Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെത് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടു കാണിച്ചു നേടിയ വിജയം: ഹാർദിക്

Hardik Patel

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ബിജെപി വീണ്ടും ഭരണം പിടിച്ചതിനു പിന്നാലെ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നെന്ന ആരോപണം ആവർത്തിച്ച് പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ രംഗത്ത്. സൂറത്ത്, രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വോട്ടിങ് യന്ത്രത്തിലെ തിരിമറിയെന്നും ഹാർദിക് ആരോപിച്ചു. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താതെ ഗുജറാത്തിൽ ബിജെപിക്കു ജയിക്കാനാകില്ലെന്ന് പട്ടേൽ കഴിഞ്ഞ ദിവസവും അവകാശപ്പെട്ടിരുന്നു.

ഏതെങ്കിലും പാർട്ടിയുെട പ്രതിനിധിയല്ല ഞാൻ. അനീതിക്കെതിരായ പോരാട്ടം തുടരാനാണ് തീരുമാനം. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള എടിഎം മെഷീനുകളിൽ വരെ തിരിമറി നടത്താമെങ്കിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും ഇതു സാധ്യമല്ലേ എന്നാണ് എന്റെ ചോദ്യം. വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിക്ക് എന്റെ അഭിനന്ദനങ്ങൾ – ഹാർദിക് പറഞ്ഞു.

വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നിട്ടും കോൺഗ്രസ് ഗുജറാത്തിൽ കടുത്ത മൽസരം കാഴ്ചവച്ചല്ലോ എന്ന ചോദ്യത്തിന് ഹാർദിക്കിന്റെ മറുപടി ഇങ്ങനെ:

വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടിയശേഷം അത് മറച്ചുവയ്ക്കുന്നതിനാണ് കോൺഗ്രസിന്റെ പ്രകടനത്തെക്കുറിച്ച് അവർ എടുത്തുപറയുന്നത്. വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകൾ കോൺഗ്രസും ഗൗരവത്തിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇരു പാർട്ടികളും തമ്മിൽ ചെറിയ അന്തരം മാത്രം വരുത്തി തിരിമറി മറച്ചുവയ്ക്കാനാണ് ബിജെപിയുടെ ശ്രമം. ഈ അനീതിക്കെതിരായ ഞങ്ങളുടെ പോരാട്ടം തുടരും – ഹാർദ്ദിക് പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തുന്നതിന് ബിജെപി 140 എൻജിനീയർമാരെ വാടകയ്ക്കെടുത്തിരുന്നെന്ന ആരോപണവുമായി ഹാർദിക് പട്ടേൽ ഞായറാഴ്ചയും രംഗത്തെത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിൽ ബിജെപി തിരിമറി നടത്തിയിരിക്കാമെന്നുപറഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് ഹാർദിക് ആരോപണം കടുപ്പിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു ഈ ആരോപണം. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ 140 എൻജിനീയർമാരെ ഇതിനായി വാടകയ്ക്കെടുത്തു. 4,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തി. വിസ്നനഗർ, രാധൻപുർ തുടങ്ങി പട്ടേൽ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മേഖലകളിലും ആദിവാസി മേഖലകളിലുമാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയതെന്നും ഹാർദിക് പട്ടേൽ വിശദീകരിച്ചു. മനുഷ്യശരീരം പോലുള്ള ദൈവീക സൃഷ്ടികളിൽ കൃത്രിമം കാട്ടാമെങ്കിൽ എന്തുകൊണ്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടിക്കൂടെന്നും പട്ടേൽ പിന്നീടു ചോദിച്ചു.