വിജയം പ്രതീക്ഷിച്ച ചിലയിടങ്ങളിലെ കനത്ത തോൽവിയും പട്ടേൽ നേതാക്കളില്‍ ചിലരുടെ പരാജയവും ഹാർദിക്കിനു തിരിച്ചടിയാണ്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയം ഉറപ്പിക്കാനായത് ബിജെപിക്ക് ആശ്വാസമാണ്. ഹാർദിക് തങ്ങൾക്കൊരു ഭീഷണിയേ ആയിരുന്നില്ലെന്ന പ്രചാരണവും ബിജെപി തുടങ്ങിക്കഴിഞ്ഞു.

കേശുഭായിയുടെ പിൻഗാമിയാകാൻ ഹാർദിക്

ഗുജറാത്തിൽ ആകെയുള്ള 182 മണ്ഡലങ്ങളിൽ വടക്കൻ മേഖല ഉൾപ്പെടെ എല്ലായിടത്തും പട്ടേൽ സമുദായത്തിനു വേരോട്ടമുണ്ട്. പരുത്തിയും പുകയിലയും ജീരകവും കൃഷി ചെയ്യുന്ന ലെവ വിഭാഗവും ഉദ്യോഗസ്ഥ- പ്രഫഷണൽ രംഗങ്ങളിൽ മേൽക്കൈയുള്ള കട്വ വിഭാഗവും ചേർന്നതാണു പട്ടേൽ സമുദായം. മൂന്നു മുൻമുഖ്യമന്ത്രിമാർ (ചിമൻഭായ് പട്ടേൽ, ബി.ജെ.പട്ടേൽ, കേശുഭായ് പട്ടേൽ) ഈ സമുദായത്തിൽ നിന്നുള്ളവരാണ്. പടിദാർ അനാമത് ആന്ദോളൻ സമിതി(പാസ്) സംഘടനയുടെ നേതൃത്വത്തിൻ കീഴിലാണ് ഇന്ന് സമുദായം. പാസ് കൺവീനറാണ് ഹാർദിക്. കട്വ വിഭാഗക്കാരൻ. കേശുഭായ്ക്കു ശേഷം പട്ടേൽ സമുദായത്തെ നയിക്കുക ഹാർദിക് എന്നാണ് പ്രചാരണം.

1990 മുതൽ മൂന്നിൽരണ്ട് സമുദായക്കാരും ബിജെപിയെ പിന്തുണച്ചു വരികയായിരുന്നു. 2012ൽ ലെവ പട്ടേലിൽ 63 ശതമാനവും ബിജെപിക്കാണ് വോട്ട് നൽകിയത്, 15% കോൺഗ്രസിനും. 2012ൽ കട്വ പട്ടേലിൽ 82 ശതമാനവും ബിജെപിക്കും ഏഴു ശതമാനം കോൺ‍ഗ്രസിനും വോട്ട് ചെയ്തു. എന്നാൽ ഇത്തവണ മാറി. 2016ലെ പട്ടേൽ സംവരണ പ്രക്ഷോഭത്തോടെ തന്നെ വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകുമെന്ന് സൂചനയുണ്ടായിരുന്നു. വോട്ടിന്റെ ഒഴുക്കുണ്ടായെങ്കിലും ശക്തമായിരുന്നില്ലെന്നത് ബിജെപിക്ക് തുണയായി. എന്നാൽ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന ഭീതി ബിജെപിയെ അലട്ടിത്തുടങ്ങിയിട്ടുണ്ട്.

അരലക്ഷത്തിൽ നിന്ന് ആയിരത്തിലേക്ക് !

പട്ടേൽ വിഭാഗത്തിൽ ഗുജറാത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് ജിത്തു വഖാനിയാണ്. ബിജെപി അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ വിജയം ഭാവ്നഗർ വെസ്റ്റിൽ നിന്ന് 27,000ത്തോളം വോട്ടിന്. 2012ൽ സൗരാഷ്ട്ര മേഖലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയവ്യക്തിയാണ് ജിത്തു. അന്ന് 53,893 വോട്ടിന്റെ ഭൂരിപക്ഷം. ബിജെപിയുടെ സൗരഭ് പട്ടേൽ ബോട്ടഡ് മണ്ഡലത്തിൽ നിന്നു ജയിച്ചത് 1200ഓളം വോട്ടിന്. കഴിഞ്ഞ തവണ അകോട്ടയിൽ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചയാളാണ്. എന്നാൽ കോൺഗ്രസിന്റെയും പട്ടേൽ നേതാക്കളുടെയും ഭൂരിപക്ഷം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ‘ഹാർദിക് പ്രഭാവ’ത്തെ താഴ്ത്തിക്കെട്ടുന്നത്.

