Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയിൽ കൂട്ടരാജി; മറ്റു ജോലികൾ ലഭിച്ച 606 പേർ രാജിവച്ചു

KSRTC Bus Stand

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽനിന്ന് 606 പേർ ജോലി രാജിവച്ചു. വിവിധ സർക്കാർ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും മികച്ച ശമ്പളമുള്ള ജോലി ലഭിച്ചവരാണു രാജിവച്ചത്. ഇത്രയുംപേർ കെഎസ്ആർടിസിയെ ഉപേക്ഷിക്കുന്നതു ചരിത്രത്തിലാദ്യ സംഭവമാണെന്നാണു റിപ്പോർട്ട്. ശമ്പളം മുടങ്ങുന്നതും പെൻഷൻ കിട്ടാതാകുമെന്ന ആശങ്കയുമാണു ജീവനക്കാരെ മറ്റു ജോലികൾ നോക്കാൻ പ്രേരിപ്പിക്കുന്നത്. ഇവരുടെ രാജി മാനേജ്മെന്റ് അംഗീകരിച്ചു.

അതേസമയം, സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയല്ല രാജിക്കു പിന്നിലെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 'ജീവനക്കാർ വിവിധ കാലയളവിൽ രാജിവച്ചവരായിരുന്നു. ഇവരുടെ രാജി അപേക്ഷ സ്വീകരിക്കാതെ നീട്ടികൊണ്ടുപോയതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു നടപടി' - കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു.

‘ജോലി ഉപേക്ഷിച്ചു പോകുന്നവരുടെ രാജി യഥാസമയം സീകരിക്കാതിരിക്കുകയും അവർ ജീവനക്കാരുടെ പട്ടികയിൽ തുടരുകയും ചെയ്യുന്നതോടെ ആവശ്യത്തിലധികം ജീവനക്കാർ സ്ഥാപനത്തിലുണ്ടെന്ന തോന്നൽ ഉണ്ടാകുന്നുണ്ട്' - മനേജ്മെന്റ് വ്യക്തമാക്കുന്നു.

മെച്ചപ്പെട്ട ശബളമുള്ള സർക്കാർ ജോലി ലഭിക്കുമ്പോൾ എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും കെഎസ്ആർടിസിയിൽനിന്നു രാജിവയ്ക്കാറുണ്ടെന്നും അവർ വിശദീകരിക്കുന്നു.

അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ, കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്സ്മിത്, പെയിന്റർ, ജൂനിയർ അസിസ്റ്റന്റ്, ഗാർഡ്, പ്യൂൺ, സ്റ്റോർ ഇഷ്യൂവർ എന്നീ തസ്തികകളിൽ ഉള്ളവരാണു രാജിവച്ചത്.

related stories