Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വർഷത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ്; ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്നും കോർബിൻ

Jeremy-Corbyn ജെറമി കോർബിൻ

ലണ്ടൻ∙ ഒരു വർഷത്തിനകം ബ്രിട്ടണിൽ തിരഞ്ഞെടുപ്പു നടക്കുമെന്നും അപ്പോൾ താൻ പ്രധാനമന്ത്രിയാകുമെന്നും ലേബർ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോർബിൻ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വീണ്ടുമൊരു ഇടക്കാല തിരഞ്ഞെടുപ്പിലേക്കാണ് നീങ്ങുന്നതെന്നും അങ്ങനെ വന്നാൽ ലേബർ പാർട്ടി അധികാരത്തിലെത്തി താൻ പ്രധാനമന്ത്രിയാകുമെന്നുമാണ് കോർബിന്റെ പ്രഖ്യാപനം.

ഈ വർഷം ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലതെ വരികയും 30 സീറ്റുകൾ അധികം നേടി ലേബർ പാർട്ടി വൻ മുന്നേറ്റം നടത്തുകയും ചെയ്തപ്പോൾ  ഡിസംബറിനു മുമ്പ് താൻ പ്രധാനമന്ത്രിയാകുമെന്ന് കോർബിൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രിസ്മസിന് ദിവസങ്ങൾ ബാക്കിനിൽക്കെ അതിനു സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ഈ പ്രതീക്ഷക്ക് അദ്ദേഹം തന്നെ സമയം നീട്ടിനൽകിയത്. 

ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കോർബിൻ 12 മാസത്തിനുള്ളിൽ ബ്രിട്ടണിൽ തിരഞ്ഞെടുപ്പു നടക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ചത്. അയർലൻഡിൽനിന്നുള്ള പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഭരിക്കുന്ന തെരേസ മേയുടെ ന്യൂനപക്ഷ സർക്കാർ രാഷ്ട്രീയമായി ഒട്ടും സ്ഥിരതയിലല്ല. സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് ബിൽ കഴിഞ്ഞദിവസം പാർലമെന്റിൽ പരാജയപ്പെട്ട സ്ഥിതിപോലും ഉണ്ടായി.

പ്രധാനപ്പെട്ട ബില്ലുപോലും പാസാക്കാനാകാതെ ഭരണം നടത്തുന്ന തെരേസ മേയ്ക്ക് എത്രകാലം മുന്നോട്ടുപോകാനാകുമെന്ന് കണ്ടറിയണം. ഭരണകകക്ഷിക്കുള്ളിലെ ബ്രെക്സിറ്റ് വിരുദ്ധരാണ് സർക്കാരിന് ഏറ്റവും വലിയ തലവേദന. ഇവർ പ്രതിപക്ഷത്തോടൊപ്പം വോട്ടുചെയ്താണ് കഴിഞ്ഞദിവസം ബിൽ പരാജയപ്പെടുത്തിയത്. ബ്രെക്സിറ്റ് നടപടികൾക്കും ഉടമ്പടി വ്യവസ്ഥകൾക്കുമെല്ലാം പാർലമെന്റിന്റെ അനുമതി വേണമെന്ന ബില്ലാണ് ഇങ്ങനെ പാസായത്.

ഈ സ്ഥിതി തുടർന്നാൽ ഇനിയും സർക്കാരിന് പാർലമെന്റിൽ കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ട സ്ഥിതിയുണ്ടാകും. ഇതു സർക്കാരിന്റെ നിലനിൽപിനെ ബാധിക്കുകയും ചെയ്യും. ഇതു മുന്നിൽ കണ്ടാണ് ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പുണ്ടാകുമെന്ന് കോർബിൻ ഉറപ്പിച്ചു പറയുന്നത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സീറ്റുകൾ ലഭിച്ചെങ്കിലും ഇപ്പോഴും പ്രധാനമന്ത്രിസ്ഥാനത്തേക്ക് കൂടുതൽ ആളുകളും പിന്തുണയ്ക്കുന്നത് തെരേസ മേയേയാണ്. അടുത്തിടെ പുറത്തുവന്ന സർവേ ഫലമനുസരിച്ച് 37 ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് തെരേസ മേയെയാണ്. 34 ശതമാനം പേരാണ് കോർബിനെ പിന്തുണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.