Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവിഷ്കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും വലുത്: മമ്മൂട്ടി

Parvathy, Mammootty

കൊച്ചി∙ ‘കസബ’യിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിഷയത്തിൽ‌ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. 

അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്: ‘പാർവതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചി‍ഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാൻ പാർവതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാൽ പല കാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടില്ല.

വിവാദത്തിന്‍റെ പുറകെ ഞാൻ പോകാറില്ല. നമുക്കു വേണ്ടത് അർഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാൻ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം’.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴാണ് പാർവതിയുടെ പരാമർശമുണ്ടായത്. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിമർ‌ശനം താരത്തിന് എതിരാണെന്ന തരത്തിൽ ആരാധകർ വ്യാഖ്യാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പാർവതിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തു. ആക്ഷേപങ്ങൾ പരിധി വിട്ടതോടെ പാർവതി സ്ക്രീൻഷോട്ടുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

related stories