ആംറേലിയിൽ നിന്ന് കോൺഗ്രസിന്റെ പരേഷ് ധനാനി 120,00ത്തോളം വോട്ടിന് ജയിച്ചപ്പോൾ കഴിഞ്ഞതവണ കിട്ടിയത് മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം. പട്ടേൽ വിഭാഗത്തിന് സ്വാധീനമുള്ള വരാച്ച റോഡിൽ കോൺഗ്രസിന്റെ ധിരുഭായ് ഗജേറ 14,000ത്തോളം വോട്ടിനു തോറ്റു. കഴിഞ്ഞ തവണ 23,000ത്തോളം വോട്ടിനായിരുന്നു തോൽവി. ഗോണ്ടലിൽ ജനസംഖ്യയുടെ 50 ശതമാനവും പട്ടേൽ സമുദായക്കാരാണ്. ഇവിടെ ബിജെപി ജയിച്ചത് 15,000ത്തിലേറെ വോട്ടിന്. ഹാർദിക്കിന്റെ നേതൃത്വത്തിൽ പ്രചാരണം നടത്തിയിട്ടും വോട്ടിങ് ശതമാനം പോലും 2012നേക്കാള്‍ കുറഞ്ഞു. എന്നാൽ മുന്‍പത്തേക്കാൾ ഗോണ്ടലിൽ ബിജെപി ഭൂരിപക്ഷം കുറഞ്ഞു.

സൗരാഷ്ട്ര മേഖലയിലെ സ്ഥിതി ഇങ്ങനെ:

∙ ധരിയിൽ കോൺഗ്രസ് 1,5000ത്തോളം വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണ ബിജെപി പിന്തുണയോടെ മൽസരിച്ച ഗുജറാത്ത് പരിവർത്തൻ പാർട്ടിയോട് 1500ഓളം വോട്ടിനു കോൺഗ്രസ് തോറ്റു.
∙ ലാത്തിൽ കോൺഗ്രസിനു ജയം. 10,000ത്തിനടുത്ത് ഭൂരിപക്ഷം നേടി വിജയിച്ചപ്പോൾ കഴിഞ്ഞ തവണ ഇവിടെ 2700ഓളം വോട്ടു മാത്രമായിരുന്നു ഭൂരിപക്ഷം.
∙ സവർകുണ്ട്‌ലയിൽ 2300ഓളം വോട്ടിനായിരുന്നു കഴിഞ്ഞതവണ കോൺഗ്രസിന്റെ ജയം. ഇത്തവണ 8500ഓളം വോട്ടിന്.
∙ ഭാവ്നഗർ ജില്ലയിലെ ഗരിയാധറിൽ ഇത്തവണ 1800ഓളം വോട്ടിന് കഷ്ടിച്ചാണ് ബിജെപി ജയം. കഴിഞ്ഞ തവണ 16,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
∙ പട്ടേൽ ശക്തികേന്ദ്രമായ സൂറത്ത് ജില്ലയിലെ കറന്‍ജിൽ 35,000ത്തോളം വോട്ടിനാണു ബിജെപി ജയം. കഴിഞ്ഞതവണ ഭൂരിപക്ഷം 49,000ത്തോളം വോട്ട്.
∙ കട്ടർഗാമിൽ 43,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി 2012ൽ ജയിച്ചപ്പോൾ ഇത്തവണ അത് എൺപതിനായിരത്തോളം.
∙ കാംറെജിൽ കഴിഞ്ഞ വർഷം 1.1 ലക്ഷമായിരുന്നു ബിജെപി ഭൂരിപക്ഷം. ഇത്തവണ അത് 28,000.
∙ ലിംബായത്തിൽ 31,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു. 2012ലും ഏകദേശം ഇതേ ഭൂരിപക്ഷം.
∙ വരാച്ച റോഡിൽ 14,000ത്തോളം വോട്ടിനാണ് ബിജെപി ജയിച്ചത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 20,000ത്തോളം.
∙ സൂറത്ത് നോർത്തിൽ ബിജെപി 20,000ത്തോളം ഭൂരിപക്ഷം നേടിയപ്പോൾ 2012ൽ 22,000.

