Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയയിലേക്ക് കടക്കാൻ വീണ്ടും ഉത്തര കൊറിയൻ സൈനികന്റെ ശ്രമം

southkorea Border

സോൾ∙ ഉത്തരകൊറിയയിൽനിന്നു ദക്ഷിണ കൊറിയയിലേക്കു വീണ്ടും സൈനികന്റെ രക്ഷപ്പെടൽ നീക്കം. ഇരു കൊറിയകളെയും വേർതിരിക്കുന്ന സൈനിക നിരീക്ഷണം ഏറെയുള്ള മേഖലയിലൂടെയാണ് ഇത്തവണ സൈനികൻ ദക്ഷിണ കൊറിയയിലേക്കു പോയത്. പ്രാദേശിക സമയം രാവിലെ 8.04ന് (23.04 ജിഎംടി, ബുധനാഴ്ച) ഉത്തര കൊറിയൻ സൈന്യത്തിലെ താഴ്ന്ന ഗ്രേഡിലുള്ള ഒരു ഉദ്യോഗസ്ഥൻ അതിർത്തി കടന്നെത്തിയെന്നാണ് ദക്ഷിണ കൊറിയ പുറത്തുവിട്ട വിവരം.

നവംബറിൽ വെടിയേറ്റ നിലയിൽ മറ്റൊരു ഉത്തരകൊറിയൻ സൈനികനും ദക്ഷിണകൊറിയയിലേക്കു കടന്നിരുന്നു. വ്യാഴാഴ്ച സൈനികനു വേണ്ടി തിരച്ചില്‍ നടത്തിയ ഉത്തര കൊറിയൻ സൈന്യത്തിനുനേരെ മുന്നറിയിപ്പായി ദക്ഷിണ കൊറിയ 20 തവണ വെടിവച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തേക്കു കടന്ന സൈനികനു നേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും സൈനികനോടു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞതായും ദക്ഷിണ കൊറിയ അറിയിച്ചു. ഇതിനു പുറമെ മീൻപിടിത്ത ബോട്ടിൽ രാജ്യത്തേക്കു കടക്കാൻ ശ്രമിച്ച രണ്ടു ഉത്തര കൊറിയൻ പൗരന്മാരെ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയ അറിയിച്ചു. എന്നാൽ പുതിയ സംഭവവികാസങ്ങളെക്കുറിച്ചു പ്രതികരിക്കാൻ ഉത്തര കൊറിയ തയാറായിട്ടില്ല.

നവംബറിൽ രാജ്യത്തെത്തിയ ഉത്തര കൊറിയൻ സൈനികൻ സോളിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയേറ്റ നിലയിൽ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെട്ട ഇയാളെയും ഉടൻ ചോദ്യം ചെയ്യും.