Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസ് പ്രാർഥനയിൽ അഭയാർഥികളുടെ സംരക്ഷണം ലോകത്തെ ഓർമിപ്പിച്ച് മാർപാപ്പ

Pope-Francis വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചപ്പോൾ. ചിത്രം: റോയിട്ടേഴ്സ്

വത്തിക്കാൻ സിറ്റി∙ പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തിൽ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. 

ലോകമെമ്പാടുമുള്ള അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മേരിയുടെയും യാത്രാവഴിയിൽ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ട്. അത്തരത്തിൽ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണിൽ നിന്നു പുറത്താക്കപ്പെടുന്നത്.

തങ്ങളുടെ പ്രിയപ്പെട്ടവരെയും അവർക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. ഇതെല്ലാം നാം കാണുന്നുണ്ട്. യേശു ക്രിസ്തുവിന്റെ ജനനത്തിനു സാക്ഷ്യം വഹിച്ച ആട്ടിടയന്മാർ പോലും സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരായിരുന്നു. അവരെയും മോശക്കാരായ ‘വിദേശി’കളായിട്ടായിരുന്നു ചിത്രീകരിച്ചത്.

തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കാനും സ്വത്ത് വർധിപ്പിക്കാനും ശ്രമിക്കുന്ന നേതാക്കൾക്ക് സാധാരണക്കാരുടെ രക്തം ചിന്തുന്നതിൽ യാതൊരു പ്രശ്നവുമുണ്ടാകില്ല. ഈ സാഹചര്യത്തിൽ അഭയാര്‍ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു.

അഭയാർഥികൾക്ക് സുരക്ഷിത സ്ഥാനം വാഗ്ദാനം ചെയ്തു പണം വാങ്ങി മനുഷ്യക്കടത്തു നടത്തുന്നവരെയും മാർപാപ്പ വിമർശിച്ചു. ഇത്തരക്കാരുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ നാലു വർഷത്തിനിടെ മെഡിറ്ററേനിയൻ സമുദ്രം കടന്ന് യൂറോപ്പിലേക്കുള്ള പലായനത്തിൽ 14,000ത്തിലേറെ പേരാണു കൊല്ലപ്പെട്ടത്. 

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ വെസ്റ്റ്ബാങ്കിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് മാർപാപ്പയുടെ വാക്കുകൾ. ക്രിസ്തുവിന്റെ ജന്മസ്ഥലമായ വെസ്റ്റ് ബാങ്കിലെ ബത്‌ലഹേമിലും ഡിസംബർ ആറിലെ ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് സംഘർഷം ശക്തമായിരുന്നു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ നടത്തുന്ന പരമ്പരാഗത ‘ഉർബി എത് ഒർബി’ പ്രസംഗവും ഇന്നു നടക്കും. ബത്‌ലഹേമിലും ഇസ്രയേല്‍ പട്ടണമായ നസ്റേത്തിലും പാതിരാകുര്‍ബാനയിൽ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയതിയത്. തീവ‍വാദ ആക്രമണ ഭീഷണിയുള്ളതിനാൽ ബെത്‌ലഹേമിൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു.