Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ ആറാമൂഴം, ഹിമാചലിൽ തിരിച്ചുവരവ്; വിജയാരവത്തിൽ ബിജെപി

India State Elections

ന്യൂഡൽഹി∙ കടുത്ത പോരാട്ടത്തിനൊടുവിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഭരണത്തിലേറി ബിജെപി. ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ഗുജറാത്തിൽ ഭരണമുറപ്പിച്ചത്.

നിലവിൽ 99 സീറ്റുകളിൽ ബിജെപിയും 80 സീറ്റുകളിൽ കോൺഗ്രസും മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. ആകെ 182 സീറ്റുകളുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്. 49.1 ശതമാനമാണ് ബിജെപിയുടെ വോട്ടുവിഹിതം. കോൺഗ്രസിന് കിട്ടിയത് 41.4 ശതമാനം. അന്തിമഫലത്തിൽ നേരിയ മാറ്റങ്ങൾ വന്നേക്കാം.

വെസ്റ്റ് രാജ്കോട്ടിൽ കടുത്ത മൽസരം നേരിട്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും പട്ടേൽ സ്വാധീന മേഖലയായ മെഹ്സാനയിൽ മൽസരിച്ച ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ജയിച്ചുകയറി. വഡ്ഗാമിൽ ജനവിധി തേടിയ ദലിത് യുവനേതാവ് ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്ന ക്ഷത്രിയ–പിന്നാക്ക–ദലിത്–ആദിവാസി നേതാവ് അൽപേഷ് ഠാക്കൂറും വിജയിച്ചു. അതേസമയം, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ അർജുൻ മോഡ്‌വാഡിയ, ശക്തിസിങ് ഗോഹിൽ എന്നിവർ തോറ്റു.

ഗുജറാത്തിൽ കഴിഞ്ഞ തവണത്തേക്കാൾ (115) കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദങ്ങൾ ഫലിച്ചില്ല. ഒരു ഘട്ടത്തിൽ അപ്രതീക്ഷിത ലീഡ് നേടിയ കോൺഗ്രസ് പിന്നീട് പിന്നോക്കം പോയി. രാഷ്ട്രീയമായി വൻ നേട്ടമാണ് കോൺഗ്രസ് കൈവരിച്ചത്. കടുത്ത മൽസരമാണ് അവർ കാഴ്ചവച്ചത്. പോർബന്തറിൽ മുതിർന്ന നേതാവ് അർജുൻ മേഡ്‌വാഡിയ പരാജയപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായി. ഭാരതീയ ട്രൈബൽ പാർട്ടി രണ്ടിടത്ത് ജയിച്ചു. എൻസിപിയും സ്വതന്ത്രനും ഓരോ സീറ്റ് നേടി.

ഗ്രാമീണ മേഖലകൾ കൈവിട്ടപ്പോൾ നഗരമേഖലകളിലെ മുന്നേറ്റമാണ് ബിജെപിയെ തുണച്ചത്. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളും ബിജെപിക്കൊപ്പം നിന്നു. അതേസമയം, പട്ടേൽ സമരനായകൻ ഹാർദിക് പട്ടേലിന്റെ പിന്തുണ ലഭിച്ച കോൺഗ്രസ്, പട്ടേൽ സ്വാധീന മേഖലകളിൽ നേട്ടമുണ്ടാക്കി. ഗ്രാമീണ മേഖലയും കോൺഗ്രസിനെ പിന്തുണച്ചപ്പോൾ, പിന്നാക്ക മേഖലകളിൽ ബിജെപിയാണ് കൊയ്തത്. രണ്ടാംഘട്ട വോട്ടെടുപ്പു നടന്ന സ്ഥലങ്ങളിൽ ബിജെപി കൂടുതൽ നേട്ടമുണ്ടാക്കി.

വോട്ട് എണ്ണിത്തുടങ്ങിയതു തൊട്ടേ ഹിമാചലിൽ ബിജെപിക്കായിരുന്നു ലീഡ്. ആകെയുള്ള 68 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുന്നേറി. 44 സീറ്റുകൾ ബിജെപി നേടിയപ്പോൾ ഭരണകക്ഷി ആയിരുന്ന കോൺഗ്രസ് 21 സീറ്റിലൊതുങ്ങി. സിപിഎം സ്ഥാനാർഥി രാകേഷ് സിൻഹയുടെ വിജയം അപ്രതീക്ഷിതമാണ്. ഒരു സ്വതന്ത്രനും ജയിച്ചുകയറി. 48.7 ശതമാനം വോട്ടുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 41.8 ശതമാനം.

ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രേംകുമാർ ധൂമൽ തോറ്റത് ബിജെപിക്കു തിരിച്ചടിയായി. കോൺഗ്രസ്, ബിജെപി പാർട്ടികളെ മാറിമാറി വരിക്കുന്ന സ്വഭാവം ഹിമാചൽ നിലനിർത്തി. 1993നുശേഷം ആദ്യമായാണ് സിപിഎം സ്ഥാനാർഥി വിജയിക്കുന്നത്. ബിജെപിയുടെ സംസ്ഥാന, യുവമോർച്ച അധ്യക്ഷൻമാർ തോൽവി രുചിച്ചു.