Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെയിൽ നടപടി തുടരുന്നു; 44 ദിനകരൻ പക്ഷക്കാരെ പുറത്താക്കി

AIADMK

ചെന്നൈ ∙ വിമത നേതാവ് ടി.ടി.വി.ദിനകരനെ പിന്തുണച്ചതിന് പാര്‍ട്ടി സ്ഥാനങ്ങളിൽനിന്ന് 44 പേരെ അണ്ണാ ഡിഎംകെ പുറത്താക്കി. ഇവരെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുന്നതായി എടപ്പാടി കെ.പളനിസാമിയും ഒ.പനീർസെൽവവുമാണ് അറിയിച്ചത്. ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്ന മുൻ എംഎൽഎ ആർ. സാമിയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. മധുര, വില്ലുപുരം, ധർമപുരി, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂർ എന്നീ മേഖലകളിലെ പ്രാഥമിക അംഗങ്ങൾ മുതൽ പാര്‍ട്ടി ജനറൽ കൗൺസിൽ അംഗങ്ങൾ വരെയുള്ളവരെയാണ് പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഇവരെ പുറത്താക്കിയതെന്ന് അണ്ണാ ഡിഎംകെ നേതൃത്വം അറിയിച്ചു. ഇത്തരക്കാരുമായി യാതൊരു ബന്ധവും പാർട്ടി പ്രവർത്തകർ പാലിക്കരുതെന്നും നിർദേശമുണ്ട്. പുതുക്കോട്ടൈ, വെല്ലൂർ ജില്ലകളിലെ ജില്ലാ സെക്രട്ടറിമാരും പുറത്താക്കിയവരിൽ ഉള്‍പ്പെടുന്നു.

ഡിസംബർ 21ന് നടന്ന ആർ.കെ. നഗർ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനനെതിരെ 40,000 വോട്ടുകള്‍ക്കാണ് സ്വതന്ത്ര്യ സ്ഥാനാർഥിയായ ടി.ടി.വി.ദിനകരൻ വിജയിച്ചത്. ഇതേത്തുടർന്ന് ദിനകരനുമായി ബന്ധമുള്ള നേതാക്കൾക്കെതിരെ അണ്ണാ ഡിഎംകെ നടപടികൾ സ്വീകരിച്ചുവരികയാണ്.