Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗുജറാത്ത് മോഡൽ’ ലക്ഷ്യം കണ്ടില്ല; ഗ്രാമങ്ങള്‍ കൈവിട്ടു, നഗരങ്ങള്‍ തുണച്ചു

Gujarat Election

ന്യൂഡല്‍ഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നഗരപ്രദേശങ്ങളില്‍ ബിജെപി മുന്നേറ്റം കാഴ്ചവച്ചപ്പോള്‍ ഗ്രാമീണമേഖലയിൽ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനം ബിജെപിക്കു ഗുണമായപ്പോള്‍ താഴെക്കിടയില്‍ ശക്തരായ നേതാക്കളില്ലാത്തതു കോണ്‍ഗ്രസിനു തിരിച്ചടിയായി. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പിന്തുണ കോണ്‍ഗ്രസിനെ എല്ലായിടങ്ങളിലും സഹായിച്ചില്ലെന്നാണു വോട്ടുനില വ്യക്തമാക്കുന്നത്.

ബിജെപിക്കു ലഭിച്ച വോട്ടുവിഹിതം 49.1% (മൂന്നു മണി വരെയുള്ള കണക്ക്). 2012 നെ അപേക്ഷിച്ച് 1.25 % വര്‍ധന. കോണ്‍ഗ്രസിനു ലഭിച്ചത് 41.5 % വോട്ട്, 2012 നെ അപേക്ഷിച്ച് 2.57% വോട്ടുകള്‍ കൂടി. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, കോണ്‍ഗ്രസിന് 17 സീറ്റുകള്‍ കൂടിയപ്പോള്‍ ബിജെപിക്ക് 14 സീറ്റ് നഷ്ടപ്പെട്ടു. നഗരപ്രദേശങ്ങളിൽ 55 സീറ്റിൽ ബിജെപി 43 ഉം കോൺഗ്രസ് 12 ഉം ഗ്രാമപ്രദേശങ്ങളിൽ 127 സീറ്റിൽ ബിജെപി 56, കോൺഗ്രസ് 71 എന്നിങ്ങനെയാണ് കക്ഷിനില.

∙ ഗുജറാത്തില്‍ രാഹുലിന്റെ തന്ത്രങ്ങള്‍ വിജയിച്ചോ?

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ എല്ലാത്തരത്തിലും പരിശ്രമിക്കുന്ന രാഹുലിനെയാണ് രാജ്യം കണ്ടത്. രാഹുലിന്റെ പ്രചാരണം വലിയ ആവേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. ഗുജറാത്തിലെ വിജയം എന്തിനേക്കാളും പ്രധാനപ്പെട്ടതാണെന്നു തിരിച്ചറിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പ്രചാരണവുമായി ഗുജറാത്തില്‍ േകന്ദ്രീകരിച്ചതോടെ അവസാന റൗണ്ടില്‍ ബിജെപി ഓടിക്കയറി. ഓരോ ബൂത്തും വിലയിരുത്തിയുള്ള അമിത്ഷായുടെ തന്ത്രങ്ങളും ഗുണം ചെയ്തു. കോണ്‍ഗ്രസിന്റെ ബൂത്ത് തല പ്രവര്‍ത്തനം മോശമായിരുന്നു. 

മൂന്നു യുവനേതാക്കളെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞത്- പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍, ദലിത് നേതാവ് ജിഗ്‌നേഷ് മെവാനി, ഒബിസി വിഭാഗങ്ങളുടെ നേതാവ് അല്‍പേഷ് താക്കൂര്‍. ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധവികാരം ഉയര്‍ത്തിക്കാണിക്കാന്‍ ഈ മൂന്നുപേരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. ബിജെപി കൊട്ടിഘോഷിക്കുന്ന ‘ഗുജറാത്ത് മോഡല്‍’വികസനത്തിന് ഇതു വലിയ തിരിച്ചടിയാകുമെന്നാണ് കരുതിയതെങ്കിലും ‘മോദി മാജിക്കില്‍’ അതെല്ലാം ഇല്ലാതായി. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് ഗുജറാത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ വോട്ടാക്കി മാറ്റുകയാണ് ബിജെപി ചെയ്തത്.

ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ദലിത്, ഒബിസി വിഭാഗങ്ങളുടെ വോട്ട് കോണ്‍ഗ്രസിനു നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു വിലയിരുത്തല്‍ ഇതാണ്: പട്ടേല്‍ സമുദായത്തില്‍ കൂടുതല്‍പേരും ഹാര്‍ദിക് പട്ടേലിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്തില്ല. അതോടെ സമുദായ വോട്ടുകള്‍ ചിതറി. അതിന്റെ സിംഹഭാഗവും ബിജെപിക്ക് അനുകൂലമായി. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ക്ഷത്രിയ (ഒബിസി), ഹരിജന്‍, ആദിവാസി, ദളിത് വിഭാഗങ്ങളുടെ, കോണ്‍ഗ്രസിനു കിട്ടേണ്ട വോട്ടുകളില്‍ ഭൂരിഭാഗവും ചിതറിപ്പോയിരിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

∙ കൊണ്ടും കൊടുത്തും ബിജെപിയും കോണ്‍ഗ്രസും

പട്ടേല്‍ സമുദായത്തിന് ഗുജറാത്തില്‍ 16% വോട്ടുണ്ട്. സമുദായത്തിന് ശക്തമായ സ്വാധീനമുള്ള വടക്കന്‍ ഗുജറാത്തില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഒരു ശതമാനം വോട്ടുകള്‍ ബിജെപിക്ക് ഇവിടെ വര്‍ധിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ടുശതമാനം വോട്ടുകള്‍ വര്‍ധിച്ചു. ബിജെപി കഴിഞ്ഞത വണത്തെ 31 ഉം കോണ്‍ഗ്രസ് 21 ഉം സീറ്റുകള്‍ നിലനിര്‍ത്തി.

ഗുജറാത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കോണ്‍ഗ്രസിനു ചെറിയ നേട്ടമുണ്ടായ‌‌‌ി‌‌‌‌; ബിജെപിക്ക് ചെറിയ നഷ്ടവും. ആകെയുള്ള 35 സീറ്റുകളില്‍ 25 എണ്ണത്തിൽ ബിജെപി വിജയിച്ചു. 2012 ൽ ലഭിച്ചത് 28 സീറ്റായിരുന്നു. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ആറില്‍നിന്ന് പത്തിലേക്കുയര്‍ന്നു. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ഇവിടെ ബിജെപിക്ക് തിരിച്ചടി കിട്ടി. 2012 ല്‍ 54 സീറ്റില്‍ 35 ഉം ബിജെപി ജയിച്ചപ്പോള്‍ ഇത്തവണ 23 സീറ്റിലാണ് വിജയിക്കാനായത്. കോണ്‍ഗ്രസ് 16 സീറ്റെന്ന നിലയില്‍നിന്ന് 30 സീറ്റിലേക്ക് ഉയര്‍ന്നു. തീരദേശ മേഖലയാണ് സൗരാഷ്ട്ര. കൃഷിയും ചെറുകിട വ്യാപാരവുമാണ് ജനങ്ങളുടെ ഉപജീവനമാര്‍ഗം. ജിഎസ്ടി, നോട്ടുനിരോധനം എന്നിവ ജനങ്ങളെ മാറ്റിച്ചിന്തിപ്പിച്ചു എന്നുവേണം കരുതാന്‍. 

സെന്‍ട്രല്‍ ഗുജറാത്തില്‍, 40 സീറ്റില്‍ 25 എണ്ണത്തില്‍ ബിജെപി വിജയിച്ചു. 2012 നെ അപേക്ഷിച്ച് അഞ്ചു സീറ്റുകള്‍ കൂടി. കോണ്‍ഗ്രസിന് 13 സീറ്റുകളിലേ വിജയിക്കാനായുള്ളൂ. കൈവശമുണ്ടായിരുന്ന അഞ്ചു സീറ്റുകള്‍ നഷ്ടപ്പെട്ടു. മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള ചില മേഖലകളില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടു. പട്ടേല്‍ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള 25 സീറ്റുകളില്‍ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 2012 ല്‍ ഇത് ഒരു സീറ്റ് മാത്രമായിരുന്നു. ബിജെപി 13 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ ഒരു സീറ്റ് നഷ്ടപ്പെട്ടു. 

