Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടുകൾ സീറ്റാക്കാനായില്ല; പാഠം പഠിച്ചു മുന്നേറാൻ ബിജെപി, തിരുത്തലിന് കോൺഗ്രസ്

Gujarat Election

അഹമ്മദാബാദ്∙ ‌ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം ബിജെപിക്കും കോൺഗ്രസിനും ഒരു പോലെ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും നൽകുന്നു. ഹിമാചലിൽ തിളക്കമാർന്ന വിജയം നേടിയെങ്കിലും ഗുജറാത്തിൽ പിടിച്ചു നിൽക്കാൻ മാത്രമായത് ബിജെപിയെ ഞെട്ടിക്കുന്നതാണ്. ആറാം തവണയും വിജയം കൊയ്തു 22 വർഷത്തെ ഭരണത്തിനു തുടർച്ച നേടാനായി എന്ന് അഭിമാനിക്കാമെങ്കിലും പ്രധാനമന്ത്രിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും സ്വന്തം തട്ടകത്തിൽ അവസാനം വരെ വിയർത്താണ് പാർട്ടി വീണ്ടും അധികാരത്തിലേക്ക് കടക്കുന്നത്. പ്രതിപക്ഷം ഒന്നാകെ എതിർത്തപ്പോഴും 49 ശതമാനത്തിലധികം വോട്ടു നേടാനായി എന്ന് ആശ്വസിക്കാമെങ്കിലും അത് സീറ്റാക്കി മാറ്റാൻ ബിജെപിക്കായില്ല.

രണ്ടു മാസം മുൻപു വരെ ഗുജറാത്തിൽ കാര്യമായി ഒന്നും ചെയ്യാനാവില്ലെന്നു കരുതിയ കോൺഗ്രസ് പയറ്റിയ തന്ത്രം വിജയം കണ്ടു എന്നു വേണം കരുതാൻ. അധികാരം നേടാനായില്ലെങ്കിലും 77 സീറ്റു നേടിയത് ശക്തമായ തിരിച്ചുവരവിന് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ്. പട്ടേൽ സമുദായ യുവ നേതാവ് ഹാർദിക് പട്ടേലും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും പിന്നാക്ക വിഭാഗ നേതാവ് അൽപേഷ് ഠാക്കൂറും കോൺഗ്രസിനൊപ്പം ചേർന്നതോടെ നേർക്കു നേരായ പോരാട്ടത്തിൽ മികച്ച റണ്ണർ അപ്പായാണ് കോൺഗ്രസ് ഫിനിഷിങ് പോയിന്റിലെത്തിയത്.

ബിജെപിയെയും കോൺഗ്രസിനെയും ഒരു പോലെ കണ്ണു തുറപ്പിക്കുന്നതാണ് ഈ ഫലം. അടുത്തവർഷം നടക്കാനിരിക്കുന്ന കർണാടക, ത്രിപുര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളെയും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെയും എങ്ങനെ നേരിടണമെന്ന് ഇരുപാർട്ടികളും എങ്ങനെ കാണണം എന്നതിന്റെ സൂചന കൂടിയായി ഇത്. കോൺഗ്രസും ബിജെപിയും ശക്തമായ പോരാട്ടം നടത്തിയെങ്കിലും ജനപിന്തുണ സമ്മിശ്രമാണെന്ന സൂചനയാണ് മണ്ഡലം തിരിച്ചുള്ള ഫലം നൽകുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയും ജനവിരുദ്ധമാണെന്നും വികസനം നാട്ടിൻപുറങ്ങളിലെത്തിയില്ലെന്നു‌മുള്ള കോൺഗ്രസ് പ്രചാരണം ഗ്രാമങ്ങളിൽ ബിജെപിയെ തളർത്തിയപ്പോൾ നഗരങ്ങൾ ബിജെപിയെ തുണച്ചുവെന്നാണ് ചിത്രം. പ്രത്യേകിച്ചു വ്യവസായ വികസനം നേടിയ മേഖലകളിലും പരിസരങ്ങളിലും. എന്നാൽ ഒട്ടേറെ ഗ്രാമ മണ്ഡലങ്ങൾ സ്വന്തമാക്കാൻ കോൺഗ്രസിനു കഴിഞ്ഞു. ഗുജറാത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്ന പ്രക്ഷോഭങ്ങളുടെ അനന്തര നേട്ടം കൂടിയാണ് കോൺഗ്രസിനു കിട്ടിയ ആശ്വാസ നേട്ടം. ആ പ്രക്ഷോഭകാരികാളെ കൂടി ഒപ്പം നിർത്താനായതിന്റെ വിജയമാണ് 77 സീറ്റ് നേടി മികച്ച പ്രതിപക്ഷമായി മാറാനായത്. വികസനവും മോദി പ്രഭാവും പറഞ്ഞതിനൊപ്പം മതവും സമുദായവും പോർവിളികളും നിറഞ്ഞു നിന്നതായി തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം.

