Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ബ്ലേഡ്; 26 പേർ അറസ്റ്റിൽ, 42 കേസ്

Money

കൊച്ചി∙ കൊള്ളപ്പലിശക്കാർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 360 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 42 കേസുകളെടുത്ത പൊലീസ് ലക്ഷക്കണക്കിന് രൂപയും മുദ്രപത്രങ്ങളും രേഖകളും പിടിച്ചെടുത്തു.

കൊള്ളപ്പലിശക്കാരെ പിടികൂടാൻ നടത്തിയ ‘ഓപ്പറേഷൻ ബ്ലേഡ്’ പരിശോധനകളിൽ 26 പേർ അറസ്റ്റിലായി. ഐജി പി.വിജയന്റെ മേൽനോട്ടത്തിൽ കൊച്ചി റേഞ്ചിലെ അഞ്ചു പൊലീസ് ജില്ലകളിലായിരുന്നു പരിശോധന. കൊച്ചി സിറ്റിയിൽ 16 റെയ്ഡുകൾ നടത്തി. മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു. രണ്ടു മുദ്രപ്പത്രങ്ങളും ഒരു ചെക്ക് ലീഫും രണ്ടു ചെക്ക് ബുക്കുകളും 2,51,890 രൂപയും പിടിച്ചെടുത്തു.

എറണാകുളം റൂറൽ ജില്ലയിൽ 58 പരിശോധനകളിൽ ആറു കേസുകളെടുത്തു. നാലു പേരെ അറസ്റ്റുചെയ്തു. മൂന്ന് എഴുതാത്ത ചെക്കുകളും 95,570 രൂപയും പിടിച്ചെടുത്തു. ആലപ്പുഴയിൽ 97 പരിശോധനകളിൽ അഞ്ചു കേസുകൾ. അഞ്ച് എഴുതാത്ത ചെക്കുകളും ഒരു മുദ്രപ്പത്രവും 14 ആധാരങ്ങളും 10,1000 രൂപയും പിടിച്ചെടുത്തു.

കോട്ടയത്ത് 106 പരിശോധനകളിൽ 22 കേസുകൾ റജിസ്റ്റർ ചെയ്തു. 16 പേർ അറസ്റ്റിലായി. 80 മുദ്രപ്പത്രങ്ങളും 23 പ്രോമിസറി നോട്ടുകളും 44 ആർസി ബുക്കുകളും 252 ചെക്ക് ലീഫുകളും 44 ആധാരങ്ങളും 42 വാഹന വിൽപന കരാറുകളും നാലു കാറുകളും ഒരു ബൈക്കും 4,48,395 രൂപയും പിടിച്ചെടുത്തു. ഇടുക്കിയിൽ 88 പരിശോധനകളിൽ ആറു കേസുകളെടുത്തു. ആറു പേർ അറസ്റ്റിലായി. ഒൻപതു മുദ്രപ്പത്രങ്ങളും 17 ചെക്ക് ലീഫുകളും 60,290 രൂപയും 26 പവൻ സ്വർണവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.