Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ കയ്യേറ്റത്തിനെതിരെ ശ്രീറാം വെങ്കിട്ടരാമന്റേത് ധീരമായ ഇടപെടൽ: വിഎസ്

VS Achuthanandan, Sreeram Venkitaraman

തിരുവനന്തപുരം∙ മൂന്നാറിൽ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ ധീരമായ ഇടപെടലുകളാണ് ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ നടത്തിയതെന്നു ഭരണ പരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാനുള്ള കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ശ്രമം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ‌ില്ല. ഒഴിപ്പിക്കൽ നടപടികള്‍ തുടരണമെന്നും വിഎസ് പറഞ്ഞു. 

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമന് പ്രസ്ക്ലബില്‍ ഉമ്മാശ്ശേരി മാധവൻ പുരസ്കാരം സമര്‍പ്പിക്കവേയാണ് വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയത്. 2006ലെ എല്‍ഡിഫ് ഭരണകാലത്ത് കയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായില്ല. എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും മറികടന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമൻ സ്വീകരിച്ച നടപടികള്‍ ചെറിയ കാര്യമല്ല. ചുരുങ്ങിയ കാലംകൊണ്ട് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ശ്രീറാം ശ്രമിച്ചെന്നും വിഎസ് പറഞ്ഞു.

ഇത്രയും അഭിമാനവും സന്തോഷവും നിറഞ്ഞ സംഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. വിഎസിനെ നേരിൽക്കാണുക എന്ന ആഗ്രഹത്തിനൊപ്പം പുരസ്കാം നേടാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേവികുളം സബ് കലക്ടർ ആയിരിക്കെ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികൾ സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കത്തിന് മൂർച്ച കൂടിയതും മൂന്നാർ ഒഴിപ്പിക്കലിനെ തുടർന്നാണ്. ശ്രീറാമിനെ എംപ്ലോയ്മെന്‍റ് ആന്‍റ് ട്രെയിനിങ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകി സ്ഥലംമാറ്റിയാണ് സർക്കാർ പ്രശ്നപരിഹാരം കണ്ടത്.

related stories