Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ മരണത്തിൽ ദിനകരന് നോട്ടിസ്; ശശികലയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

TTV Dinakaran, Sasikala

ചെന്നൈ∙ തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മിഷൻ ടി.ടി.വി.ദിനകരൻ ഉൾപ്പെടെ അഞ്ചുപേർക്ക് നോട്ടിസ് അയച്ചു. ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മിഷനാണ് ജയയുടെ മരണത്തിലെ ദുരൂഹതയെപ്പറ്റിയുള്ള വിവരങ്ങൾ തേടി നോട്ടിസ് അയച്ചത്.

ദിനകരനെ കൂടാതെ, ജയിലിലായ വി.കെ.ശശികലയുടെ ബന്ധു കൃഷ്ണപ്രിയ, രണ്ട് സർക്കാർ ഡോക്ടർമാർ, ജയയുടെ സഹായി എസ്.പൂങ്ങുന്ദ്രൻ എന്നിവർക്കാണ് നോട്ടിസ് അയച്ചത്. കഴിഞ്ഞ ദിവസം ശശികല, ജയ ചികിൽസയിൽ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രിയുടെ ചെയർമാൻ പ്രതാപ് സി.റെഡ്ഢി എന്നിവർക്ക് നോട്ടിസ് അയച്ചിരുന്നു. ജയയുടെ അസുഖവും ചികിൽസാവിവരങ്ങളുമാണ് ഇവരിൽനിന്ന് തേടുന്നത്.

ജയയുടെ ബന്ധു ദീപ ഉൾപ്പെടെയുള്ളവർ കമ്മിഷനു മുൻപാകെ മൊഴി കൊടുക്കാൻ എത്തിയിരുന്നു. 75 ദിവസത്തെ ചികിൽസക്കുശേഷം ഡിസംബർ അഞ്ചിനാണ് ജയ മരിച്ചത്. ജയലളിതയുടെ മരണത്തെപ്പറ്റി നിരവധിപേർ സംശയങ്ങൾ പ്രകടിപ്പിച്ചതോടെ സെപ്റ്റംബർ 25ന് സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിച്ചു.

ശശികലയുടെ സ്ഥാപനങ്ങളില്‍ പരിശോധന

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാർഥി ടി.ടി.വി.ദിനകരന്‍ വിജയിച്ചതിന് പിന്നാലെ, മന്നാർഗുഡി മാഫിയയുടെ സ്ഥാപനങ്ങളിൽ റെയ്ഡുമായി സർക്കാർ. ശശികലയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആറ് വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ മാസവും ശശികലയുമായി ബന്ധപ്പെട്ട നൂറോളം കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. കണക്കിൽപ്പെടാത്ത 1430 കോടിയോളം  രൂപയുടെ സ്വത്ത് അന്ന് കണ്ടെടുത്തിരുന്നു.