Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ അഗ്നിബാധയ്ക്കു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ഹേമമാലിനി

Hema Malini

മുംബൈ∙ സേനാപതി മാർഗിൽ കമലാ മിൽസ് കെട്ടിടത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്നാണ് ഹേമമാലിനിയുടെ കണ്ടെത്തൽ. 12 സ്ത്രീകളടക്കം 14 പേരാണ് അപകടത്തിൽ വെന്തുമരിച്ചത്. 

‘പൊലീസ് നിഷ്ക്രിയമാണെന്ന ആരോപണം തെറ്റാണ്. പൊലീസ് അവരുടെ ജോലി മികവോടെ ചെയ്തു. മുംബൈയിലെ ജനപ്പെരുപ്പമാണ് പ്രശ്നമുണ്ടാക്കിയത്. മുംബൈ അവസാനിക്കുമ്പോള്‍ അടുത്ത നഗരം ആരംഭിക്കുകയാണ്. നഗരം നിയന്ത്രണാതീതമായി വികസിക്കുന്നു. ഓരോ നഗരത്തിലെയും ജനസംഖ്യ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ആ പരിധിക്കു മുകളിൽ ജനസംഖ്യയാകാൻ അനുവദിക്കരുത്. പിന്നീട് വരുന്നവരെ അടുത്ത നഗരത്തിലേക്ക് പറഞ്ഞുവിടണം’– ഹേമ മാലിനി പറഞ്ഞു. ഹേമ മാലിനിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ അര്‍ധരാത്രിക്കുശേഷമാണ് തീ പടര്‍ന്നത്. ഒട്ടേറെപ്പേര്‍ക്ക് പൊള്ളലേറ്റു. കമല ട്രേഡ് ഹൗസ് കെട്ടിടത്തിലെ വണ്‍‌ എബവ് റസ്റ്ററന്റിലാണ് തീ പിടിച്ചത്. വേഗം സമീപത്തെ കെട്ടിടങ്ങളിലേക്കു പടര്‍ന്നു. എട്ട് ഫയര്‍ എന്‍ജിനുകള്‍ രണ്ടുമണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റസ്റ്ററന്റിൽ മുളയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിര്‍മിച്ച ഇന്റീരിയര്‍ ഭാഗങ്ങളാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ഈ കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ടൗസ് നൗ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോകളിലേക്കും തീ പടര്‍ന്നു. സൂം ചാനലിന്റെ സ്റ്റുഡിയോ കത്തിനശിച്ചു.

related stories