Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്ദേശിച്ചത് പറയാത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടേത്: ജയ്റ്റ്ലിക്ക് രാഹുലിന്റെ മറുപടി

Rahul Gandhi

ന്യൂഡല്‍ഹി∙ കോൺഗ്രസ് നേതാക്കൾക്കു പാക്ക് ബന്ധമുണ്ടെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിനു വിശദീകരണം നൽകിയ അരുൺ ജയ്റ്റ്‍ലിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉദ്ദേശിക്കുന്നതു പറയാത്തതും ഉദ്ദേശിക്കാത്തതു പറയുകയും ചെയ്യുന്നയാളാണു നമ്മുടെ പ്രധാനമന്ത്രിയെന്ന് ഇന്ത്യയെ ഓർ‌മിപ്പിച്ചതിനു നന്ദിയുണ്ടെന്നാണു രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വിവാദത്തെത്തുടർന്നു പാർലമെന്റിന്റെ ഇരു സഭകളും നിരന്തരം പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ ബുധനാഴ്ച രാജ്യസഭയിലായിരുന്നു അരുൺ ജയ്റ്റ്ലി മറുപടി നൽകിയത്.

മൻമോഹൻ സിങ്ങിന്റെയും ഹാമിദ് അൻസാരിയുടെയും ദേശസ്നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു ജയ്റ്റ്ലിയുടെ മറുപടി. അത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം തെറ്റാണ്. രണ്ടു നേതാക്കളുടെയും രാജ്യത്തോടുള്ള നിലപാട് ഏറെ ഉയർന്നതാണെന്നും ജയ്റ്റ്ലി അറിയിച്ചു.

പത്തു ദിവസത്തോളമാണു മുൻ പ്രധാനമന്ത്രിയുടെയും മുൻ ഉപരാഷ്ട്രപതിയുടെയും രാജ്യസ്നേഹം ചോദ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ എംപിമാർ സഭയിൽ ബഹളം വച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിലാണു മൻമോഹൻ സിങ്ങിനു പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു പ്രധാനമന്ത്രി ആരോപിച്ചത്. കോൺഗ്രസ് നേതാക്കൾ പാക്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും മോദി ഗുജറാത്തിൽ പറഞ്ഞിരുന്നു. അരുൺ ജയ്റ്റ്‍ലിയുടെ വിശദീകരണത്തിനു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ നന്ദിയറിയിച്ചിരുന്നു.

related stories