കുലുങ്ങാതെ ‘മോദിമണ്ഡലം’

ജാംനഗർ റൂറലിൽ 2012ൽ 3300ഓളം വോട്ടിനായിരുന്നു കോൺഗ്രസിന്റെ രാഘവ്ജി പട്ടേലിന്റെ വിജയം. ഇത്തവണ ഭൂരിപക്ഷം 6300ഓളം വോട്ടായി. പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന ഉൻജയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഇവിടെ അഞ്ചു തവണ എംഎൽഎയായിരുന്ന നാരായണ്‍ പട്ടേലിനെ കോൺഗ്രസിന്റെ പുതുമുഖം ആഷ പട്ടേൽ തോൽപ്പിച്ചത് 19,000ത്തോളം വോട്ടിന്. സൗരാഷ്ട്രയിലെ ദോറാജി മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച ഒരേയൊരു പടിദാർ അനാമത് ആന്ദോളൻ സമിതി സ്ഥാനാർഥി ലളിത് വസോയ 85,070 വോട്ടുകൾ നേടി. 25,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം. 2013ൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച മണ്ഡലമാണിത്.

പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന മോർബിയിൽ മൽസരിച്ചത് ഹാർദിക്കിന്റെ അടുപ്പക്കാരനായ കോൺഗ്രസിന്റെ ബ്രിജേഷ് മിശ്ര. വിജയിച്ചത് 3400ഓളം വോട്ടിന്. ബിജെപി സിറ്റിങ് എംഎൽഎ കാന്തിലാൽ അമൃതയ്യയെ ആണു ബ്രിജേഷ് തോൽപിച്ചത്. മോദിയുടെ മണ്ഡലമായിരുന്ന മണി നഗറിൽ പക്ഷേ പട്ടേൽ സമുദായത്തിന് കാര്യമായ അനക്കങ്ങൾ സൃഷ്ടിക്കാനായില്ല. നേരത്തേ ഇവിടെ മോദി ജയിച്ചത് മൂന്നുതവണ. ഗുജറാത്തിലെ ആർഎസ്എസിന്റെ ആസ്ഥാനവും ഇവിടെയാണ്. 2014ൽ മോദി ഡൽഹിയിലേക്കു തട്ടകം മാറ്റിയതോടെ വിശ്വസ്തൻ സുരേഷ് പട്ടേൽ മൽസരിച്ചു. ഇത്തവണ അദ്ദേഹത്തിന്റെ ജയം 1,16,113 വോട്ടുകൾക്കാണ്. കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചത് 40,914 വോട്ട് മാത്രം.

സൗരാഷ്ട്രയിലെ ഏറ്റവും വലിയ മണ്ഡലമാണ് രാജ്കോട്ട് വെസ്റ്റ്. മൂന്നു ലക്ഷം വോട്ടർമാരിൽ പട്ടേൽ സമുദായക്കാർക്ക് വൻ ഭൂരിപക്ഷമുള്ളയിടം. ബിജെപി വൻ തിരിച്ചടി നേരിടുമെന്നു കരുതിയ മണ്ഡലവും. എന്നാൽ മുഖ്യമന്ത്രി വിജയ് രൂപാണി വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു. എറ്റവും സമ്പന്നനായ സ്ഥാനാർഥി ഇന്ദ്രാണിൽ രാജ്ഗുരുവിനെ തറപറ്റിച്ചാണ് രൂപാണിയുടെ ജയം. വെസ്റ്റ് മണ്ഡലം ചോദിച്ചു വാങ്ങിയെത്തിയ രാജ്ഗുരു പ്രതീക്ഷ വച്ചിരുന്നത് പട്ടേൽ വോട്ടുകളിലായിരുന്നു.

സൂറത്ത് നോർത്ത് മണ്ഡലത്തിലാണ് പട്ടേൽ പ്രക്ഷോഭകാരികൾക്ക് വൻ തിരിച്ചടി നേരിട്ടത്. ഹാർദിക്കിന്റെ നേതൃത്വത്തില്‍ നേതാക്കൾ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊന്ന്. ബിജെപിക്കു വോട്ടു ചെയ്യരുതെന്ന സന്ദേശം സമുദായാംഗങ്ങളിലേക്കെല്ലാം എത്തിച്ചു. പക്ഷേ ബിജെപിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസിനു തോൽവി പിണഞ്ഞു.

ഗുജറാത്തിൽ മോദിയും അമിത്ഷായും പ്രധാനമായും ലക്ഷ്യമിടുന്നത് താങ്കളെയാണല്ലോ എന്ന് തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ഹാർദിക്കിനു നേരെ ചോദ്യമുയർന്നു. മറുപടി ഇതായിരുന്നു: ‘ഒരു വർഷത്തിലേറെയായി അതങ്ങനെയാണ്. ഇനി അടുത്ത 50 വർഷവും ഇങ്ങനെ പോയേക്കും. അതു നേരിടുക തന്നെ ചെയ്യും’. ശക്തമായ പ്രതിപക്ഷ ശബ്ദമായി ഗുജറാത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറയാനൊരുങ്ങുകയാണ് ഹാർദിക് പട്ടേൽ.