Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്ക് വിമർശനം; സരിതയുടെ കത്തിൽ ചർച്ച പാടില്ല: ഹൈക്കോടതി

Oommen Chandy

കൊച്ചി∙ സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശ്വാസം. സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച ഹൈക്കോടതി, ഉമ്മൻ ചാണ്ടിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചർച്ചകൾ വിലക്കണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. മാധ്യമങ്ങൾ ഉൾപ്പെടെ ആരും കത്തിനെക്കുറിച്ച് ചർച്ച ചെയ്യരുതെന്നാണു നിർദേശം. ജനുവരി 15ന് ഹർജി വീണ്ടും പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബലാണ് ഉമ്മൻചാണ്ടിക്കുവേണ്ടി ഹാജരായത്.

നേരത്തെ, സോളർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടിയും ചോദ്യംചെയ്ത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ ഹർജി പരിഗണിക്കവെയാണ് കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമർശിച്ചത്. ഈ സംഭവത്തിൽ വിചാരണയ്ക്ക് മുൻപ് എങ്ങനെ നിഗമനങ്ങളിൽ എത്താനാകുമെന്നു ഹൈക്കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വാദം നാളത്തേയ്ക്ക് മാറ്റണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി, ഉച്ചകഴിഞ്ഞ് വീണ്ടും ഹർജി പരിഗണിക്കുകയായിരുന്നു. സോളർ കമ്മിഷൻ റിപ്പോർട്ടിന് എതിരെയായിരുന്നു ഉമ്മൻചാണ്ടിയുടെ ഹർജി. എന്നാൽ കമ്മിഷൻ റിപ്പോർട്ടിന് ആധാരമായ സരിതയുടെ കത്തിനെതിരെയായിരുന്നു സിബലിന്റെ വാദങ്ങൾ. ഉമ്മൻചാണ്ടിക്കു പറയാനുള്ളത് കേൾക്കാതെയാണ് കമ്മിഷൻ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയതെന്ന് സിബൽ ചൂണ്ടിക്കാട്ടി. മറ്റു കാര്യങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും കത്തിനെക്കുറിച്ചോ അതിലെ പരാമർശങ്ങളെക്കുറിച്ചോ യാതൊന്നും അന്വേഷിച്ചില്ല.

കത്തിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ ചില തുടർനടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കത്ത് തന്റെ കക്ഷിക്ക് അപകീർത്തിപരമായതിനാൽ അതിൻമേലുള്ള ചർച്ച വിലക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, സരിതയുടെ കത്ത് മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യരുതെന്ന് നിർദേശിച്ചു. അതേസമയം, സോളർ കമ്മിഷൻ റിപ്പോർട്ടിൻമേലോ കത്തിൻമേലോ സർക്കാരിന് തുടർനടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കി. കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രനും കക്ഷി ചേർന്നിട്ടുണ്ട്.

റിപ്പോർട്ട് തള്ളണമെന്ന് ഉമ്മൻചാണ്ടി

സോളർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ, സർക്കാർ ഏൽപിച്ച പരിഗണനാവിഷയങ്ങൾ മറികടന്നെന്നാണ് ഉമ്മൻചാണ്ടിയുടെ ആക്ഷേപം. പരിഗണനാവിഷയങ്ങൾ വിപുലപ്പെടുത്തിയ കമ്മിഷൻ നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിനു കളങ്കമുണ്ടാക്കുന്ന പരാമർശമുൾപ്പെട്ട കത്തും റിപ്പോർട്ടും സഭയിൽ വച്ചതോടെ പൊതുരേഖയുടെ ഭാഗമായി.

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ കമ്മിഷൻ മുൻപാകെ സരിത നിഷേധിച്ചിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായിരിക്കെ സരിത എഴുതിയതെന്നു പറയപ്പെടുന്ന കത്ത് മാധ്യമപ്രവർത്തകൻ മുഖേനയാണു കമ്മിഷന് ലഭിച്ചത്. ഇതെക്കുറിച്ചു വിശദീകരണത്തിനു ഹർജിക്കാരനു നോട്ടിസ് പോലും നൽകാതെ കമ്മിഷൻ അതു സ്വീകരിച്ച് രേഖകളിലുൾപ്പെടുത്തി.

റിപ്പോർട്ട് കിട്ടിയ ഉടൻ, സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുൻപേ സർക്കാർ തിടുക്കപ്പെട്ടു നടപടി തീരുമാനിച്ചു പത്രക്കുറിപ്പ് ഇറക്കി. വിമർശനം ഉയർന്നപ്പോൾ, നടപടി ഉത്തരവു സഹിതം റിപ്പോർട്ട് സഭയുടെ മേശപ്പുറത്തുവച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാക്കാര്യങ്ങളും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടർനടപടിയെന്ന പേരിൽ അപകീർത്തികരമായ പ്രഖ്യാപനങ്ങൾ നടത്തിയശേഷം സുപ്രീംകോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചു.

വ്യാജക്കത്ത് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് സ്വേച്ഛാപരമാണ്. കത്തിലെ ആരോപണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങളും നീക്കണം. കത്തിന്റെ ഉള്ളടക്കം രാഷ്ട്രീയ, മാധ്യമ ചർച്ചയ്ക്കും പ്രസിദ്ധീകരണത്തിനും വിഷയമാക്കുന്നതു വിലക്കണം. സോളർ ഇടപാടുമായി ബന്ധപ്പെട്ടു കോടികളുടെ തട്ടിപ്പു നടത്തിയെന്ന 33 കേസുകളിൽ പ്രതിയാണു സരിത. സരിതയ്ക്കു വിശ്വാസ്യതയില്ലെന്നു ഹൈക്കോടതി മുൻഉത്തരവിൽ പറഞ്ഞിരുന്നു. കോടതിയെ രാഷ്ട്രീയക്കളിക്കു വേദിയാക്കരുതെന്നു പറഞ്ഞിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

related stories