Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് ലീഡിൽ ‘കുലുങ്ങി’; ബിജെപിയുടെ തിരിച്ചുവരവിൽ കരകയറി ഓഹരി വിപണി

stock exchange

മുംബൈ∙ ഗുജറാത്തിൽ ആറാം തവണയും ബിജെപി അധികാരത്തിലെത്തിയതോടെ ഓഹരി വിപണിയിലും അതിന്റെ പ്രതിഫലനം. സെന്‍സെക്സ് 138.71 പോയിന്റ് നേടി 33,601.68ലും നിഫ്റ്റി 55.50 പോയിന്റ് നേടി 10,388.75ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കോൺഗ്രസ് നടത്തിയ മുന്നേറ്റം ഓഹരി വിപണിയിൽ ഇടിവു രേഖപ്പെടുത്തിയിരുന്നു. സെൻസെക്സിൽ 850 പോയിന്റുവരെയും നിഫ്റ്റിയിൽ 200 പോയിന്റുമാണ് കുറഞ്ഞത്.

ഗുജറാത്തിൽ ബിജെപി നിലമെച്ചപ്പെടുത്തിയതോടെ ഓഹരിവിപണിയും കരകയറി. ഇരു പാർട്ടികളും തമ്മിൽ രണ്ടു സീറ്റിന്റെ വരെ വ്യത്യാസം വന്നതാണ് ഓഹരി വിപണിയെ ഭീതിയിലാഴ്ത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നതോടെ വിപണി വൻതോതിൽ തകർന്നു.

അതേസമയം, തിരഞ്ഞെടുപ്പു ഫലം രൂപയുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 68 പൈസ കുറഞ്ഞ് 64.72ൽ എത്തി. എക്സിറ്റ് പോളിനെത്തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രൂപയുടെ മൂല്യം 30 പൈസ മെച്ചപ്പെട്ട് 64.04ൽ എത്തിയിരുന്നു.

നേരത്തെ, എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന വിലയിരുത്തലിൽ ഓഹരി വിപണിയിൽ നേട്ടങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്‌ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 33,462.97 പോയിന്റിലും നിഫ്‌റ്റി 10,333.25 പോയിന്റിലുമായിരുന്നു.

ഡൽഹി, രാജസ്‌ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് നിയമസഭകളിലേക്കു 2013 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിലും 2014 മേയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേടിയ വിജയങ്ങൾ ഓഹരി വില സൂചികകളെ റെക്കോർഡിലേക്ക് ഉയർത്തിയിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ യുപിയിലെയും മറ്റും ബിജെപി വിജയവും വിലസൂചികകൾക്കു സമ്മാനിച്ചതു സർവകാല ഉയർച്ചയാണ്.