Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ വ്യതിയാനത്താൽ സമുദ്രം കരയിലേക്ക്; 153 ദശലക്ഷം മനുഷ്യർക്ക് ഭീഷണി

Sea-Level ഹരിതഗൃഹ വാതകങ്ങൾ ഒഴിവാക്കിയാലും അല്ലാതെയുമുള്ള അവസ്ഥകളിൽ സമുദ്രം കരയിലേക്ക് കടക്കുന്നതിന്റെ ഭൂപടദൃശ്യം. ചിത്രത്തിനു കടപ്പാട്: ക്ലൈമറ്റ് സെൻട്രൽ

വാഷിങ്ടൻ∙ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രത്തിന്റെ വിസ്തൃതി വ്യാപിക്കുന്നതിനാൽ 153 ദശലക്ഷം മനുഷ്യരുടെ ജീവിതം ഭീഷണിയിലാണെന്ന് റിപ്പോർട്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദുരന്തം സംഭവിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. എർത്ത് ഫ്യൂച്ചർ എന്ന ജേണലിൽ യുഎസ് ഗവേഷകർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. അന്റാർട്ടിക്കിലെ മഞ്ഞുരുകുന്നതാണ് കാരണം.

സമുദ്രജലത്തിന്റെ അളവ് ക്രമാതീതമായി വർധിക്കുമെന്നും റിപ്പോർ‌ട്ടിൽ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ തുടർന്നാൽ 2100 ഓടെ സമുദ്രനിരപ്പ് 1.5 മീറ്റർ വർധിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാൽ, ഏവരെയും ഞെട്ടിച്ച് 2014ൽ സമുദ്രനിരപ്പിൽ 736 സെന്റിമീറ്റർ വർധനയുണ്ടായെന്ന് ഐപിസിസി (ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) കണ്ടെത്തി. ഇത് ഗുരുതരമായ സ്ഥിതിയാണെന്ന് യുഎസിലെ വിവിധ സർവകലാശാലകളിലെ ഗവേഷകരുൾപ്പെട്ട സംഘം വിലയിരുത്തുന്നു.

വരുംവർഷങ്ങളിൽ അന്റാർട്ടിക്കിലെ വലിയ മഞ്ഞുപാളികൾ കൂട്ടിയിടിക്കും. അങ്ങനെ സംഭവിച്ചാൽ സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിനേക്കാളും ഉയരും. ഇതോടെ 153 ദശലക്ഷം മനുഷ്യരുടെയും വാസസ്ഥലങ്ങളുടെയും നിലനിൽപ്പ് അസാധ്യമാകും. യുഎസ് ജനസംഖ്യയുടെ പകുതിയോളം വരുമിത്.

2015ലെ ഒരു പഠനത്തിൽ ചെറിയതോതിൽ മഞ്ഞുരുകുന്നതു പോലും ദശാബ്ദങ്ങൾ തുടർന്നാൽ മൂന്നു മീറ്റർ വരെ സമുദ്രനിരപ്പ് ഉയരാനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ ഗണ്യമായി കുറച്ച് അന്തരീക്ഷത്തിലെ ചൂട് ക്രമീകരിക്കുകയാണ് ദുരന്തം ഒഴിവാക്കാനുള്ള പോംവഴി.

റട്ജർസ്, പ്രിൻസ്റ്റൻ, ഹാർവാഡ് തുടങ്ങിയ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. സമുദ്രം കരയിലേക്ക് വ്യാപിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് വിശദമാക്കുന്ന ഭൂപടവും ഇവർ നൽകിയിട്ടുണ്ട്.