Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2022ൽ 135 സീറ്റുമായി ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലെത്തും: രാഹുൽ

Rahul Gandhi

അഹമ്മദാബാദ്∙ 2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളുമായി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത്തവണ കോൺഗ്രസിന് 15– 22 സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നാണ് ബിജെപി പറഞ്ഞിരുന്നത്. പക്ഷേ ഫലം വന്നപ്പോൾ കണ്ടില്ലേ? മൂന്നു നാലു മാസങ്ങൾക്കു മുൻപ് കോൺഗ്രസ് ജയിക്കുന്നതിനെക്കുറിച്ചല്ല, തിരഞ്ഞെടുപ്പിൽ പോരാടാൻ കഴിയുമോയെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. ഒരേ സ്വരത്തിൽ ഒരേ തത്വത്തിലുറച്ചു പോരാടിയാൽ ആർക്കും പരാജയപ്പെടുത്താനാകില്ലെന്ന് ഗുജറാത്ത് ഫലം തെളിയിച്ചിരിക്കുന്നു.

തിരഞ്ഞെടുപ്പിൽ നമ്മൾ പരാജയപ്പെട്ടെങ്കിലും വിജയം നമുക്കൊപ്പം തന്നെയാണ്. ബിജെപി വിദ്വേഷപൂർവം പെരുമാറിയതിനാൽ നാം വിജയിച്ചു. സാഹചര്യങ്ങളെല്ലാം അവർക്ക് അനുകൂലമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വ്യവസായികൾ, പണം എല്ലാം അവരുടെ കയ്യിലായിരുന്നു. സത്യം മാത്രമാണ് നമുക്കൊപ്പമുണ്ടായിരുന്നത് – രാഹുൽ കൂട്ടിച്ചേർത്തു.

എന്നാൽ 2022ൽ കോൺഗ്രസ് ഗുജറാത്തിൽ അധികാരത്തിലെത്തുമെന്ന് ഞാൻ പറയുന്നു. കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തുകയാണ് എന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ 70 ശതമാനം വിശ്വസിക്കാൻ നിങ്ങൾ തയാറായാൽ മതി ഫലം കാണാൻ സാധിക്കും. ഇപ്പോൾ ഗുജറാത്ത് കോൺഗ്രസിന് ആത്മവിശ്വാസം തിരികെ കിട്ടിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ 150 സീറ്റുകൾ കിട്ടുമെന്നാണ് ബിജെപി പറഞ്ഞിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോ‍ഡൽ തിര‍ഞ്ഞെടുപ്പിൽ പൊളിഞ്ഞെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നിങ്ങൾ വളരെ നന്നായി പോരാടി. ബിജെപിയെ ‘ഘരാവോ’ ചെയ്യുന്നതിനു തുല്യമായി പിടിച്ചുകെട്ടാൻ നമുക്കു സാധിച്ചു. നമ്മുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ പോലും അവർക്കു സാധിച്ചില്ല.

പ്രചാരണത്തിന്റെ ആദ്യമൊക്കെ വികസനത്തെക്കുറിച്ചും ഗുജറാത്ത് മോഡലിനെക്കുറിച്ചും സംസാരിച്ചവർ അവസാനമായപ്പോഴേക്കും ‘മോദിജി’യെെക്കുറിച്ചും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചുമാണ് സംസാരിച്ചത്. മോദി മോഡൽ കോൺഗ്രസ് പ്രവർത്തകർ മുക്കിക്കളഞ്ഞു. ഗുജറാത്ത് മോഡലിന് എന്തുപറ്റിയെന്നാണു രാജ്യമൊന്നടങ്കം ചോദിക്കുന്നത്. ഭാവിയിലൊരിക്കൽ പോലും ഇനി മോദി അത്തരമൊരു മാതൃകയെക്കുറിച്ചു സംസാരിക്കുക പോലുമില്ലെന്നും അദേഹം പറഞ്ഞു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് വിശകലനം ചെയ്യാനെത്തിയതായിരുന്നു രാഹുൽ.