Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വന്റി20യിലും ലങ്കാദഹനം: ഇന്ത്യയ്ക്ക് 88 റൺസിന്റെ ജയം, പരമ്പര

India ശ്രീലങ്കയ്ക്കെതിരെ രണ്ടാം ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്‍റെ ആഹ്ലാദം

ഇൻഡോർ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്ക് വമ്പൻ ജയം. 88 റൺസിനാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. 261 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനാകാതെ ലങ്കൻ താരങ്ങൾ തകർന്നടിയുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 172 റൺസെന്ന നിലയിൽ ശ്രീലങ്ക കളി മതിയാക്കി. ഇതോടെ മൂന്നു മൽസരങ്ങളുള്ള പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി.

കഴിഞ്ഞ മൽസരത്തിനു സമാനമായി ഇന്ത്യൻ സ്പിന്നര്‍മാർ ഇൻഡോറിലും നിറഞ്ഞാടി. കുൽദീപ് യാദവ് മൂന്നും യുസ്വേന്ദ്ര ചഹൽ നാലും വിക്കറ്റുകള്‍ വീഴ്ത്തി. നിരോഷൻ ഡിക്‌വെല്ല, ഉപുൽ തരംഗ, കുശാൽ പെരേര എന്നിവരൊഴികെ മറ്റാർക്കും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കയ്ക്കായി കുശാൽ പെരേര അർധ സെഞ്ചുറി നേടി.

രോഹിതിന് സെഞ്ചുറി; കൂറ്റൻ സ്കോറിൽ ഇന്ത്യ

അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. അതിവേഗ സെഞ്ചുറിയുമായി മിന്നിയ രോഹിത് ശർമയാണ് ഭീമൻ വിജയലക്ഷ്യം നേടാൻ ആതിഥേയരെ സഹായിച്ചത്. 43 പന്ത് മാത്രം നേരിട്ട് 118 റൺസുമായാണ് രോഹിത് മടങ്ങിയത്. 12 ഫോറും 10 സിക്സും രോഹിത് പറത്തി. അർധ സെഞ്ചുറി പ്രകടനവുമായി ലോകേഷ് രാഹുലും രോഹിതിന് പിന്തുണയേകി.

Rohit ട്വന്‍റി20യിൽ രണ്ടാം സെഞ്ചുറി നേടിയ രോഹിത് ശർമ

രാഹുലും രോഹിതും ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലായിരുന്നു ശ്രീലങ്ക. ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. ട്വന്റി20യിലെ തന്നെ മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടുമാണിത്. 165 റൺസാണ് ഇരുതാരങ്ങളുടെയും സമ്പാദ്യം. അതിവേഗ സെഞ്ചുറിക്ക് പിന്നാലെ രോഹിത് മടങ്ങി. അലക്ഷ്യമായി ബാറ്റു വീശിയ രോഹിത്, ചമീരയുടെ പന്തിൽ ധനഞ്ജയയ്ക്ക് ക്യാച്ച് നൽകി പുറത്തായി. പിന്നാലെയെത്തിയത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. അർധ സെഞ്ചുറി നേടിയ രാഹുലിനൊപ്പം ധോണിയും ആഞ്ഞടിച്ചതോടെ സ്കോർ 200 കടന്നു.

Rohit Sharma അർധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലിനെ അഭിനന്ദിക്കുന്ന രോഹിത് ശര്‍മ

സ്കോർ 243ൽ നിൽക്കെ രാഹുൽ മടങ്ങി. 49 പന്തിൽ 89 റൺസുമായാണ് രാഹുൽ കൂടാരം കയറിയത്. നുവാൻ പ്രദീപിന്റെ പന്തിൽ കീപ്പർ നിരോഷൻ ഡിക്‌വെല്ലയുടെ ഗംഭീര ക്യാച്ചിലായിരുന്നു പുറത്താകൽ. ധോണിക്ക് കൂട്ടായി ഹാർദിക് പാണ്ഡ്യയെത്തി. പത്തു റൺസുമായി പാണ്ഡ്യയും റണ്ണൊന്നും എടുക്കാതെ ശ്രേയസ് അയ്യരും പുറത്തായി. ധോണി 21 പന്തിൽ 28 റൺസെടുത്തു. ഒരു റണ്ണുമായി മനീഷ് പാണ്ഡെയും അഞ്ചു റണ്ണുമായി ദിനേഷ് കാർത്തിക്കും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി തിസാര പെരേര, നുവാൻ പ്രദീപ് എന്നിവർ‌ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ചമീര ഒരു വിക്കറ്റ് നേടി.

സിക്സറുകളുടെ പെരുമഴ

ട്വന്റി20 രാജ്യാന്തര മൽസരങ്ങളിലെ ഏറ്റവും കൂടുതല്‍ സിക്സറെന്ന റെക്കോര്‍ഡ് ഇന്ത്യയും പിടിച്ചെടുത്തു. വെസ്റ്റ് ഇൻഡീസ് 2016ൽ എടുത്ത 21 സിക്സ് എന്ന റെക്കോർഡിനൊപ്പമാണ് ഇന്ത്യയെത്തിയത്. രോഹിത് പത്തും രാഹുല്‍ എട്ടും സിക്സുകൾ പറത്തി. ധോണി രണ്ടും പാണ്ഡ്യ ഒരു തവണയും സിക്സടിച്ചു. മൽസരത്തിൽ ഫോറുകളും ഇഷ്ടം പോലെ പറന്നു– 21.

related stories