Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി കള്ളങ്ങളെ ആശ്രയിക്കുന്നു: രാഹുൽ ഗാന്ധി

rahul-gandhi 133–ാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനത്ത് എത്തിയപ്പോൾ.

ന്യഡൽഹി∙ കള്ളങ്ങളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയെന്നതാണ് ബിജെപിയുടെ അടിസ്ഥാന ആശയമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ചതിവലയില്‍ കുടുങ്ങി കിടക്കുകയാണ്. ഇതിനു നമ്മൾ അനുഭവിക്കേണ്ടിവന്നേക്കാം, പരാജയപ്പെട്ടേക്കാം. എന്നാൽ സത്യത്തെ വിട്ടുകൊടുക്കരുത്. സത്യത്തിനു വേണ്ടി എന്നും നിലകൊള്ളണം. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു പാര്‍ട്ടിയുടെ 133-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രവര്‍ത്തകസമിതി അംഗങ്ങളും എഐസിസി ജനറല്‍ സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ അക്ബർ റോഡിലെ പാർട്ടി കേന്ദ്ര ആസ്ഥാനത്ത് രാഹുൽ പതാക ഉയർത്തി.

ബിജെപിയുടെ കടന്നാക്രമണത്തില്‍നിന്നു ഭരണഘടനയെ രക്ഷിക്കണം. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിനം രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ചതാണ്. കോൺഗ്രസ് പാർട്ടിയാണ് ഭരണഘടന രാജ്യത്തിനു സമർപ്പിച്ചത്. ബി.ആർ.അംബേദ്കറാണ് അതുണ്ടാക്കിയത്. ആ ഭരണഘടനയുടെ നേർക്കാണ് ഇപ്പോൾ ആക്രമണം. ബിജെപിയുടെ മുതിർന്ന നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ ഈ ആക്രമണത്തെ പിന്തുണയ്ക്കുന്നതാണ്. ഭരണഘടനയെയും ഓരോ പൗരന്റെയും അവകാശങ്ങളും കാഴ്ചപ്പാടുകളും പ്രതിരോധിക്കുക എന്നതു കോൺഗ്രസിന്റെയും ഓരോ പൗരന്മാരുടെയും കടമയാണ്. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ പരാമർശത്തോട് രാഹുലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. എന്നാൽ ഹെഡ്ഗെയുടെ പേരെടുത്തു പറയാതെയായിരുന്നു രാഹുലിന്റെ വിമർശനം.

പാർട്ടിയുടെ ചരിത്രത്തെയും രാഹുൽ ഓർത്തെടുത്തു. ഒരു ശതാബ്ദകാലത്തിലധികം രാജ്യത്തിന്റെ താൽപ്പര്യത്തിന് അനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിച്ചത്. ‘സത്യം’ എന്നതാണ് പാർട്ടിയുടെ കേന്ദ്രീകൃത ആശയം. സത്യവുമായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. സത്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത് – രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കൾക്കു പാക്ക് ബന്ധമുണ്ടെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിനു വിശദീകരണം നൽകിയ അരുൺ ജയ്റ്റ്‍ലിയെ പരിഹസിച്ചും രാഹുൽ രംഗത്തെത്തി. ഉദ്ദേശിക്കുന്നതു പറയാത്തതും ഉദ്ദേശിക്കാത്തതു പറയുകയും ചെയ്യുന്നയാളാണു നമ്മുടെ പ്രധാനമന്ത്രിയെന്ന് ഇന്ത്യയെ ഓർ‌മിപ്പിച്ചതിനു നന്ദിയുണ്ടെന്നാണു രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വിവാദത്തെത്തുടർന്നു പാർലമെന്റിന്റെ ഇരു സഭകളും നിരന്തരം പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ ബുധനാഴ്ച രാജ്യസഭയിലായിരുന്നു അരുൺ ജയ്റ്റ്ലി മറുപടി നൽകിയത്.

related stories