Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണഘടന മാറ്റിയെഴുതുമെന്ന മന്ത്രിയുടെ പ്രസ്താവന: പാർലമെന്റിൽ പ്രതിപക്ഷ ബഹളം

Parliament

ന്യൂഡൽഹി ∙ ഭരണഘടന മാറ്റിയെഴുതുമെന്ന കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഡ്ഗെയുടെ വിവാദ പ്രസ്താവനക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ തിളച്ചുമറിഞ്ഞ് പാര്‍ലമെന്‍റ്. പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഇരുസഭകളും തടസപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവിന്‍റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യാഴാഴ്ച പ്രസ്താവന നടത്തും.

പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടത്തിയ വിവാദ പരാമര്‍ശം പ്രതിപക്ഷം ആയുധമാക്കി. ഭരണഘടന മാറ്റിയെഴുതുമെന്ന് പറഞ്ഞ അനന്ത് കുമാര്‍ ഹെഗ്ഡെ മന്ത്രിയായും പാര്‍ലമെന്‍റ് അംഗമായും തുടരുന്നത് എങ്ങനെയെന്ന് ഗുലാംനബി ആസാദ് ചോദിച്ചു.

ഹെഗ്ഡെയുടെ പ്രസ്താവനയോട് കേന്ദ്രസര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. ലോക്സഭയിലും അനന്ത് കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശം ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ കൂട്ടായി ആക്രമിച്ചു.

ഇതിനിടെ കുല്‍ഭൂഷണ്‍ ജാദവിന്‍റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ച സംഭവത്തെ അപലപിക്കണമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സുഷമ സ്വരാജ് വ്യാഴാഴ്ച രാവിലെ 11 ന് രാജ്യസഭയിലും ഉച്ചയ്ക്ക് 12 ന് ലോക്സഭയിലും ഈ വിഷയത്തില്‍ സംസാരിക്കും.