Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

38,000 കെഎസ്ആർടിസി പെൻഷൻകാർ പെരുവഴിയിൽ; കൈവിട്ട് സർക്കാർ

ksrtc-bus-1

തിരുവനന്തപുരം ∙ മന്ത്രി തോമസ് ഐസക്കിന്റെ വാക്കു വിശ്വസിച്ചു കാത്തിരുന്ന 38,000 കെഎസ്ആർടിസി പെൻഷൻകാർ പെരുവഴിയിൽ. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുമെന്നു നേരത്തേ വാഗ്ദാനം നൽകിയിരുന്ന മന്ത്രി ഒടുവിൽ കൈമലർത്തി. ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സർക്കാരിനു പുതിയ റവന്യു ബാധ്യതകൾ ഏറ്റെടുക്കാനാവില്ലെന്നുമാണ് ഐസക്കിന്റെ പുതിയ നിലപാട്.

‘ഓരോരുത്തർക്കും അവരവരുടെ കാര്യങ്ങൾ ഏറ്റവും വലുതാണ്‌. പക്ഷേ, ധനവകുപ്പിനു മൊത്തം ചിത്രം വിസ്മരിച്ചു തീരുമാനമെടുക്കാൻ ആകില്ല.’’ – ഫെയ്സ്ബുക് കുറിപ്പിൽ മന്ത്രി പെൻഷൻകാരെ കയ്യൊഴിഞ്ഞത് ഇങ്ങനെ.

ഒരു കൊല്ലമായി ശമ്പളത്തിനും പെൻഷനും വേണ്ട പണം സർക്കാർ നൽകുന്നുവെന്ന തെറ്റായ അവകാശവാദവും മന്ത്രി നിരത്തിയിട്ടുണ്ട്. അഞ്ചു മാസമായി പെൻഷൻ ലഭിക്കാത്തതിൽ പെൻഷൻകാരുടെ പ്രയാസം മനസ്സിലാക്കുന്നുവെന്നു സമ്മതിച്ചതിനുശേഷമുള്ള വരിയിലാണ് ഒരു വർഷമായി സർക്കാർ പണം നൽകുകയോ വായ്പയ്ക്കു ഗാരന്റി നിൽക്കുകയോ ചെയ്തിട്ടുണ്ടെന്നു മന്ത്രി അവകാശപ്പെട്ടത്. ഈ അവകാശവാദത്തെക്കുറിച്ചും പെൻഷൻകാർക്കു മുൻപു നൽകിയ വാഗ്ദാനത്തിൽനിന്നു പിന്നോട്ടു പോയതിനെക്കുറിച്ചും പ്രതികരണം തേടി മന്ത്രി തോമസ് ഐസക്കിനെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.

പെൻഷൻ ഇല്ല, ഉപദേശമേറെ

യൂണിയനുകളും പെൻഷൻ സംഘടനകളും സുശീൽ ഖന്ന റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അതു മാത്രമേ പരിഹാരമുള്ളൂ എന്നുമാണു ഫെയ്‌സ്ബുക്കിലൂടെ മന്ത്രിയുടെ ഉപദേശം. ഇതു നടപ്പാക്കുന്നതുവരെ വരവുചെലവു കണക്കിലെ വിടവു സർക്കാർ നികത്തും.

ശമ്പളവും പെൻഷനും നൽകണമെന്ന് ആഗ്രഹിച്ചാലും സാധിക്കുന്ന ധനസ്ഥിതിയല്ല ഉള്ളത്. കിഫ്ബി വഴി 50,000 കോടി രൂപയുടെ പദ്ധതികൾക്കു പണം കണ്ടെത്തണമെങ്കി‍ൽ സർക്കാരിന്റെ ധനക്കമ്മി മൂന്നു ശതമാനത്തിൽ കൂടാൻ പാടില്ല. വായ്പയെടുക്കുന്ന പണം ശമ്പളത്തിനും പെൻഷനും ഉപയോഗിക്കാനാകില്ല.

224 കോടി

അഞ്ചു മാസമായി പെൻഷൻ ലഭിക്കാത്തതുമൂലം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണു പെൻഷൻകാർ. കഴിഞ്ഞ ദിവസം ഒരാൾ ജീവനൊടുക്കുകയും ചെയ്തു. പെൻഷൻ കുടിശിക തീർക്കാൻ 224 കോടി രൂപയാണു കെഎസ്ആർടിസിക്കു വേണ്ടത്.

ഓർമയുണ്ടോ, ഈ വാക്കുകൾ ?

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ആരുടെയും ഔദാര്യമല്ല, സർവീസ് കാലത്ത് ഒഴുക്കിയ വിയർപ്പിന്റെ വിലയാണ്. ഈ സർക്കാരിന്റെ കാലത്തു പെൻഷനുവേണ്ടി നിങ്ങൾ സമരം ചെയ്യേണ്ടിവരില്ല; പെൻഷൻ മുടങ്ങില്ല.
∙ മുഖ്യമന്ത്രി പിണറായി വിജയൻ, 2016 ജൂൺ 26

കെഎസ്ആർടിസി പെൻഷൻകാരുടെ കുടിശിക സെപ്റ്റംബർ 30നു മുൻപ് ഒറ്റഗഡുവായി നൽകും. ഒക്ടോബർ മുതൽ എല്ലാ മാസവും ആദ്യ ആഴ്ചയിൽത്തന്നെ പെൻഷൻ വിതരണം ചെയ്യും.
∙ ഗതാഗത മന്ത്രിയായിരിക്കെ തോമസ് ചാണ്ടി, 2017 ജൂലൈ 19

ടുത്ത മാസംമുതൽ രണ്ടു വർഷത്തേക്കു കെഎസ്ആർടിസി പെൻഷൻ തുക പൂർണമായി സർക്കാർ വഹിക്കും. നാലു മാസത്തെ പെൻഷൻ കുടിശിക ഘട്ടംഘട്ടമായി നൽകും.
∙ മന്ത്രി തോമസ് ഐസക്, 2017 ഒക്ടോബർ 4

related stories