Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിണറായി; തേങ്ങലടങ്ങാതെ തീരം, തിരച്ചിൽ തുടരും

modi-pinarayi

തിരുവനന്തപുരം∙ ഓഖി ദുരന്തം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം സമര്‍പ്പിച്ച ഓഖി പാക്കേജ് പരിഗണിക്കുമെന്ന മോദിയുടെ ഉറപ്പ് പ്രതീക്ഷ നല്‍കുന്നതാണെന്നു മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അതേസമയം, പ്രിയപ്പെട്ടവർ ക്രിസ്മസിനും മടങ്ങി വരാത്തതിനെ തുടർന്ന് വേദനയോടെ കാത്തിരിപ്പു തുടരുകയാണ് തീരപ്രദേശത്തെ ജനങ്ങൾ.

ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറായതിന് പ്രത്യേകം നന്ദിയുണ്ടെന്നു കത്തിൽ പറയുന്നു. കടലില്‍ പെട്ടുപോയവരെ രക്ഷിക്കാൻ കേന്ദ്രസര്‍ക്കാരില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാനം സമയോചിതമായി ഇടപെട്ടതിനെ വിലമതിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസവും മുന്നോട്ടുകൊണ്ടു പോകുന്നതിനു പ്രചോദനമാണ്.

ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ഐടി– ടൂറിസം മന്ത്രി അല്‍ഫോൻസ് കണ്ണന്താനം എന്നിവരെ നിയോഗിച്ചതു കേരളത്തിന് ആശ്വാസമായി. സംസ്ഥാനം സമര്‍പ്പിച്ച ഓഖി പുനരധിവാസ, പുനര്‍നിര്‍മാണ പാക്കേജ് പരിഗണിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ ക്രിസ്മസ് ദിനത്തില്‍ തിരിച്ചെത്തിക്കുമെന്ന ഫിഷറീസ് മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഉറപ്പ് പാഴായി. ഒരാള്‍ പോലും തിരിച്ചെത്തിയില്ലെന്നു മാത്രമല്ല, ക്രിസ്മസിന്റെ തലേന്ന് തിരച്ചിലും അവസാനിപ്പിച്ചു. നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം നിലയ്ക്കു നടത്തുന്ന തിരച്ചില്‍ മാത്രമേ ഇപ്പോഴുള്ളു. കൊച്ചിയില്‍നിന്നു പോയി കാണാതായ ഒൻപത് ബോട്ടുകളുടെയും 92 മല്‍സ്യത്തൊഴിലാളികളുടെയും കണക്ക് ഞായറാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ടെങ്കിലും മറ്റു നടപടിയില്ല.

ഓഖി ചുഴലിക്കാറ്റിൽപെട്ട 207 മത്സ്യത്തൊഴിലാളികളെ (165 പേർ മലയാളികൾ) ഇനിയും കണ്ടെത്താനുണ്ടെന്നാണു കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്ക്. 132 മലയാളികളുൾപ്പെടെ കാണാതായ 174 തൊഴിലാളികളുടെ പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തിൽ അതുമില്ല. ഇതുവരെ 74 പേർ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. കണ്ടെത്താനുള്ളവരിൽ ഭൂരിപക്ഷവും 50 വയസ്സിൽ താഴെയുള്ളവരാണ്. 36 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞപ്പോൾ, 32 മൃതദേഹങ്ങൾ ആരുടെതെന്നു വ്യക്തമായിട്ടില്ല. എന്നാൽ, 317 മൽസ്യത്തൊഴിലാളികൾ തിരിച്ചെത്താനുണ്ടെന്ന് ലത്തീൻ കത്തോലിക്കാ സഭ പറയുന്നു. തിരുവനന്തപുരത്തുനിന്നു ചെറുവള്ളങ്ങളിൽ പോയ 88 പേരും വലിയ ബോട്ടുകളിൽ പോയ 44 പേരും കൊച്ചി, തൂത്തൂർ മേഖലയിൽനിന്നു 185 പേരുമാണ് വരാനുള്ളത്.

കാണാതായവർക്കായി തിരച്ചിൽ തുടരും

മുൻ തീരുമാനത്തിൽനിന്ന് വ്യത്യസ്തമായി, ഓഖി ദുരന്തത്തിൽ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് തീരദേശ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കു കത്തയക്കും. ബോട്ടുകളെയോ മല്‍സ്യത്തൊഴിലാളികളെയോ കണ്ടെത്തിയാല്‍ അറിയിക്കാന്‍ നിര്‍ദേശം നൽകും. ബോട്ടുകളുടെ അവശിഷ്ടങ്ങള്‍ക്കായും തിരച്ചില്‍ നടത്തുമെന്നും സർക്കാർ‌ അറിയിച്ചു.

ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘമെത്തി

ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാൻ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തി. കേന്ദ്ര ആഭ്യന്തരവകുപ്പിലെ ദുരന്തനിവാരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീ·ഷനല്‍ സെക്രട്ടറി ബിപിന്‍ മാലിക്കാണു സംഘത്തെ നയിക്കുന്നത്. മൂന്നു സംഘങ്ങളായാണ് സംസ്ഥാനത്തെ തീരപ്രദശങ്ങൾ സന്ദർശിക്കുക. മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്രസഹായം നിശ്ചയിക്കുന്നത് സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകുമെന്ന് ബിപിന്‍ മാലിക്ക് പറഞ്ഞു.

related stories