Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ ഇനി ദിനകര ദിനങ്ങൾ; തിരിച്ചുവരവിനു വഴിയൊരുക്കുന്ന ഫലം

dinakaran-jaya-samadhy1 ടി.ടി.വി. ദിനകരൻ ചെന്നൈ മറീനയിലെ ജയലളിത സമാധിയിൽ. ചിത്രം: മനോരമ

ചെന്നൈ∙ അണ്ണാ ഡിഎംകെ സ്ഥാപകൻ എംജിആറിന്റെ മുപ്പതാം ചരമവാർഷിക ദിനമായിരുന്നു ഇന്നലെ. അണ്ണാ ഡിഎംകെ രണ്ടില ചിഹ്നത്തിൽ ആദ്യമായി ജയിച്ചത് 1973ൽ ഡിണ്ടിഗൽ പാർലമെന്റ് ഉപതിരഞ്ഞെടുപ്പിലാണ്. നാലു പതിറ്റാണ്ടിനു ശേഷം സർക്കാരും പാർട്ടിയും ഒപ്പമുണ്ടായിട്ടും രണ്ടില ചിഹ്നത്തിൽ മൽസരിച്ച സ്ഥാനാർഥി പരാജയപ്പെട്ടിരിക്കുന്നു- അതും ജയലളിതയുടെ മണ്ഡലത്തിൽ.

അണ്ണാ ഡിഎംകെയ്ക്ക് ഇതു പരീക്ഷണ കാലഘട്ടമാണ്. പാർട്ടി ഏതു ദിശയിലേക്കും നീങ്ങാം. തൽക്കാലത്തേക്കെങ്കിലും മാറ്റത്തിന്റെ ഗതി നിർണയിക്കുക ടി.ടി.വി. ദിനകരനായിരിക്കുമെന്നാണ് ആർകെ നഗർ ഫലം നൽകുന്ന സൂചന. ദിനകരന്റെ വിജയത്തിൽ പണമാണു പ്രധാന പങ്ക് വഹിച്ചതെന്ന് എതിരാളികൾ ആരോപിക്കുന്നുണ്ട്. പക്ഷേ, അതു മാത്രമായി പരിമിതപ്പെടുത്താനാകില്ല. പാർട്ടിയിലെ അധികാരത്തർക്കത്തിൽ പളനിസാമി– പനീർസെൽവം വിഭാഗത്തിനു മേൽ ദിനകരൻ നിർണായക മേൽക്കൈ നേടിയിരിക്കുന്നു.

ജയലളിതയ്ക്കു ശേഷം പളനിസാമിയെക്കാളും പനീർസെൽവത്തെക്കാളും ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുക തനിക്കാണെന്നും ദിനകരൻ തെളിയിച്ചു. ഇത് അണ്ണാ ഡിഎംകെയിലും സർക്കാരിലും മാറ്റങ്ങൾക്കു വഴിതുറക്കും. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ വെല്ലൂർ എംപി സെങ്കുട്ടുവൻ ദിനകരനെ കണ്ടു ചർച്ച നടത്തിയതു നിർണായക സൂചനയാണ്. ശശികലയോടും ദിനകരനോടും കൂറു പുലർത്തുന്ന ഒട്ടേറെ നേതാക്കൾ അണ്ണാ ഡിഎംകെയിലുണ്ട്. അവർക്കു പരസ്യമായി രംഗത്തുവരാനുള്ള അരങ്ങാണ് ആർകെ നഗറിൽ ഒരുങ്ങിയിരിക്കുന്നത്.

ലയനത്തിനു ശേഷവും പളനിസാമി– പനീർസെൽവം പക്ഷങ്ങൾ തമ്മിൽ മൂപ്പിളമ തർക്കം ബാക്കിയാണ്. സ്ഥാനാർഥി നിർണയത്തിലും അതു കണ്ടതാണ്. പനീർസെൽവം പക്ഷക്കാരനായ മധുസൂദനന്റെ തോൽവി ഇത്തരം മുറുമുറുപ്പുകൾ ഉച്ചത്തിലാക്കും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപി സഖ്യത്തിനായി നോട്ടമിടുന്ന പാർട്ടികളിലൊന്ന്് അണ്ണാ ഡിഎംകെയാണ്.

ദിനകരനെ കൂടി ഉൾക്കൊള്ളുന്ന അണ്ണാ ഡിഎംകെയ്ക്കേ നിലനിൽപുള്ളൂവെന്നു തെളിഞ്ഞിരിക്കുന്നു. അതിനാൽ, അദ്ദേഹത്തെ പാർട്ടിയിലെത്തിക്കാൻ ബിജെപി ചരടുവലിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ, സുപ്രധാന വകുപ്പുകളോടെ മന്ത്രിസഭയിലോ ഉന്നത പദവിയോടെ പാർട്ടിയിലോ ദിനകരനെ കാണാനായേക്കും.

ഇടഞ്ഞുനിൽക്കാനാണ് ഔദ്യോഗികപക്ഷം തുടർന്നും തീരുമാനിക്കുന്നതെങ്കിൽ എടപ്പാടി സർക്കാരിന് ആയുസ്സ് അധികമുണ്ടാകില്ല. ഭരണപക്ഷത്തു മാത്രമല്ല, പ്രതിപക്ഷത്തും കണക്കെടുപ്പുകളുടെ കാലമാണിനി. കോൺഗ്രസിനു പുറമെ, ഇടതു പാർട്ടികളും വിസികെയും എംഡിഎംകെയും ഉൾപ്പെടുന്ന മഴവിൽ സഖ്യം പിന്തുണച്ചിട്ടും കെട്ടിവച്ച പണം പോയതു ഡിഎംകെയ്ക്കു ക്ഷീണമായി. അനുകൂല സാഹചര്യം മുതലെടുക്കാനാകാത്തതു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ കഴിവുകേടായും വിലയിരുത്തപ്പെടും. നോട്ടയ്ക്കും പിന്നിൽ അഞ്ചാം സ്ഥാനത്തായതു തമിഴ്നാട്ടിൽ വേരുപിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കു വൻ തിരിച്ചടിയായി.

പതിവുകൾ തിരുത്തി ആധികാരിക ജയം

ചെന്നൈ∙ തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ജയിക്കുന്നത് ആദ്യമാണ്. 2004 നു ശേഷം ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷി തോൽക്കുന്നതും ആദ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം മുതലെടുക്കുന്ന പ്രചാരണമാണു ദിനകരൻ നടത്തിയത്.

ജയലളിതയെ ആശുപത്രിയിലെത്തിച്ചത് അബോധാവസ്ഥയിലായിരുന്നുവെന്ന അണ്ണാ ഡിഎംകെ ആരോപണത്തെ നേരിടാൻ തിരഞ്ഞെടുപ്പിനു തലേന്നു ജയയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ടതുൾപ്പെടെയുള്ള നീക്കങ്ങളും ഫലം കണ്ടു. ഒന്നു മുതൽ 19 വരെ എല്ലാ റൗണ്ടിലും ദിനകരൻ ലീഡ് നിലനിർത്തി. അണ്ണാ ഡിഎംകെ, ഡിഎംകെ ഏജന്റുമാർ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഒരു മണിക്കൂറോളം വോട്ടെണ്ണൽ നിർത്തിവച്ചു. മൂന്നു മണിയോടെയാണ് അവസാന റൗണ്ട് പൂർത്തിയായത്.