Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേവ് പാർട്ടികളിൽ കുത്തിവയ്ക്കുന്നത് 13 വർഷം പഴക്കമുള്ള ലഹരിമരുന്ന്

Medicines-for-Rave-Party റേവ് പാർട്ടിക്കുവേണ്ടി എത്തിച്ച ആംപ്യൂളുകൾ പിടിച്ചെടുത്തപ്പോൾ.

കോട്ടയം ∙ പുതുവർഷാഘോഷത്തിലെ റേവ് പാർട്ടികളിൽ ലഹരിക്കായി എത്തിക്കുന്നതു കാലാവധി കഴിഞ്ഞ മരുന്നുകൾ. കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം സ്വദേശിയിൽനിന്നു കാലാവധി കഴിഞ്ഞ് 13 വർഷം പഴക്കമുള്ള 15 ആംപ്യൂളുകൾ പൊലീസ് കണ്ടെത്തി. പാർട്ടിയിൽ പങ്കെടുക്കുന്ന യുവതികൾ അടക്കമുള്ളവർ, ഉൻമാദാവസ്ഥയിൽ കാലാവധി കഴിഞ്ഞ മരുന്നുകളാണിതെന്നു തിരിച്ചറിയാതെയാണു ശരീരത്തിലേക്കു കുത്തിവയ്ക്കുന്നത്.

കടുത്ത വേദനകൾക്കുള്ള പ്രതിവിധി എന്ന നിലയിൽ ഉപയോഗിക്കുന്ന മോർഫിൻ സംയുക്തം അടങ്ങിയ മരുന്നുകളുമായാണു ലഹരിമരുന്നു സംഘങ്ങൾ ആളെപ്പിടിക്കാനിറങ്ങുന്നത്. വിപണിയിൽ 15 മുതൽ 20 രൂപ വരെ മാത്രം വിലയുള്ള ഇത്തരം മരുന്നുകൾക്കു പതിനായിരങ്ങളാണ് മാഫിയാസംഘം വാങ്ങുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ മരുന്നുകൾ ഗ്വാളിയോറിൽ നിന്നാണ് എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ കേരള വിപണിയിൽ ഈ ബ്രാൻഡ് മരുന്നുകളുടെ വിൽപ്പനയില്ല. കാലാവധി കഴിഞ്ഞു നശിപ്പിക്കാനായി കമ്പനികളോ മറ്റോ കൈമാറിയ മരുന്നുകൾ തിരിമറി നടത്തി വീണ്ടും വിപണിയിലെത്തിച്ച് വിൽക്കുകയാണെന്നാണു സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പിന്റെ നിഗമനം.

അതീവ രഹസ്യമായി ചില കേന്ദ്രങ്ങളിൽ നടത്തുന്ന റേവ് പാർട്ടിയുടെ പ്രധാന ആകർഷണം ലഹരിമരുന്നു സുലഭമായിരിക്കുമെന്നതാണ്. കൊച്ചി അടക്കമുള്ള പ്രധാന നഗരങ്ങളിൽ റേവ് പാർട്ടികൾ പുതുവർഷ ആഘോഷത്തോട് അനുബന്ധിച്ചു നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർ‍‍ന്നു പൊലീസ് ജാഗ്രതയിലാണ്. കാസിനോ നൈറ്റസ്, ഹെവൻ ഫോർ എർത്ത്, എ വോക്ക് ഇൻ ക്ലൗഡ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണു കൊച്ചി കേന്ദ്രമാക്കിയുള്ള ലഹരിമരുന്നു മാഫിയ ആളുകളെ ചേർക്കുന്നത്.