Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍ഡൽഹി മെട്രോയുടെ മജന്ത ലൈൻ മോദി ഉദ്ഘാടനം ചെയ്യും; കേജ്‌രിവാളിന് ക്ഷണമില്ല

aravind kejriwal

നോയിഡ∙ ഡൽഹി മെട്രോയുടെ പുതുതായി നിർമിച്ച പാതയുടെ (മജന്ത ലൈൻ) ഉദ്ഘാടനച്ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ക്ഷണമില്ല. ഉത്തർപ്രദേശിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന പാതയുടെ ഉദ്ഘാടനം ക്രിസ്മസ് ദിനത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ബൊട്ടാണിക്കൽ ഗാർഡൻ മുതൽ കൽക്കാജി മന്ദിർ വരെയുള്ള പുതിയ പാത സമർപ്പിക്കുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്ന ചടങ്ങിലാണ് അരവിന്ദ് കേജ്‍രിവാളിന് ക്ഷണമില്ലാത്തത്.

നോയിഡയിലുള്ള റെയിലിന് യുപി സർക്കാരും ഡൽഹിയിലേക്കുള്ളതിന് എഎപി സർക്കാരുമാണ് ഫണ്ടു ചെയ്തത്. റെയിൽ പാത നീട്ടുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് വ്യവസ്ഥയില്ലെങ്കിലും നിർമാണ ജോലിക്കാർ, സാങ്കേതിക സഹായം തുടങ്ങിയവ ഡിഎംആർസി അനുവദിച്ചിരുന്നു. എന്നിട്ടും കേജ്‌രിവാളിനെ വിവരം അറിയിച്ചില്ലെന്നാണ് ആക്ഷേപം. ചടങ്ങിനെക്കുറിച്ച് കേജ്‌രിവാളിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.

സുരക്ഷിതമായ ഗതാഗത സംവിധാനം ഒരുക്കുകയെന്നതാണു ഡൽഹി സർക്കാരിന്റെ കടമ. അത് ഭംഗിയായി ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് കേജ്‌രിവാളിനെ ക്ഷണിക്കാത്തതെന്നു വ്യക്തമാക്കേണ്ടത് നഗരവികസന മന്ത്രാലയവും യുപി സർക്കാരുമാണെന്ന് ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ക്രിസ്മസ് സമ്മാനമായി മജന്ത ലൈൻ മെട്രോ

നഗരത്തിനു ക്രിസ്മസ് സമ്മാനമാണ് പുതിയ മെട്രോ ലൈൻ. ഡ്രൈവറില്ലാത്ത മെട്രോ റെയിലുകൾ സർവീസ് നടത്താൻ പര്യാപ്തമായ മജന്ത ലൈനിലെ പാത ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ (ഡിഎംആർസി) ചരിത്രത്തിലെ പുതിയ അധ്യായമാകും. കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സംവിധാനമാണു പാതയിൽ ഉപയോഗിക്കുക. ബൊട്ടാണിക്കൽ ഗാർഡൻ മുതൽ ജനക്പുരി വെസ്റ്റ് വരെയുള്ള 38.23 കിലോമീറ്ററാണു മജന്ത ലൈൻ. ഇതിൽ 12.64 കിലോമീറ്ററുള്ള ആദ്യ ഘട്ടമാണ് 25നു തുറക്കുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കാൻ പര്യാപ്തമാണെങ്കിലും ആദ്യത്തെ മൂന്നു വർഷങ്ങളിൽ ട്രെയിനിൽ ഡ്രൈവർമാരുണ്ടാകും.

പാതയ്ക്കുള്ള സുരക്ഷാ അനുമതി കഴിഞ്ഞ മാസം 20നു ലഭിച്ചിരുന്നു. പുതിയ ലൈൻ പ്രവർത്തനമാരംഭിക്കുന്നതോടെ എൻസിആർ മേഖലയിലെ ആദ്യ ഇന്റർചെയ്ഞ്ച് സ്റ്റേഷനായി ബൊട്ടാണിക്കൽ ഗാർഡൻ മാറും. 2021 ആകുമ്പോൾ മജന്ത ലൈനിൽ പ്രതിദിനം 1.23 ലക്ഷം പേർ സഞ്ചരിക്കുമെന്നാണു കണക്കുകൂട്ടൽ. നിലവിൽ 30,000 പേർ ബൊട്ടാണിക്കൽ ഗാർഡൻ സ്റ്റേഷനിൽ പ്രതിദിനം എത്തുന്നതായാണു കണക്കുകൾ. മെട്രോയുടെ മൂന്നാംഘട്ടത്തിലുള്ളതാണു മജന്ത, പിങ്ക് ലൈനുകൾ.

കൽക്കാജി വരെ സർവീസ് ആരംഭിക്കുന്നതോടെ ഫരീദാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള എളുപ്പമാർഗമാകും മെട്രോ. നോയിഡ-ദ്വാരക ലൈനിലെ തിരക്കു കുറയാനും ഇതു സഹായിക്കും. നോയിഡ സിറ്റി സെന്റർ- ദ്വാരക ലൈനിൽനിന്നു ബൊട്ടാണിക്കൽ ഗാർഡൻ സ്റ്റേഷനിൽ വച്ചു മജന്ത ൈലനിലേക്കു മാറിക്കയറാം. നിലവിൽ നോയിഡയിൽനിന്നുള്ളവർ കൽക്കാജി, നെഹ്റു പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാൻ മണ്ഡി ഹൗസിൽനിന്നു മാറിക്കയറുകയാണു ചെയ്യുന്നത്. 52 മിനിറ്റാണ് ഈ യാത്രയ്ക്കെടുക്കുക. എന്നാൽ പുതിയ ലൈൻ വരുന്നതോടെ ഇതു 16 മിനിറ്റായി കുറയും. നോയിഡയിൽനിന്നു ഫരീദാബാദ് റൂട്ടിൽ യാത്ര ചെയ്യാൻ നിലവിൽ 58 മിനിറ്റാണെടുക്കുക. എന്നാൽ മജന്ത ലൈനിൽ കൽക്കാജി മന്ദിറിലെത്തി വയലറ്റ് ലൈനിൽ മാറിക്കയറി ഫരീദാബാദെത്താൻ 36 മിനിറ്റാണു സമയം.

മജന്ത ലൈൻ ജനക്പുരി വരെ സർവീസ് ആരംഭിക്കുന്നതോടെ നോയിഡ- ഗുരുഗ്രാം യാത്രയ്ക്കുള്ള സമയവും അരമണിക്കൂറോളം കുറയും. നിലവിൽ ഹൂഡാ സിറ്റി സെന്ററിൽനിന്നു ബൊട്ടാണിക്കൽ ഗാർഡൻവരെ ഒന്നരമണിക്കൂറാണു യാത്രാസമയം. രാജീവ് ചൗക്കിൽനിന്നു ട്രെയിൻ മാറുകയും വേണം. എന്നാൽ മജന്ത ലൈൻ പൂർത്തിയാകുമ്പോൾ 50 മിനിറ്റു കൊണ്ട് ഈ യാത്ര പൂർത്തിയാക്കാം. ഹൗസ് ഖാസിൽ ഇന്റർചെയ്ഞ്ച് ചെയ്യാം. നോയിഡയിൽനിന്നു 40 മിനിറ്റുകൊണ്ടു രാജ്യാന്തര വിമാനത്താവളത്തിൽ എത്താമെന്ന പ്രത്യേകതയുമുണ്ട്.