Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായുടെ ‘150’ സ്വപ്നം പാളി; ഗുജറാത്തിൽ ‘തോറ്റു കൊടുക്കാതെ’ കോൺഗ്രസ്

modi-rahul-campaign

ന്യൂഡൽഹി ∙ രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പു ഫലങ്ങളുടെ അന്തിമചിത്രം വ്യക്തമാകുമ്പോൾ നേട്ടം ബിജെപിക്കും മോദിക്കും. ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയും ഭരണം നിലനിർത്തിയ ബിജെപി, ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ ഗാലറിയിലേക്ക് തിരിച്ചയച്ചു. ഒരു ഘട്ടത്തിൽ കോൺഗ്രസിനോട് തോൽക്കുമെന്ന തോന്നിച്ച ബിജെപി അവസാന കുതിപ്പിൽ വിജയമുറപ്പിക്കുകയായിരുന്നു.

കേന്ദ്രത്തിൽ അധികാരത്തിന്റെ മൂന്നാം വർഷം പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജീവശ്വാസം തേടുന്ന കോൺഗ്രസിനും ഫലങ്ങൾ നിർണായകമായിരുന്നു. ഇരുകൂട്ടരും കാര്യമായ പരുക്കുകളില്ലാതെ ‘രക്ഷപ്പെട്ടു’ എന്നതാണ് ഗുജറാത്ത് ഫലത്തിന്റെ പ്രത്യേകത. അധികാരം നിലനിർത്തിയത് ബിജെപിക്ക് ആത്മവിശ്വാസമായപ്പോൾ, സീറ്റെണ്ണത്തിലും വോട്ടുശതമാനത്തിലുമുള്ള വർധന കോൺഗ്രസിനു പിടിവള്ളിയാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി ഗുജറാത്തിനെയും ഹിമാചലിനെയും കാണുന്ന മോദിക്കും ബിജെപിക്കും കരുത്തേകുന്നതാണ് അന്തിമഫലങ്ങൾ.

രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണർവുണ്ടായ കോൺഗ്രസിന് ഗുജറാത്ത് ഫലം ആത്മവിശ്വാസമേകും. അനിഷേധ്യനായി കുതിച്ചിരുന്ന മോദിയെ ‘തൊടാനായി’ എന്നതാണ് രാഹുലിന്റെയും പാർട്ടിയുടെയും വിജയം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയെ തളയ്ക്കാൻ കഴിയും എന്ന വിശ്വാസം പാർട്ടിക്കു നൽകാനിതു സഹായിക്കും.

ബിഹാറിലെ നിയമസഭാ തോൽവിക്കു ശേഷം യുപിയിലും ഉത്തരാഖണ്ഡിലും തകർപ്പൻ വിജയം നേടിയാണ് ബിജെപിയും മോദിയും കരുത്തു തെളിയിച്ചത്. നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയെയും ജിഎസ്ടി പിഴവുകളുടെ ആരോപണ പെരുമഴയെയും പിന്തള്ളിയാണ് ബിജെപിയുടെ വിജയം. സംസ്ഥാനത്തെ സമുദായ സംഘടനകൾ എതിരായതാണ് ബിജെപിക്ക് തിരിച്ചടിയായതും കോൺഗ്രസിന് നേട്ടമായതും.

പ്രധാനമന്ത്രിയായി മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതോടെ ഗുജറാത്തിലെ പ്രാദേശിക നേതൃത്വം ദുർബലമായെന്നാണ് പാർട്ടിയുടെ നിഗമനം. അധ്യക്ഷ പദവിയേറ്റ ശേഷം അമിത്ഷാ സ്വന്തം നാട്ടിൽ നേരിട്ട ആദ്യ ജനവിധി എന്ന നിലയിലും തിരഞ്ഞെടുപ്പു ശ്രദ്ധേയമായി. ജനപ്രിയരല്ലാത്ത മുഖ്യമന്ത്രി വിജയ് രൂപാണിയെയും ഉപമുഖ്യമന്ത്രി നിതൽ പട്ടേലിനെയും പങ്കെടുപ്പിക്കാതെ, ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥി എന്നു പ്രഖ്യാപിക്കാത്ത തന്ത്രമാണ് ഗുജറാത്തിൽ ബിജെപി പയറ്റിയത്. ഹിമാചലിൽ പ്രേംകുമാർ ധൂമലിനെ മ‌ുഖ്യമന്ത്രി സ്ഥാനാർഥിയായി അമിത് ഷാ പ്രഖ്യാപിച്ചു. പക്ഷേ, ദയനീയമായി തോൽക്കാനായിരുന്നു ധൂമലിന്റെ യോഗം.

ഗുജറാത്തിൽ 1995നു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും വിജയം നേടിയെങ്കിലും ബിജെപിയുടെ വോട്ടു വിഹിതം നേരിയ തോതിൽ കുറയുകയാണ്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ടു നേടിയാണ് ബിജെപി സംസ്ഥാനത്തെ മൊത്തം ലോക്സഭാ സീറ്റും സ്വന്തമാക്കിയത്. ഇത്തവണ സീറ്റുകളുടെ എണ്ണത്തിലും കു‌റവുണ്ടായി. സംസ്ഥാനത്തെ 26ൽ 20 പരിഷത്തും പിടിക്കാൻ കഴിഞ്ഞത് കോൺഗ്രസിനു പ്രതീക്ഷ നൽകിയിരുന്നു.

പട്ടേൽ പ്രക്ഷോഭം ആളിക്കത്തിയതിനു തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയായിരുന്നു. ഗ്രാമങ്ങളിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയും ജിഎസ്ടിക്കെതിരെ ഉയർന്ന വികാരവും വോട്ടാകും എന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. ബിജെപി വിരുദ്ധ ശക്തികളെ കോർത്തിണക്കി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാൻ സാധിച്ചത് പ്രതീക്ഷയേകി. ശക്തമായ സംഘടനാ അടിത്തറയും മോദിയു‌ടെ ജനപിന്തുണയുമാണ് വിജയം ആവർത്തിക്കാൻ സഹായിച്ചതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.

150 സീറ്റെന്ന സ്വപ്നസംഖ്യയുമായി അമിത്ഷാ ഗുജറാത്തിൽ കളം നിറഞ്ഞെങ്കിലും രാഹുലിന്റെയും പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെയും നേതൃത്വത്തിൽ കോൺ‍ഗ്രസിനും മികച്ച മുന്നേറ്റം നടത്താനായി. ആദ്യഘട്ടത്തിലെ പോളിങ് കുറവ് തങ്ങൾക്ക് അനുകൂലമായെന്നു ബിജെപി വിലയിരുത്തുന്നു. പട്ടേൽ മേഖലകളിൽ വോട്ടിങ് കുറഞ്ഞതും ഗുണമായി. 150 എന്ന മാന്ത്രികസംഖ്യയിലേക്കുള്ള ബിജെപിയുടെ പ്രയാണത്തിനു തടയിട്ടു എന്നതിൽ കോൺഗ്രസിന് അഭിമാനിക്കാം.

related stories