Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ജറുസലം തീരുമാനം തള്ളാൻ യുഎന്നിൽ ചൊവ്വാഴ്ച പ്രമേയം; വീറ്റോ ചെയ്യാൻ യുഎസ്

israel-palestine-protest-paris ട്രംപിന്റെ ജറുസലം തീരുമാനത്തിനെതിരെ പാരിസിൽ പ്രതിഷേധിക്കുന്നവർ.

ന്യൂയോർക്ക്∙ ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസിന്റെ തീരുമാനത്തെ തള്ളിക്കളയാനുള്ള പ്രമേയം ഐക്യരാഷ്ട്ര സംഘടനയിൽ ചൊവ്വാഴ്ച വോട്ടിനിടും. ഇന്നുതന്നെ വോട്ടിനിടണമെന്നായിരുന്നു പ്രമേയം കൊണ്ടുവന്ന ഈജിപ്തിന്റെ ആവശ്യം. എന്നാൽ പ്രമേയത്തെ വീറ്റോ അധികാരം ഉപയോഗിച്ച് യുഎസ് എതിർക്കുമെന്ന് ഉറപ്പാണ്.

രാജ്യാന്തര ധാരണകളെല്ലാം അട്ടിമറിച്ചാണ് ഡിസംബർ ആറിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്. ടെൽ അവീവിൽനിന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റുമെന്നും ട്രംപ് പറഞ്ഞത് വൻ പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബുധനാഴ്ച ജറുസലം സന്ദർശിക്കും.

പ്രമേയം പാസാകാൻ സാധ്യത കുറവ്

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളിൽ ആരെങ്കിലും വീറ്റോ അധികാരം പ്രയോഗിച്ചാൽ പ്രമേയം പാസാകില്ല. യുഎസിനെ കൂടാതെ, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നിവരാണ് സ്ഥിരാംഗങ്ങൾ. ഇവരെക്കൂടാതെ, 10 താൽക്കാലിക അംഗങ്ങളും രക്ഷാസമിതിയിൽ ഉണ്ട്. യുഎസ് വീറ്റോ ചെയ്താലും യുഎൻ പൊതുസഭയിൽ വിഷയം അവതരിപ്പിക്കാൻ പലസ്തീൻ, തുർക്കി രാജ്യങ്ങൾ തയാറെടുക്കുകയാണ്.

തർക്കകേന്ദ്രം കിഴക്കൻ ജറുസലം

1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ – പലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം. 1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും കിഴക്കൻ ജറുസലമിനെ ഇസ്രയേലിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ജറുസലമിനെ തലസ്ഥാനമായി റഷ്യ ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. ഇസ്രയേലിന്റെ ഭരണകേന്ദ്രം ജറുസലം ആണെങ്കിലും യുഎസ് ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികൾ ടെൽ അവീവിലാണു പ്രവർത്തിക്കുന്നത്. ഇതിനാണു ട്രംപ് മാറ്റം വരുത്തുന്നത്.

മൂന്നു മതവിശ്വാസികൾക്ക് പുണ്യനഗരം

ഇസ്‌ലാം, ജൂത, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് ഒരുപോലെ പുണ്യനഗരമാണിത്. ജൂതന്മാർ അവരുടെ പുണ്യസ്ഥലമായി കാണുന്ന ടെംപിൾ മൗണ്ടും ഇസ്‌ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അൽ അഖ്സ മസ്ജിദും കിഴക്കൻ ജറുസലമിലാണ്.

രാജ്യമില്ലാത്ത പൗരന്മാർ

കിഴക്കൻ ജറുസലമിൽ നാലു ലക്ഷത്തിലേറെ പലസ്തീൻകാരുണ്ടെന്നാണു കണക്ക്. ഇവർക്ക് ഒരു രാജ്യത്തിന്റെയും പൂർണപൗരത്വമില്ല. പകരമുള്ളത് ഇസ്രയേൽ റസി‍ഡൻസി പെർമിറ്റുകൾ മാത്രം. ജോർദാൻ പാസ്പോർട്ട് ഉണ്ടെങ്കിലും അതിൽ ദേശീയ പൗരത്വ നമ്പറില്ല.