Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദർശ് കുംഭകോണം: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനു സ്റ്റേ

INDIA-POLITICS-CORRUPTION

മുംബൈ∙ ആദർശ് ഫ്ലാറ്റ് കുംഭകോണ കേസിൽ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ ഗവർണറുടെ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. ജഡ്ജിമാരായ രഞ്ജിത് മോർ, സാധന, ജാധവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചവാന്റെ ഹർജി പരിഗണിച്ചത്. ഗവർണർ സി. വിദ്യാസാഗർ റാവുവാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിയത്.

പുതിയ തെളിവുകളുണ്ടെന്നു സിബിഐ കോടതിയിൽ വാദിച്ചെങ്കിലും അവ ഹാജരാക്കാൻ കഴിഞ്ഞില്ല. സിബിഐ ഹാജരാക്കിയവ ‘പുതിയ തെളിവുകൾ’ ആണെന്നു കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് ഗവർണറുടെ നടപടി റദ്ദാക്കിയത്.

2016 ഫെബ്രുവരിയിലാണു കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ഗവർണറുടെ ഉത്തരവ് സ്വേച്ഛാപരവും നിയമവിരുദ്ധവും നീതിരഹിതവുമാണെന്ന് ചവാൻ കോടതിയിൽ പറഞ്ഞു. നിലവിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനാണ് ചവാൻ.

2008 ഡിസംബർ-2010 നവംബർ കാലയളവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ചവാൻ ആദർശ് ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്നാണു മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾക്കു വേണ്ടി നിർമിച്ച ആദർശ് പാർപ്പിട സമുച്ചയത്തിലെ രണ്ടു ഫ്ലാറ്റുകൾ ബന്ധുക്കൾക്കു ലഭിക്കാനായി കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പങ്കാളിയായെന്നാണു ചവാന് എതിരായ ആരോപണം.

ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പഴയ ഗവർണർ കെ. ശങ്കരനാരായണൻ നിഷേധിച്ചിരുന്നു. തുടർന്നു ചവാന്റെ പേര് കേസിൽനിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ പ്രത്യേക കോടതിയെ സമീപിച്ചതാണ്. എന്നാൽ പ്രത്യേക കോടതിയും പിന്നീടു ഹൈക്കോടതിയും ഈ ആവശ്യം തള്ളി. പിന്നീട് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിൽ വന്നതോടെയാണു സിബിഐ പുതിയ ഗവർണറെ സമീപിക്കുന്നതും അനുമതി വാങ്ങുന്നതും.