Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയൻ ‘മിസൈൽ മനുഷ്യർ’ക്ക് യുഎസ് വിലക്ക്; മധ്യസ്ഥരാവാമെന്ന് റഷ്യ

Kim-Jong-Un

മോസ്കോ∙ ഉത്തരകൊറിയയ്ക്കെതിരെ യുഎന്നും യുഎസും പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മധ്യസ്ഥതയ്ക്ക് ഒരുങ്ങി റഷ്യ. ഉത്തരകൊറിയയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കഴിഞ്ഞദിവസം യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് റഷ്യ മധ്യസ്ഥശ്രമത്തിന് സന്നദ്ധത അറിയിച്ചത്. ഉത്തര കൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് റഷ്യ.

ഉത്തര കൊറിയയുടെ ആണവ, മിസൈൽ പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരെന്നു കരുതുന്ന കിം ജോങ് സിക്, റി പ്യോങ് ചോൾ എന്നീ ഉദ്യോഗസ്ഥർക്കാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം കൊണ്ടുവന്നത്. ദ്രാവക ഇന്ധനത്തിൽനിന്നു ഖര ഇന്ധനത്തിലേക്ക് മിസൈൽ പദ്ധതികളെ പുതുക്കിയത് കിം ആണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പദ്ധതികളുടെ ബുദ്ധികേന്ദ്രമായാണ് റിയെ കണക്കാക്കുന്നത്. ഇരുവർക്കും യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. യുഎസ് പൗരന്മാരുമായുള്ള ഇവരുടെ എല്ലാവിധ ഇടപാടുകളും മരവിപ്പിച്ചു.

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി അടുത്തബന്ധമുള്ള മൂന്നുപേരിൽ പെട്ടവരാണ് ഇവർ. പുതിയ ഉപരോധങ്ങൾ യുദ്ധനടപടിയെന്നു വിശേഷിപ്പിച്ച ഉത്തര കൊറിയ, ഉപരോധത്തെ വകവയ്ക്കുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയുടെ ഇടപെടൽ. റിയുടെ വിദ്യാഭ്യാസം റഷ്യയിലായിരുന്നു. ഭരണത്തിന്റെ ഭാഗമായ ശേഷം രണ്ടു തവണ റഷ്യ സന്ദർശിച്ചിട്ടുമുണ്ട്.

യുഎസും ഉത്തര കൊറിയയും തമ്മിലുള്ള പ്രശ്നത്തിൽ മധ്യസ്ഥരാകാൻ ഒരുക്കമാണെന്ന് ക്രംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിന്റെ പ്രതികരണം ഇതായിരുന്നു. ‘ഉത്തര കൊറിയയുമായി ബന്ധപ്പെടാൻ യുഎസിന് നിരവധി നയതന്ത്ര മാർഗങ്ങളുണ്ട്. ഇപ്പോഴുള്ളതിനേക്കാൾ വ്യത്യസ്തമായ വഴിയുണ്ടെന്ന് ഉത്തര കൊറിയ മനസ്സിലാക്കണം. തീരുമാനം തിരുത്തുന്നതും ചർച്ചകൾക്ക് സന്നദ്ധമാകുന്നതും അവരുടെ ഇഷ്ടമാണ്’.

കഴിഞ്ഞദിവസം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‍റോവും സമാനമായ നിർദേശം മുന്നോട്ടുവച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായി ഫോണിൽ സംസാരിക്കുമ്പോഴാണ്, ഉത്തര കൊറിയയുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കേണ്ടത് മേഖലയുടെ സമാധാനത്തിന് ആവശ്യമാണെന്ന് അറിയിച്ചത്. അതേസമയം, കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന യുഎൻ പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണു പാസ്സായത്.

ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പ്രമേയം നിർദേശിക്കുന്നു. ഉത്തര കൊറിയയിലേക്കുളള സാധനങ്ങളുടെ സുഗമമായ കൈമാറ്റത്തെയും എതിര്‍ക്കുന്നു. യുഎന്നില്‍ എതിരില്ലാതെ പ്രമേയം പാസായത് ലോകത്തിന് സമാധാനം വേണമെന്നതിന്റെ തെളിവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പുതിയ നീക്കം രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതും മേഖലയിലെ സമാധാനം തകർക്കുന്നതുമാണെന്നും നീക്കത്തെ പിന്തുണച്ചവരെല്ലാം അനുഭവിക്കുമെന്നും ഉത്തര കൊറിയ പ്രതികരിച്ചു.

related stories