ബിജെപിക്ക് 16 സീറ്റുകൾ നഷ്ടമാവുകയും കോൺഗ്രസ് 16 സീറ്റ് അധികം നേടുകയും ചെയ്തെങ്കിലും ഇരു പാർട്ടികൾക്കും കഴിഞ്ഞ തവണ വിജയിച്ച ഒട്ടേറെ സീറ്റുകളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു എന്നത് ഫലത്തെ സസൂക്ഷ്മം വിശകലനം ചെയ്യണം എന്നാണ് നൽകുന്ന സൂചന. സൗരാഷ്ട്ര, കച്ച് മേഖലകളിൽ ഹാർദ്ദിക്കിന്റെ സ്വാധീനത്തിൽ കോൺഗ്രസ് ജയിച്ചുകയറിയപ്പോൾ മറ്റു പല മേഖലകളിലും കോൺഗ്രസിന്റെ പരമ്പരാഗത സീറ്റുകളിൽ തോൽവി ഏറ്റുവാങ്ങി. വിജാപൂർ, ജേത് പൂർ, ഹിമത്നഗർ, ജാംനഗർ നോർത്ത്, മുഹമ്മദാബാദ്, പെട്ലാഡ്, രാജ്കോട്ട് ഈസ്റ്റ്, പലിതാന,മൻസാ, സാനന്ദ്, ഖടി തുടങ്ങിയ 16 സീറ്റാണ് കോൺഗ്രസിനു നഷ്ടമായത്. രാധൻപൂർ,മോർബി, ഉൻജ, നിസാർ, പഡ്റ, പഠാൻ തുടങ്ങി ഇരുപതിൽ പരം സീറ്റിൽ ബിജപി തോൽവി ഏറ്റുവാങ്ങി.

ഭരണം നേടായിട്ടില്ലെങ്കിലും കഴിഞ്ഞ ആറു തിരഞ്ഞെടുപ്പിലും 35 ശതമാനത്തിലധികം വോട്ടിന്റെ അടിത്തറയുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ വർഷങ്ങളായി ജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നേതാവില്ലെന്നത് കോൺഗ്രസിന്റെ ബലഹീനതായായി തുടരുന്നു. ഇത്തവണ ഗുജറാത്തിൽ സാന്നിധ്യമുള്ള മൊത്തം പ്രതിപക്ഷത്തെയും ഒപ്പം കൂട്ടിയപ്പോഴും എടുത്തു കാണിക്കാൻ ഒരു നേതാവില്ലാതെ പോയി എന്നതായി സംഘടനാ ദൗർബല്യം. മറുവശത്ത് നരേന്ദ്രമോദി എന്ന പ്രതീകം തന്നെയായിരുന്നു ബിജെപിയുടെ തുറുപ്പു ചീട്ട്. പാർട്ടി അധ്യക്ഷനായി അവരോധിച്ചെങ്കിലും അമിത് ഷാ ഗുജറാത്ത് ജനതയുടെ ജനപ്രിയ നായകനല്ലെന്ന സൂചനയും ഈ ഫലം നൽകുന്നു. ഒപ്പം മുഖ്യമന്ത്രി വിജയ് രൂപാണിയും കാര്യമായി ജനപ്രിയനല്ലെന്നത് ബിജെപിക്ക് തിരിച്ചടിയായതായാണു വിലയിരുത്തൽ.

related stories