∙ പ്രകടനം മെച്ചപ്പെടുത്തുന്ന കോണ്‍ഗ്രസ്

2002 ല്‍ ബിജെപി 184 സീറ്റില്‍ 127 സീറ്റിലാണ് വിജയിച്ചത്. വോട്ട് വിഹിതം 49.85. അടുത്ത തിരഞ്ഞെടുപ്പില്‍ ഇത് 117 സീറ്റായി കുറഞ്ഞു. വോട്ടുവിഹിതം 49.12. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 115 സീറ്റായി. വോട്ടുവിഹിതം 48.30.

കോണ്‍ഗ്രസിന് 2002 ല്‍ 51 സീറ്റാണ് ലഭിച്ചത്. വോട്ടുവിഹിതം 39.59. അടുത്ത തിരഞ്ഞെടുപ്പില്‍ 59 സീറ്റ്. വോട്ടുവിഹിതം 39.69. 2012 ല്‍ സീറ്റുകളുടെ എണ്ണം 61 ആയി. വോട്ടുവിഹിതം 40.59.

∙ ബിജെപിയെ കൈവിട്ട് ഗ്രാമങ്ങള്‍

ഗ്രാമങ്ങള്‍ ബിജെപിയോട് വലിയ മമത കാട്ടാതിരുന്ന തിരഞ്ഞെടുപ്പില്‍ നഗരജനത അവരോട് കൂറുകാട്ടി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് ഗുജറാത്ത് മോഡല്‍ വികസനം. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗുജറാത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന മുദ്രാവാക്യമാണ് മോദി അന്ന് ഉയര്‍ത്തിയത്. എന്നാല്‍, കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഗുജറാത്തിലെ ഗ്രാമവാസികളുടെ ജീവിതം മെച്ചപ്പെടുന്നില്ല എന്നു വിവിധ മേഖലകളില്‍നിന്ന് ആരോപണമുയര്‍ന്നിരുന്നു. ഹാര്‍ദിക് പട്ടേലും ജിഗ്േനഷ് മേവാനിയും അല്‍പേഷ് താക്കൂറും ശക്തമായ പ്രചാരണം നടത്തിയതോടെ ഈ ആരോപണം ശക്തമായി. അതൃപ്തി വോട്ടിനെയും ബാധിച്ചു; അത്ര ശക്തമായില്ലെന്നു മാത്രം. വ്യവസായ മേഖലകളില്‍ ഭരണപക്ഷത്തോടുള്ള ആഭിമുഖ്യം തുടര്‍ന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് ലഭിച്ചിരിക്കുന്നത്. പിഴവുകള്‍ തിരുത്തി മുന്നേറാനുള്ള ശ്രമം കോണ്‍ഗ്രസ് ആലോചിക്കുമ്പോള്‍ ബിജെപിക്ക് ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് ശ്രമകരമായ ജോലിയാണ്. സിഎജി റിപ്പോര്‍ട്ടുകള്‍ ഗുജറാത്ത് വികസന മാതൃകകളെ പൊളിച്ചു കാണിക്കുന്നുണ്ട്. ആരോഗ്യ, ശുചിത്വ രംഗത്തടക്കം ഗുജറാത്ത് പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. സാമ്പത്തിക രംഗത്ത് മാന്ദ്യം പ്രകടമാണ്. തൊഴിലില്ലായ്മ രൂക്ഷമാണ്. തിരുത്തലുകള്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകും. പക്ഷേ, അവ എത്രത്തോളം കാര്യക്ഷമമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

related stories